കേരളം സാമൂഹിക വികസനത്തില്‍ ഇന്ത്യയിലെ ഏറ്റവും വിജയിച്ച സംസ്ഥാനമാണെന്ന് നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്ലോ. വികസിത രാജ്യങ്ങളിലെ ആരോഗ്യപ്രശ്നങ്ങളായ രക്തസമ്മര്‍ദ്ദം,പ്രമേഹം,പൊണ്ണത്തടി എന്നിവ വ്യാപകമാവുന്നത് കേരളവും നേരിടാന്‍ തുടങ്ങിയിരിക്കുന്നെന്നും എസ്തര്‍ പറയുന്നു.
ഇവിടത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2017ല്‍ ജനുവരി 23ന് പ്രസിദ്ധീകരിച്ച ഇക്കണോമിസ്റ്റ് ആസ് പ്ലംബര്‍ എന്ന തന്റെ പ്രബന്ധത്തിലാണ് എസ്തര്‍ ഡഫ്ലോ
കേരളത്തില്‍ ആരോഗ്യമേഖലയുടെ നവീകരണത്തെപ്പറ്റി നടന്ന ചര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചത്.
അഭിജിത് ബാനര്‍ജിയും എസ്തര്‍ ഡഫ്ലോയും 2016ല്‍ കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു. എന്നാല്‍ അവരുടെ പഠനപദ്ധതി കേരളത്തില്‍ നടന്നില്ല. ഡോക്ടര്‍മാരുടെ സമരം തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് മേധാവിയെ വിളിപ്പിച്ചതിനാല്‍ തിരുവനന്തപുരത്ത് ഇവര്‍ പങ്കെടുത്ത നിര്‍ണായകമായ ചര്‍ച്ച വഴിതെറ്റി.
കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം പദ്ധതിയിലാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുമ്പോഴുണ്ടാകുന്ന മാറ്റം വിലയിരുത്താനുള്ള പഠനം അവര്‍ നടത്തണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാലത് മുന്നോട്ടുപോയില്ല.
ഇപ്പോള്‍ ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവായിരിക്കുമ്പോഴായിരുന്നു എസ്തറും അഭിജിത് ബാനര്‍ജിയും കേരളത്തിലെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. അഭിജിത് ബാനര്‍ജിയുടെ ഭാര്യയുമാണ് എസ്തര്‍ ഡഫ്ലോ.
നോട്ടു നിരോധനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വ്യക്തിയാണ് അഭിജിത് ബാനര്‍ജി. തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് ബാനര്‍ജി പറഞ്ഞിരുന്നു. ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ടു നിരോധനമാണെന്ന് പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും ബാനര്‍ജി പറയുകയുണ്ടായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ