| Thursday, 16th March 2023, 1:10 pm

മോദിക്ക് സമാധാനത്തിനുള്ള നൊബേലോ? പുരസ്‌കാര സമിതി അംഗം സൂചന നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ടെന്ന് സൂചന നല്‍കി നൊബേല്‍ കമ്മിറ്റി അംഗം അസ്‌ലെ തോജ്. നോര്‍വീജിയന്‍ നൊബേല്‍ ഡെപ്യൂട്ടി കമ്മിറ്റി അംഗമായ അദ്ദേഹം തന്റെ ഇന്ത്യാ പര്യടനത്തിനിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലോക സമാധാനത്തിനത്തിനായി പരിശ്രമിച്ച വ്യക്തിയാണ് മോദിയെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ നൊബേല്‍ കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്നും അസ്‌ലെ തോജ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ അദ്ദേഹം ആണവയുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ പ്രധാന മന്ത്രി നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കൂട്ടത്തില്‍ വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി ഇന്ത്യയെ മാറ്റുന്നതില്‍ മോദിയുടെ നയങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ലോക സമാധാനത്തിന് നരേന്ദ്ര മോദി നല്‍കിയ സംഭാവനകള്‍ പരിഗണിക്കപ്പെടേണ്ടതാണ്. റഷ്യ-ഉക്രൈന്‍ പ്രതിസന്ധിക്കാലത്ത് ഇന്ത്യയെടുത്ത നിലപാട് പ്രശംസനീയമാണ്.  ആണവയുദ്ധത്തിലേക്ക് കടക്കുമായിരുന്ന റഷ്യയെ പിന്തിരിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകളും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

ഇന്ത്യയെപ്പോലൊരു രാജ്യത്തില്‍ നിന്നും ഉണ്ടാവുന്ന ഇടപെടലുകള്‍ വലിയ പ്രധാന്യം അര്‍ഹിക്കുന്നതാണ്.  മോദി കുറച്ച് കാലമായി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വികസ്വര രാജ്യമായിരുന്ന ഇന്ത്യയെ ലോക ശക്തിയായി മാറ്റുന്നതില്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് വലുതാണ്.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ വാക്കുകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ട്,’ അസ്‌ലെ തോജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ പരിഗണിച്ച് 2018ലെ സിയോള്‍ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു മോദി. ഇതിന് മുമ്പ് സിയോള്‍ പുരസ്‌കാരം ലഭിച്ച മിക്കയാളുകള്‍ക്കും സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചിട്ടുണ്ടെന്നതും ഇത്തവണത്തെ പുരസ്‌കാരം മോദിക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും അസ്‌ലെ തോജിന്റെ പരാമര്‍ശം ടൈംസ് നൗ വളച്ചൊടിച്ചതാണെന്നും പിന്നീട് ഫാക്ട് ചെക്കില്‍ വ്യക്തമായിരുന്നു.

Content Highlight: Nobel committee member says modi would win nobel peace prize

We use cookies to give you the best possible experience. Learn more