മഹാമാരിയല്ല പ്രശ്‌നം; കാലാവസ്ഥാ വ്യതിയാനമാണ്; പക്ഷേ പ്രതീക്ഷയുണ്ട്
Discourse
മഹാമാരിയല്ല പ്രശ്‌നം; കാലാവസ്ഥാ വ്യതിയാനമാണ്; പക്ഷേ പ്രതീക്ഷയുണ്ട്
ഹോപ് റീസ്
Tuesday, 6th October 2020, 8:44 pm
അമേരിക്കന്‍ തത്വചിന്തകനായ നോം ചോംസ്‌കിയുമായി എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഹോപ് റീസ് നടത്തിയ അഭിമുഖം. പരിഭാഷ: ഷാദിയ നാസിര്‍

കൊറോണ വൈറസ് മഹാമാരിയല്ല അതിനെക്കാള്‍ ഭീകരമായ കാലാവസ്ഥാ വ്യതിയാനം എന്ന അസ്തിത്വ പ്രതിസന്ധിയെ ലോകം അഭിമുഖീകരിക്കുമ്പോള്‍ കഴിഞ്ഞ അരനൂറ്റാണ്ടിലെ ഒരു പക്ഷേ ഏറ്റവും സ്വാധീനമുള്ള ബുദ്ധിജീവിയായ നോം ചോംസ്‌കി അനുയോജ്യമായ ഒരു പ്രതിവിധിയിലേക്ക് തന്റെ ശ്രദ്ധയൂന്നുകയാണ്.

ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവായാണ് ഒരു പക്ഷേ ചോംസ്‌കി ഏറ്റവുമധികം അറിയപ്പെട്ടത്. പക്ഷേ ഭരണകൂടത്തോട് പതിറ്റാണ്ടുകളാായി സത്യം വിളിച്ചു പറയുന്ന ഒരു യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. വിയറ്റ്‌നാം യുദ്ധം മുതല്‍ ബരാക് ഒബാമയുടെ കീഴില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ വരെ അദ്ദേഹം എതിര്‍ത്തു. അമേരിക്കന്‍ ഇടതുപക്ഷവുമായി പൊതുവെ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തു വെക്കാറുണ്ടെങ്കിലും ലിബെര്‍റ്റേറിയന്‍ സോഷ്യലിസ്റ്റ് പാളയവുമായി ഒട്ടിനില്‍ക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. കൂടാതെ അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും അദ്ദേഹം ആഴത്തില്‍ വിമര്‍ശിക്കാറുണ്ട്.

നോം ചോംസ്‌കി

‘ക്ലൈമറ്റ് ക്രൈസിസ് ആന്റ് ദ ഗ്ലോബല്‍ ഗ്രീന്‍ ന്യൂ ഡീല്‍’ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ സി.ജെ പോളിക്രോനിയോ യുടെ ചോദ്യങ്ങള്‍ക്ക് ചോംസ്‌കിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് പോളിനും ചേര്‍ന്ന് മറുപടി നല്‍കുന്നുണ്ട്. ആഗോള കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചും, കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ അദ്ദേഹം വാചാലനാകുന്നു.

ഈ പുസ്തകത്തില്‍ ഗ്രീന്‍ ന്യൂ ഡീല്‍ നെ സംബന്ധിക്കുന്ന സാമ്പത്തിക വാദങ്ങളെയും ചോംസ്‌കി കൈകാര്യം ചെയ്യുന്നു: റോണള്‍ഡ് റീഗന്‍ മുതലുള്ള നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്നത്തെ കുത്തഴിഞ്ഞ അവസ്ഥയിലേക്ക് നമ്മളെ കൊണ്ടെത്തിച്ചത് എങ്ങനെ, പുതിയ നിര്‍ദ്ദേശം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ശരിക്കും ഗുണകരമാകുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കുന്നു.

പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതെങ്ങനെ? ഗ്രീന്‍ ന്യൂ ഡീലിനെക്കുറിച്ച് പ്രചരിക്കുന്ന ഏറ്റവും വലിയ കെട്ടുകഥകള്‍ എന്തൊക്കെയാണ്? കോണ്‍ഗ്രസിലെ റിപ്പബ്ലിക്കുകള്‍ നാസികളെക്കാള്‍ മോശമാണെന്ന് പറയുന്നത് എന്ത്‌കൊണ്ട്? തുടങ്ങിയ ചോദ്യങ്ങളെ ഞങ്ങളുടെ സംഭാഷണം സ്പര്‍ശിച്ചു.

ഹോപ് റീസ്

ഹോപ് റീസ്: തങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന അടിയന്തിരമായ പാരിസ്ഥിതിക ഭീഷണിയെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ പോകുന്നു എന്ന് താങ്കള്‍ എഴുതിയിരുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുക?

നോം ചോംസ്‌കി: കണ്‍വെന്‍ഷനുകളെക്കുറിച്ചുള്ള പത്ര റിപോര്‍ട്ടുകള്‍ നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് ഒരു വാക്കു പോലും നിങ്ങള്‍ക്ക് കാണാനാകില്ല. ഒരൊറ്റ വാക്കു പോലും… ജനങ്ങള്‍ക്ക് അവരുടെ കണ്‍മുന്നില്‍ നടക്കുന്നതല്ലാത്ത കാര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട്, ഇപ്പോള്‍ ഒരു കൊടുങ്കാറ്റ് കാണുകയാണെങ്കില്‍, അവരതിനെക്കുറിച്ച് ചിന്തിച്ചേക്കാം.
പക്ഷേ ഗ്രീന്‍ലാന്റിലെ മഞ്ഞുപാളികള്‍ ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധം ഉരുകിത്തുടങ്ങിയിട്ടുണ്ടെന്ന വിവരം അറിഞ്ഞാലും അവരതിന് തങ്ങളുടെ മനസ്സില്‍ ഇടം നല്‍കില്ല. ഈ പ്രവണതയെ നാം മറികടന്നിട്ടില്ലെങ്കില്‍ അത് ജീവിവര്‍ഗ്ഗത്തിന്റെ തന്നെ നാശത്തിന് കാരണമായേക്കാം.

ഹോപ് റീസ്: തൊഴിലാളി പ്രസ്ഥാനങ്ങളെ നമ്മള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്ന് താങ്കള്‍ വാദിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാമോ?

നോം ചോംസ്‌കി: നിങ്ങള്‍ ആധുനിക ചരിത്രം പരിശോധിക്കുകയാണെങ്കില്‍ സാമൂഹിക മാറ്റം, സാമൂഹിക പരിഷ്‌ക്കാരം തുടങ്ങിയവക്ക് വേണ്ടി നടപ്പിലാക്കിയ സുപ്രധാന നടപടികളുടെയെല്ലാം മുന്‍നിരയില്‍ ഉണ്ടായിരുന്നത് തൊഴിലാളി പ്രസ്ഥാനങ്ങളാണെന്ന് മനസ്സിലാകും. അമേരിക്കന്‍ തൊഴിലാളി ചരിത്രം അസാധാരണമാംവിധം പരുഷവും ക്രൂരവുമായിരുന്നു.

ഈ തൊഴിലാളി സംഘടനകളെല്ലാം വളരെയധികം ജീവസ്സുറ്റവയായിരുന്നു. പക്ഷേ ഇവയെല്ലാം തന്നെ പലതവണ അടിച്ചമര്‍ത്തപ്പെട്ടു.
അങ്ങനെ 1920 കളില്‍ അത് യാഥാര്‍ത്ഥ്യമായി: ഈ തൊഴിലാളി സംഘടനകളെല്ലാം ഫലത്തില്‍ അപ്രത്യക്ഷമായി. പിന്നീട് 1929 ല്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും തൊഴിലാളി പ്രസ്ഥാനങ്ങളുടെ പുനരുജ്ജീവനം തുടങ്ങാന്‍ പിന്നെയും ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു. ഈ മുന്നേറ്റങ്ങളുടെ ഫലമായി ‘New Deal’ എന്നറിയപ്പെടുന്ന ഒരു പുതിയ വ്യവസ്ഥ നിലവില്‍ വന്നു.അതിപ്പോഴും പിന്തുടരുന്നു.

റീഗനും താച്ചറും അധികാരത്തില്‍ വന്നപ്പോള്‍ ഇക്കാര്യം കൃത്യമായി തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ അവരുടെ ആദ്യ നടപടികള്‍ തൊഴിലാളി പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു. റീഗന്റെ നേതൃത്വത്തില്‍ സമരങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അടിച്ചമര്‍ത്തി. അത് വളരെയധികം ഫലപ്രദവുമായിരുന്നു. പക്ഷേ ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ തികച്ചും ദുര്‍ബലമാണ്.

എന്നാല്‍അവയെ പുന:സംഘടിപ്പിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ അവയായിരിക്കും ഇതുപോലുള്ള കാര്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ ഉണ്ടാവുക. കാരണം ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ഉടനടി ബാധിക്കുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തെയാണ്.

ഉദാഹരണമായി മഹാമാരിക്കു മുമ്പുതന്നെ എണ്ണയുടെയും വാതകത്തിന്റെയും വില കുത്തനെ ഇടിഞ്ഞു തുടങ്ങിയിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ബിസിനസ് മതിയാക്കിയിരുന്നു. എങ്കിലും എണ്ണക്കിണറുകള്‍ അടയ്ക്കപ്പെട്ടില്ല. അത് അങ്ങേയറ്റം അപകടകരമായിരുന്നു. എന്തെന്നാല്‍ അവ മീഥെയ്ന്‍ വാതക ചോര്‍ച്ചക്കും മറ്റും കാരണമായേക്കാം. ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ട്. എണ്ണക്കിണറുകള്‍ മൂടാനായി അവരെ വളരെ പെട്ടന്ന് ക്രിയാത്മകമായി ജോലിക്ക് നിയോഗിക്കാനാകും.

കിണറുകള്‍ മൂടി മീഥെയ്ന്‍ വാതക ചോര്‍ച്ച ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് വലിയ തുക ചെലവുള്ള ഒരു കാര്യമല്ല. പക്ഷേ അധ്വാനിക്കുന്ന ജനങ്ങളുടെ കാര്യത്തില്‍ കുറച്ച് കരുതല്‍ വേണം എന്ന് മാത്രം. ആ കരുതലാണ് ഇല്ലാത്തതും.

ഡെമോക്രാറ്റുകള്‍ അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തൊഴിലാളി വര്‍ഗ്ഗത്തെ കൈയ്യൊഴിഞ്ഞു. റിപ്പബ്ലിക്കുകളാകട്ടെ തൊഴിലാളികളെ തീക്ഷ്ണമായി എതിര്‍ക്കുന്നവരുമാണ്. അവര്‍ മറിച്ചാണ് ഭാവിക്കുന്നതെങ്കിലും അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്കായി നിലകൊള്ളാന്‍ ആരുമില്ലാതെ പോവുന്നു.

വാസ്തവത്തില്‍ ബിസിനസ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും നിങ്ങള്‍ക്കിത് വായിക്കാനാകും, ബ്ലൂംബെര്‍ഗ് ബിസിനസ് വീക്ക് ഇത് നിര്‍ദ്ദേശിക്കുന്നു, മറ്റു ചിലര്‍ അത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇനി ഗ്രീന്‍ ന്യൂ ഡീലിലേക്ക് വരാം. അത് നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതിനു വേണ്ട ശക്തമായ ഒരു ഘടകം അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഇതിന്റെ ഭാഗമാക്കുക എന്നതാണ്.

ഹോപ് റീസ്: എങ്ങനെയാണ് ഗ്രീന്‍ ന്യൂ ഡീലിന്റെ കീഴില്‍ അത് സംഭവിക്കുക?

നോം ചോംസ്‌കി: വീടുകളുടെ നവീകരണം, നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍, പൊതു ഗതാഗതം തുടങ്ങിയ മേഖലകളില്‍ വന്‍ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആവശ്യമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം തന്നെ തൊഴില്‍ ശക്തിയുടെ നല്ലൊരു ഭാഗം ഉപയോഗപ്പെടുത്തുന്നവയും സോളാര്‍ ഹീറ്ററുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നവയും ആണ്.

പക്ഷേ അത് വന്‍തോതില്‍ ഗ്രീന്‍ ന്യൂ ഡീലിന്റെ ഭാഗമാക്കണം തീര്‍ച്ചയായും അതിന് നിയമനിര്‍മ്മാണം ആവശ്യമായി വരും, മുന്‍കൈയെടുത്തു നടപ്പിലാക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണം, കൂടാതെ അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ജനസമ്മതിയുള്ള പ്രസ്ഥാനങ്ങള്‍ വേണം.
ഇക്കാര്യങ്ങളെല്ലാം ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ ഇതിനെ പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമായ തോതില്‍ ഇല്ല.

ഞാന്‍ ഉദ്ദേശിക്കുന്നത്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരിപാടികള്‍ മൊത്തത്തില്‍ ദുരന്തവും വിപത്തും മാത്രം ഇരന്നു വാങ്ങുന്നവയാണ്. എന്നാല്‍ ഡെമോക്രാറ്റുകളുടേത് കുറച്ച്കൂടി ഭേദപ്പെട്ട പ്രോഗ്രാമുകളാണ്. വാസ്തവത്തില്‍ ആശയതലത്തില്‍ മികച്ചത് എന്ന് പറയാം. എന്നുവെച്ചാല്‍ ഡെമോക്രാറ്റുകളുടെ പ്രോഗ്രാമുകള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ട പ്രോഗ്രാമുകളില്‍ ഏറ്റവും മികച്ചവ തന്നെയാണ്. ഇതിനിടയില്‍ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ഇതിനെ വെട്ടിച്ചുരുക്കി.

ഉദാഹരണമായി, ജോ ബൈഡനും കമലാ ഹാരിസും നിലവില്‍ ഫോസില്‍ ഇന്ധന വ്യവസായങ്ങള്‍ക്കുള്ള അതിഭീമമായ സബ്‌സിഡികള്‍ വെട്ടിക്കുറക്കാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ ഇരു സ്ഥാനാര്‍ത്ഥികളുടെയും എതിര്‍പ്പിനെ മറികടന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം ഈ നിര്‍ദ്ദേശം പ്രോഗ്രാമില്‍ നിന്ന് ഒഴിവാക്കി.

ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വലിയ തോതിലുള്ള സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണെന്നതാണ് ഇത് കാണിക്കുന്നത് . ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ക്ലിന്റണ്‍ ധാര അടിസ്ഥാനപരമായി മിതവാദികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മാത്രമാണ്.
അവര്‍ ഒന്നും തന്നെ നടന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ ‘പാര്‍ട്ടിയിലെ തീവ്ര ആശയക്കാരെ’ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനര്‍ത്ഥം ഒരു കാര്യമായ മാറ്റം കൊണ്ടുവരാന്‍ വളരെയധികം പരിശ്രമം ആവശ്യമാണ്.

ഹോപ് റീസ്: മുതലാളിത്തത്തെ പൊളിക്കുക എന്നതായിരിക്കും ഏറ്റവും അനുയോജ്യമായ കാര്യമെന്നും, പക്ഷേ ഇപ്പോള്‍ അത് ചെയ്യുന്നതില്‍ ഒരു പ്രശ്‌നമുണ്ട് എന്നും പ്രസ്തുത പുസ്തകത്തില്‍ താങ്കള്‍ പറയുന്നുണ്ട്. അതെങ്ങനെ?

നോം ചോംസ്‌കി: അത്തരമൊരു പ്രശ്‌നമേ ഉദിക്കുന്നില്ല. മുതലാളിത്തത്തെ അട്ടിമറിക്കണമെങ്കില്‍ നിങ്ങള്‍ക്ക് സമൂഹത്തിന്റെ എല്ലാ അടിസ്ഥാന സ്ഥാപനങ്ങളെയും അട്ടിമറിക്കാനും പുതിയത് നിര്‍മ്മിക്കാനും പ്രതിബദ്ധതയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ വേണം. അങ്ങനെയൊന്നിന്റെ അടയാളങ്ങള്‍ നിങ്ങള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ?

ഹോപ് റീസ്: ഈ അടിയന്തിര പ്രതിസന്ധി നേരിടുമ്പോള്‍ നമുക്ക് ഇതിനൊന്നും സമയമില്ല എന്ന് താങ്കള്‍ എഴുതിയിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു….

നോം ചോംസ്‌കി: നമുക്ക് അതിനു വേണ്ടി പ്രയത്‌നിക്കണം. പക്ഷേ നിങ്ങള്‍ അതിനുള്ള സാഹചര്യം ഒരുക്കണം. നിങ്ങളുടെ വിരലുകള്‍ ഞൊടിച്ച് കൊണ്ട് നിങ്ങള്‍ക്കിത് ചെയ്യാനാവില്ല.

മുതലാളിത്തത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിക്കുക എന്നത് വളരെ ഹൃദ്യമായ ഒരു കാര്യമാണ്. അതായത് ‘എല്ലാവരും പരസ്പരം സ്‌നേഹിച്ചു കൊണ്ട് ഈ ഭൂമിയില്‍ മൊത്തം സമാധാനം പുലരുന്ന ഒരു അവസ്ഥ എന്തുകൊണ്ട് നമുക്കില്ല?’ എന്നൊക്കെ ചോദിക്കുന്നത് പോലെയാണത്.

ഹോപ് റീസ്: കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള പൊതുബോധ രൂപീകരണത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് എന്താണ്? വ്യാജ വാര്‍ത്തകളുടെയും ഒരു ദുര്‍ബല മാധ്യമ ലോകത്തിന്റെയും വെളിച്ചത്തില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണയിലെത്താന്‍ നമുക്ക് കഴിയുമോ?

നോം ചോംസ്‌കി: ഇവിടെയുള്ളത് പൂര്‍ണ്ണമായും ദുര്‍ബലമായ ഒരു മാധ്യമ ലോകമല്ല. മാധ്യമങ്ങളുടെ സ്വാധീന ശേഷിയെക്കുറിച്ച് ബിസിനസ് പ്രസ്, പിയര്‍ റിസര്‍ച്ച് തുടങ്ങിയവയുടെ നല്ല പഠനങ്ങള്‍ വന്നിട്ടുണ്ട്. തന്നെയുമല്ല ഈ പഠന ഫലങ്ങള്‍ വളരെ രസകരമാണ്. അതായത് അച്ചടി മാധ്യമം, ടി വി, റേഡിയോ തുടങ്ങി മുഴുവന്‍ ശ്രേണികളിലുമുള്ള മുപ്പതോളം മാധ്യമങ്ങളെടുത്ത് നടത്തിയ ഒരു പ്രധാന പഠനത്തില്‍ ആളുകളോട് അവര്‍ ഏത് തെരെഞ്ഞെടുക്കും എന്ന് ചോദിച്ചു.

പിന്നീട് ഇവരെ റിപ്പബ്ലിക്കുകളെന്നും ഡെമോക്രാറ്റുകളെന്നും വിഭജിച്ചു. ഡെമോക്രാറ്റുകളില്‍ കൂടുതലും വളരെ വിശാലമായ അഭിരുചിയുള്ളവരായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കുകളില്‍ ഇത് വളരെ ഇടുങ്ങിയതായിരുന്നു. ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഫോക്‌സ് ന്യൂസ്,
ബ്രെയ്റ്റ് ബാര്‍ട്ട് ന്യൂസ്, റഷ് ലിംബോ തുടങ്ങിയ മാധ്യമങ്ങളിലാണ്. അവ പടച്ച് വിടുന്ന വാര്‍ത്തകളായിരുന്നു റിപബ്ലിക്കുകള്‍ കേട്ടുകൊണ്ടിരുന്നത്.

എന്നു വെച്ചാല്‍ അവര്‍ കേള്‍ക്കുന്നത് നിങ്ങളിപ്പോള്‍ പറഞ്ഞത് പോലെ വ്യാജ വാര്‍ത്തകളായിരുന്നു. ശാസ്ത്രം, സര്‍വ്വകലാശാലയുടെ പഠന ഗവേഷണ വിഭാഗങ്ങള്‍, ഗവണ്‍മെന്റ്, മാധ്യമങ്ങള്‍ തുടങ്ങിയ നാല് കാപട്യങ്ങളെക്കുറിച്ച് റഷ് ലിംബോ പുറത്തുവിടുന്ന വാര്‍ത്തകള്‍ എല്ലാം കെട്ടിച്ചമച്ചവയായിരുന്നു. വഞ്ചനയിലൂടെയാണ് അവര്‍ അഭിവൃദ്ധിപ്പെട്ടത്.

ജനസംഖ്യയില്‍ പകുതിയുടെയും തലച്ചോറിലേക്ക് ദിവസം തോറും വര്‍ഷം തോറും ഇത്തരം നുണകള്‍ കുത്തിവെക്കപ്പെട്ടാല്‍ അവര്‍ വിചിത്ര മനോഭാവത്തിനുടമകളായിരിക്കും.

ഉദാഹരണത്തിന്, ബഹുഭൂരിപക്ഷം റിപ്പബ്ലിക്കുകളും തീര്‍ച്ചയായും കരുതുന്നത് മഹാമാരിയെ നേരിടാന്‍ ട്രംപ് ചെയ്യുന്ന കാര്യങ്ങളെല്ലാം വളരെ നല്ലതാണ് എന്നാണ്. ഇത് മറ്റൊരു പ്രപഞ്ചത്തില്‍ ജീവിക്കുന്നതിന് സമാനമാണ്. മാധ്യമങ്ങളുടെ മുഖ്യ പ്രശ്‌നവും അതു തന്നെയാണ്. അവിടെ റിപ്പബ്ലിക്കന്‍ ഭരണകൂടവും ഫോക്‌സ് ന്യൂസും അടങ്ങുന്ന ഇരട്ട സംവിധാനമാണ് രാജ്യം ഭരിക്കുന്നത്.

ട്രംപ് എന്തെങ്കിലും കാര്യം പറയുകയും ഷോന്‍ ഹാന്നിറ്റി (ഫോക്‌സ് ന്യൂസ് അവതാരകന്‍) ഇത് ഏറ്റ് പറയുകയും ചെയ്യുന്നു. പിറ്റേ ദിവസം രാവിലെ ട്രംപ് ടെലിവിഷനില്‍ ഇത് കാണുകയും ഇതേ കാര്യം തന്നെ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റു യാതൊരു തരത്തിലുമുള്ള ഇടപെടലുകളും കൂടാതെ ഇക്കാര്യം രാജ്യത്തെ പകുതിയോളം ജനങ്ങളിലേക്കെത്തുന്നു. അതിനാല്‍ വളരെയധികം അപകടകരമായ ഒരു സാഹചര്യമാണ് ഇവിടെ സംജാതമായിട്ടുള്ളത്. ഇതിനര്‍ത്ഥം മറ്റു മാധ്യമങ്ങള്‍ വളരെ മികച്ചവയാണ് എന്നൊന്നുമല്ല. അവക്കെല്ലാം ധാരാളം പോരായ്മകളുണ്ട്. പക്ഷേ, നന്നേ ചുരുങ്ങിയത് അവയെല്ലാം കുറച്ചെങ്കിലും ഗൗരവതരമായി കാര്യങ്ങളെ സമീപിക്കുന്നവയാണ്.

ഹോപ് റീസ്: ഗ്രീന്‍ ഡീല്‍ (ഹരിത കരാര്‍)നു കീഴില്‍ തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല എന്ന് വ്യാകുലപ്പെടുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്. അതിനു പുറമെ ‘അത് നിങ്ങളുടെ വിമാന അവകാശങ്ങള്‍ എടുത്ത് കളയും’ എന്നൊക്കെ ട്രംപ് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് പ്രചരിച്ച ചില കെട്ടുകഥകളുമുണ്ട്. ഗ്രീന്‍ ന്യൂ ഡീലിനെക്കുറിച്ച് പ്രചരിക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണകളും കെട്ടുകഥകളും എന്തൊക്കെയാണ്?

നോം ചോംസ്‌കി: ഒരു തെറ്റിദ്ധാരണ എന്തെന്നാല്‍ അത് വളരെ ചെലവേറിയതായിരിക്കും എന്നതാണ്. വാസ്തവത്തില്‍ വളരെ നല്ല സാമ്പത്തിക ശാസ്ത്രജ്ഞരായ റോബര്‍ട്ട് പോളിന്‍, ജെഫ് സാക്‌സ് തുടങ്ങിയവരുടെ വളരെ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ വിശകലനം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഇത് രണ്ടാം ലോക മഹായുദ്ധത്തിനുണ്ടായ ചെലവിന്റെ ചെറിയ ഒരംശം മാത്രമായിരിക്കും എന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചെലവുകള്‍ കാരണം ലോകം തകര്‍ന്നടിഞ്ഞോ?

അതൊന്നും നല്ല രീതിയിലുള്ള ചെലവുകളായിരുന്നില്ല. ടാങ്കറുകളും ജെറ്റ് വിമാനങ്ങളുമൊന്നും നിങ്ങള്‍ക്കാവശ്യമില്ല. നമുക്ക് വേണ്ടത് മറ്റു ചിലതാണ്. തീര്‍ച്ചയായും ആവശ്യത്തിന് വിഭവങ്ങള്‍ ഇവിടെയുണ്ട്. എന്ന് മാത്രമല്ല ഇതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഗ്രീന്‍ ഡീല്‍ നടപ്പിലാക്കാനായി ആവശ്യവുമുള്ളു. ഇത് വാസ്തവത്തില്‍ ഫോസില്‍ ഇന്ധന വ്യവസായം ഘട്ടം ഘട്ടമായി ഇല്ലാതാക്കും, ഇല്ലാതാക്കണം, ഇല്ലാതാക്കിയേ പറ്റൂ!

എല്ലാ തരത്തിലുമുള്ള ഭീതിതമായ കഥകള്‍ ഗ്രീന്‍ ഡീല്‍ നെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. അതായത് ഇത് നിലവില്‍ വന്നാല്‍ രാത്രിയില്‍ നമുക്ക് വൈദ്യുതി ഉണ്ടാവില്ല, മണ്ണെണ്ണ വിളക്കുകള്‍ കൊണ്ട് നമ്മള്‍ തൃപ്തിപ്പെടേണ്ടി വരും, തുടങ്ങിയവ… ഇങ്ങനെ ഒരുപാട് അസംബന്ധങ്ങള്‍.

നിങ്ങള്‍ ഇക്കാര്യം തന്നെ വീണ്ടും വീണ്ടും ജനങ്ങളോട് പറഞ്ഞു കൊണ്ടിരുന്നാല്‍ അവരത് വിശ്വസിക്കും. ട്രംപ് തന്റെ കഴിവില്ലായ്മ കൊണ്ടും ദുഷ്‌കര്‍മ്മം കൊണ്ടും രണ്ട് ലക്ഷത്തോളം അമേരിക്കക്കാരെ കൊലക്ക് കൊടുത്തിട്ടും മഹാമാരിയുടെ കാര്യത്തില്‍ അദ്ദേഹം ഏറ്റവും മികച്ച ഒരു പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്ന് അവര്‍ വിശ്വസിക്കുന്നത് പോലെ.

പക്ഷേ ഇതൊരു അത്ഭുതകരമായ പ്രവര്‍ത്തി തന്നെയാണ്. കാരണം അദ്ദേഹം നമ്മുടെ വീരപുരുഷന്‍ ആയില്ലേ? എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ എനിക്ക് പിടിച്ച് നിര്‍ത്താനാകുന്നില്ല! 1930 കളിലെ ജര്‍മ്മനിയിലേക്ക് നിങ്ങള്‍ നോക്കുകയാണെങ്കില്‍ അവിടെ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. പക്ഷേ പഠനങ്ങള്‍ കാണിക്കുന്നത് ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനവും ഒരു പക്ഷേ ഹിറ്റ്ലറെ പിന്തുണച്ചിരുന്നു എന്നാണ്.

ശരിയാണ്, നന്നേ ചുരുങ്ങിയത് നിങ്ങള്‍ക്ക് അതിനൊരു കാരണം കണ്ടെത്താനും കഴിയും. അതായത് ജര്‍മ്മനിയില്‍ വിജയമുണ്ടായിരുന്നു, അവര്‍ യൂറോപ്പിനെ തന്നെ കീഴടക്കിക്കൊണ്ടിരിക്കുകയായിരുന്നു, അവരുടെ സമ്പദ്ഘടന മെച്ചപ്പെട്ടു വരികയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വാസ്തവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഒന്നുമില്ല. ഒരു ദുരന്തമാണ്. എന്നിട്ടും ഇതേ പ്രതിഭാസം നമ്മുടെ മുന്നില്‍ കാണുന്നു. ഇത് ഒരു പ്രൊപ്പഗണ്ട സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അതിശയിപ്പിക്കുന്ന ഉദാഹരണമാണ്.

ഹോപ് റീസ്: അത് കൊണ്ട് ഇന്നത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നാസികളെക്കാള്‍ മോശമാണ് എന്നാണോ താങ്കള്‍ പറയുന്നത്?

നോം ചോംസ്‌കി: വളരെയധികം മോശമാണ്. ഹിറ്റ്‌ലര്‍ക്ക് മുഴുവന്‍ ജൂതന്‍മാരെയും കൊല്ലേണ്ടിയിരുന്നു, 30 മില്യണ്‍ സ്ലാവുകളെ കൊന്നു, കൂടാതെ എല്ലാതരം ഭയാനകമായ കാര്യങ്ങളും ചെയ്തു. പക്ഷേ ഭൂമിയിലെ എല്ലാ സംഘടിത മനുഷ്യരെയും നശിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ ആജ്ഞാാപിച്ചില്ല. എന്നാല്‍ അതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരിപാടി. ഇതൊരു അതിശയോക്തിയൊന്നുമല്ല, അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

ഹോപ് റീസ്: ഇതൊരു ആഗോള പ്രശ്‌നമാണ്. അമേരിക്കയെപ്പോലെ ഒരു രാജ്യം മറ്റു ഹതഭാഗ്യരായ രാജ്യങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത്?

നോം ചോംസ്‌കി: അമേരിക്കയാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം, ഒരു പക്ഷേ ലോക ചരിത്രത്തില്‍ത്തന്നെ. ഈ രാജ്യത്തിന് ഒരുപാട് അനുകൂല ഘടകങ്ങളുണ്ട്, മറ്റേതൊരു രാജ്യത്തിനോ രാജ്യങ്ങളുടെ കൂട്ടായ്മക്കോ പോലും എത്തിപ്പിടിക്കാന്‍ പറ്റാത്തതത്രയും. അതുകൊണ്ടുതന്നെ തീര്‍ച്ചയായും ഉത്തരവാദിത്തങ്ങളുമുണ്ട്. പക്ഷേ ഈ ഉത്തരവാദിത്വങ്ങള്‍ രാജ്യം നിറേേവറ്റുന്നത് കൃത്യമായ ലക്ഷ്യവും ദിശാബോധവും ഇല്ലാത്ത രീതിയിലാണ്.

അതായത് എന്തു ചെയ്യണമെന്നതിനെക്കുച്ച് യാതൊരു ധാരണയുമില്ലാതെ കെട്ടിടം പൊളിക്കാന്‍ തുടങ്ങുന്ന ഒരു ഭ്രാന്തന്റെ പ്രവര്‍ത്തികള്‍ പോലെയാണത്. അങ്ങനെ ഇറാന്‍ കരാര്‍, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, ലോക വ്യാപാര സംഘടന തുടങ്ങിയവ നശിപ്പിച്ചു.
പൊതുമണ്ഡലത്തില്‍ നിലനില്‍ക്കാനായി കണ്‍മുന്നില്‍ കാണുന്നതെല്ലാം നശിപ്പിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം.

അവരെ സംബന്ധിച്ചിടത്തോളം തങ്ങളെ അടയാളപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം അതാണ്. അതേസമയം തങ്ങളുടെ സന്തത സഹചാരികളായ കോര്‍പ്പറേറ്റ് ശക്തികള്‍, സ്വകാര്യ സംരഭകര്‍ എന്നിവര്‍ക്ക് അവരുടെ കീശ വീര്‍പ്പിക്കാനുള്ള ഒത്താശകള്‍ ചെയ്തു കൊടുക്കുന്നു. അതിനാല്‍ ഭരണകൂടം ചെയ്തു കൂട്ടുന്ന കോമാളിത്തരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കോര്‍പ്പറേറ്റുകള്‍ അവരെ സഹായിക്കുന്നു. ഇതു തന്നെയാണ് നാമിപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നവും.

ഹോപ് റീസ്: ഭാവിയെക്കുറിച്ച് താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?

നോം ചോംസ്‌കി: പ്രതീക്ഷിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. നിങ്ങള്‍ അമേരിക്കന്‍ തെരുവുകളിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ! ‘ബ്ലാക്ക് ലൈവ്‌സ് മേറ്റര്‍’ എന്ന മുന്നേറ്റമാണ് അമേരിക്കന്‍ ചരിത്രത്തില്‍ മുമ്പെങ്ങും രേഖപ്പെടുത്തിയിട്ടില്ലാത്ത വിധം പിന്തുണ ലഭിച്ച ഏറ്റവും വലിയ സാമൂഹിക മുന്നേറ്റം. എന്നാല്‍ ഇതൊറ്റപ്പെട്ടതല്ല. പൊതുബോധത്തിലും പൊതുധാരണയിലുമുണ്ടായ സമൂലമായ മാറ്റത്തിന്റെ ഒരടയാളവും കൂടിയാണിത്.

അമേരിക്കയിലെ ബേര്‍ണീ സാന്‍ഡേര്‍സ് മുന്നേറ്റം ബീജം നല്‍കിയ പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം അടുത്ത് നടക്കാനിരിക്കുകയാണ്. ഈ സമ്മേളനത്തില്‍ യാനിസ് വെരൗഫകിസ് (ഗ്രീസിലെ പഴയ ധനകാര്യ മന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനും) പൗരസ്ത്യ ദേശങ്ങളില്‍ നിന്നുള്ള അംഗങ്ങളെ അവതരിപ്പിക്കുന്നു. അവര്‍ ഒത്തുചേരുന്നത് ഐസ് ലാന്റില്‍ വെച്ചാണ്. അവിടുത്തെ പ്രധാനമന്ത്രിയും ഇതിലെ ഒരംഗമാണ്.

നശീകരണത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള ശക്തികള്‍ ഇനിയുമുണ്ട് നിരവധി. ഇതൊരു സുപ്രധാനമായ വര്‍ഗ്ഗ സമരമാണ്. വന്‍തോതിലുള്ളതെന്ന് പറയാം. അടുത്ത ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകാവുന്നവ. കൂടാതെ അത് ലോകത്തിന്റെ വിധി നിര്‍ണ്ണയിക്കും. അതിനാല്‍ തീര്‍ച്ചയായും പ്രതീക്ഷയുണ്ട്, പക്ഷേ ആളുകള്‍ ഇത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്നു മാത്രം.

കടപ്പാട്: ജെസ്റ്റോര്‍ ഡെയ്‌ലി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Noam Chomsky about Amarica, Green New Deal, Dalit Lives Matter