ഹസീനയുടെ രാജി; ഇടക്കാല സർക്കാരിന്റെ തലപ്പത്തേക്ക് നോബൽ ജേതാവ് യൂനുസിനെ കൊണ്ടുവരണമെന്ന് വിദ്യാർത്ഥി നേതാക്കൾ
Worldnews
ഹസീനയുടെ രാജി; ഇടക്കാല സർക്കാരിന്റെ തലപ്പത്തേക്ക് നോബൽ ജേതാവ് യൂനുസിനെ കൊണ്ടുവരണമെന്ന് വിദ്യാർത്ഥി നേതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 8:33 am

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ നോബൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥി നേതാക്കൾ. ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് കോഡിനേറ്റർമാരാണ് ആവശ്യം ഉന്നയിച്ചത്.

പ്രമുഖ വിദ്യാർത്ഥി നേതാക്കളായ നഹിദ് ഇസ്‌ലാം , ആസിഫ് മഹ്മൂദ്, അബൂബക്കർ മജുംദാർ എന്നിവർ ചൊവ്വാഴ്‌ച പുലർച്ചെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

‘ഡോ. മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി ഇടക്കാല സർക്കാർ രൂപീകരിക്കണം. ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങളുടെ പേരുകൾക്കായുള്ള നിർദേശങ്ങൾ ഉടൻ തന്നെ പുറത്ത് വിടുന്നതാണ്’ ബംഗ്ലാദേശ് വിദ്യാർത്ഥി പ്രതിഷേധ കോർഡിനേറ്റർമാർ ട്വിറ്ററിൽ കുറിച്ചു.

അതോടൊപ്പം മറ്റൊരു നേതാവിനെയും അംഗീകരിക്കില്ലെന്നും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. ‘മറ്റൊരു സർക്കാരിനെയും അംഗീകരിക്കില്ല, നിർദ്ദിഷ്ട ഇടക്കാല സർക്കാർ നേതൃത്വം ഏറ്റെടുക്കുന്നത് വരെ തെരുവിൽ തുടരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്’ അവർ കൂട്ടിച്ചേർത്തു.

 

ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ ഇടക്കാല സർക്കാരിനുള്ള രൂപരേഖ നിർമിക്കുമെന്ന് വിദ്യാർത്ഥി നേതാവ് നഹീദ് പറഞ്ഞിരുന്നു.

 

ബംഗ്ലാദേശിൽ നിലവിൽ നടക്കുന്ന പ്രക്ഷോഭം ശാന്തമാക്കാൻ ഇടക്കാല സർക്കാർ രൂപീകരിക്കാൻ സൈനിക മേധാവിയും പ്രസിഡന്റും ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പാർലമെന്റ് പിരിച്ച് വിട്ട് ഉടൻ തന്നെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ തുടർന്ന് രാജ്യത്തെ ക്രമസമാധാനനില തകരുന്നത് സംബന്ധിച്ച് കര, നാവിക, വ്യോമസേനാ മേധാവികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ പ്രത്യേക യോഗം ചേർന്നു. രാഷ്ട്രപതിയുടെ കൊട്ടാരമായ ബംഗഭവനിൽ ആണ് യോഗം ചേർന്നത്.

 

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.

രാജിക്ക് പിന്നാലെ അവര്‍ ഇന്ത്യയില്‍ അഭയം തേടി. ദല്‍ഹിയിലാണ് നിലവില്‍ ഷെയ്ഖ് ഹസീനയുള്ളത്. ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ദല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിലെ പ്രക്ഷോഭം വഷളായിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾ
ഉണ്ടാക്കുന്നത് തടയുന്നതിനും നിയമപാലനം ഉറപ്പാക്കുന്നതിനും സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സമൂഹത്തിൽ താഴെക്കിടയിലുള്ള ജന വിഭാഗങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ വികസനം സൃഷ്ടിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഡോ. യൂനുസിന് നോബൽ സമ്മാനം ലഭിച്ചത്. 2006ൽ സമാധാനത്തിനുള്ള നോബൽ സമ്മാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

 

 

Content Highlight: Nobel winner Yunus may head new govt; Army chief to meet protesters