കൊല്‍ക്കത്ത: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിന്റെ ഭാഗമായി സമ്പത്തിക ശാസ്ത്രത്തില്‍ നോബേല്‍ പുരസ്‌കാരം നേടിയ സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉപദേശക സമിതിയെ നിയമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിന് വേണ്ടി ഒരു ഗ്ലോബല്‍ അഡ്‌വേഴ്‌സറി ബോര്‍ഡിന് നേതൃത്വം നല്‍കുമെന്ന് അഭിജിത് ബാനര്‍ജി പ്രതികരിച്ചു. പ്രശസ്തനായ ഡോക്ടര്‍ അഭിജിത് ചൗധരിയും സമിതിയിലുണ്ട്.
സമിതി ഉടനെത്തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡോ അഭിജിത് ചൗധരി ഉടനെത്തുമെന്നും മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷമാദ്യം ബംഗാള്‍ സന്ദര്‍ശിച്ചപ്പാള്‍ത്തന്നെ ബംഗാളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അഭിജിത് ബാനര്‍ജി മമതയെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ മമത അഭിജിത് ബാനര്‍ജിയോട് സഹായം അഭ്യര്‍ത്ഥിച്ചത്.