ന്യൂദല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത വി.സിയുടെ നിലപാടിനെ ചോദ്ം ചെയ്ത് വിഖ്യാത ഭാഷാ ശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്‌കി. നിയമനടപടികള്‍ ആവശ്യമില്ലെന്നിരിക്കെ എന്തിനാണ് പോലീസിനെ കാമ്പസിനകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് ജെ.എന്‍.യു വിസി ജഗദേഷ് കുമാറിന് അയച്ച കത്തില്‍ ചോദിച്ചു.
ജെ.എന്‍.യുവിലെ സ്ഥിതിഗതികളില്‍ ഞങ്ങളെല്ലാരും ആശങ്കാകുലരാണ്. യാതൊരു തെളിവും കൂടാതെയാണ് യൂണിവേഴ്‌സിറ്റി അധികൃതരും ഭരണകൂടവും വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വഷളാക്കുകയാണെന്നും ചോംസ്‌കി ആരോപിച്ചു.
അച്ചടക്ക ലംഘനം എന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരം പറയുന്നത്. തെറ്റായ രീതിയിലാണ് സര്‍വകലാശാല വിഷയത്തെ കൈകാര്യം ചെയ്തതെന്നും ചോംസ്‌കി കത്തില്‍ വ്യക്തമാക്കി.
ഏകാധിപത്യത്തിന്റെ സംസ്‌കാരമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റേതെന്നും കൊളോണിയലിസത്തിന്റെയും അടിയന്തരാവസ്ഥയുടെയും കറുത്ത കാലത്തെ ഓര്‍മിപ്പിക്കുകയാണ് അധികാരത്തിലിരിക്കുന്നവരെന്നും ചോംസ്‌കി കുറ്റപ്പെടുത്തി.എന്നാല്‍ താന്‍ പോലീസിനെ വിളിച്ചു വരുത്തിയിട്ടില്ലെന്നും നിയമവുമായി സഹകരിക്കുക മാത്രമാണ് ചെയ്തതെന്നും വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ പ്രതികരിച്ചു.
ചോംസ്‌കിക്ക് പുറമെ നൊബേല്‍ ജേതാവും സാഹിത്യകാരനുമായ ഒര്‍ഹാന്‍ പാമുക്, സ്ത്രീ ചിന്തക ജൂഡിത് ബട്‌ലര്‍ എന്നിവരുള്‍പ്പടെ 86 പണ്ഡിതര്‍ ജെ.എന്‍.യുവിലെ അധികൃതരുടെ നടപടിയെ വിമര്‍ശിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.