| Wednesday, 9th October 2024, 8:13 am

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യാഘാതങ്ങളുണ്ട്; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌റ്റോക്ക്‌ഹോം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവായ ജോഫ്രി. ഇ. ഹിന്റണ്‍.

ഈ വര്‍ഷത്തെ മെഷീന്‍ ലേണിങ്ങിലെ മുന്നേറ്റങ്ങള്‍ക്ക് നല്‍കുന്ന ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കകാരനായ ജോണ്‍. ജെ. ഹോപ്ഫീല്‍ഡിനൊപ്പം പങ്കിട്ട കനേഡിയന്‍ ഗവേഷകനാണ് ജോഫ്രി. ഇ. ഹിന്റന്‍.

അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യാഘാതങ്ങളുണ്ടെന്നും അപകടകരവുമാണെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ആശങ്കകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐയുടെ അമിത ഉപയോഗം പലപ്പോഴും ആശങ്കകള്‍ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐയുടെ ഉപയോഗം നിത്യ ജീവിതത്തില്‍ ജനങ്ങള്‍ പ്രായോഗികമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് നൊബേല്‍ ജേതാവ് എ.ഐയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ച കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ഗവേഷണത്തിനാണ് ജോണ്‍. ജെ. ഹോപ്ഫീല്‍ഡിനും ജോഫ്രി. ഇ. ഹിന്റനും നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത്.

നിര്‍മിത ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്‌ക്കാരം.

ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍കളുടെയും ഓണ്‍ലൈന്‍ ചാറ്റ്‌ബോട്ടുകളുടെയും പ്രവര്‍ത്തനത്തിന് നിലവില്‍ അനിവാര്യമായ കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളാണ് ഇരുവരും വികസിപ്പിച്ചെടുത്തത്.

1980 കളുടെ തുടക്കത്തില്‍ ഹോപ്ഫീല്‍ഡ് വികസിപ്പിച്ചെടുത്ത ഹോപ്ഫീല്‍ഡ് നെറ്റ്‌വര്‍ക്ക് എന്ന സാങ്കേതിക വിദ്യയ്ക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജോഫ്രി നിര്‍മിച്ച ബോള്‍ട്ട്‌സ്മാന്‍ മെഷീനിനുമാണ് പ്രൈസ് ലഭിച്ചത്.

Content Highlight: nobel prize holder says about the negatives of AI

We use cookies to give you the best possible experience. Learn more