| Friday, 3rd March 2023, 9:49 pm

നൊബേല്‍ പുരസ്‌കാര ജേതാവിന്റെ അറസ്റ്റ്; നാണം കെട്ട നടപടിയെന്ന് ബെലാറസ് പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിന്‍സ്‌ക്: നൊബേല്‍ പുരസ്‌കാര ജേതാവ് എയില്‍സ് ബിയാലിയറ്റ്‌സ്‌കിയെ തടവിലാക്കിയ ബെലാറൂസ് കോടതി വിധിക്കെതിരെ പ്രതിഷേധം കനക്കുന്നു. കോടതി വിധിയെ അപലപിച്ച നൊബേല്‍ കമ്മിറ്റി അദ്ദേഹത്തിനെ എത്രയും വേഗം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നാണം കെട്ട വിധിയെന്ന് പ്രതിപക്ഷ നേതാവ് വിയറ്റ്‌ലാന സിഖനൂസ്‌കിയയും അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന്റെ പേരിലാണ് ‘വിയസ്‌ന’ സംഘടനയുടെ നേതാവ് കൂടിയായ ബിയാലിയറ്റ്‌സ്‌കിയെയും കൂട്ടാളികളെയും 2021ലാണ് ബെലാറസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷമായി വിചാരണ തടവുകാരായി കഴിയുകയായിരുന്നു.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. 35000ലധികം പ്രതിഷേധിക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ബെലാറസ് പ്രതിപക്ഷ നേതാവ് വിയറ്റ്‌ലാന സിഖനൂസ്‌കിയ വിധിയെ ഭീകരമെന്നാണ് വിശേഷിപ്പിച്ചത്. എത്രയും പെട്ടെന്ന് ബിയാലിയറ്റ്‌സ്‌കിയെ മോചിപ്പിക്കണമെന്നും കോടതിയുടെ നാണം കെട്ട നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

യുദ്ധ ഭൂമിയിലടക്കം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബിയാലിയറ്റ്‌സ്‌കിക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ഉക്രൈന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനും റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനുമൊപ്പമാണ് എയില്‍സിനെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 2022ലാണ് പുരസ്‌കാരം ലഭിച്ചത്.

ഇദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട കൂട്ടാളികള്‍ക്കും എട്ട്, ഒന്‍പത് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Nobel peace prize winner Ales Bialiatski got sentenced 10 year prison

Latest Stories

We use cookies to give you the best possible experience. Learn more