| Tuesday, 6th September 2016, 10:26 pm

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്ക് ചികിത്സയും ജാമ്യവും അനുവദിക്കണം: നോംചോംസ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എ.പി.എ ചുമത്തി വിചാരണ തടവുകാരനായി പൂനെയിലെ സാസൂണ്‍ ആശുപത്രയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളിക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറും പ്രമുഖ ചിന്തകനുമായ നോംചോംസ്‌കി.


 
കൊച്ചി:  യു.എ.പി.എ ചുമത്തി വിചാരണ തടവുകാരനായി പൂനെയിലെ സാസൂണ്‍ ആശുപത്രയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളിക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറും പ്രമുഖ ചിന്തകനുമായ നോംചോംസ്‌കി. മുരളിക്കെതിരായ കേസുകളില്‍ വിചാരണ നടപടികള്‍ എളുപ്പം പൂര്‍ത്തിയാക്കി അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും ചോംസ്‌കി ആവശ്യപ്പെട്ടു.

മുരളി കണ്ണമ്പള്ളിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരം സാംസ്‌കാരിക പ്രവര്‍ത്തകരും തയ്യാറാക്കിയ പ്രസ്താവനയില്‍ സന്തോഷത്തോടെയാണെന്നും ചോംസ്‌കി വ്യക്തമാക്കി.

ഹൃദയരോഗ ബാധിതനായ, 62 വയസ് കഴിഞ്ഞ കണ്ണമ്പള്ളി മുരളിക്ക് ആവശ്യമായ എല്ലാത്തരം ചികിത്സകളും നല്‍കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് ഇക്കോണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ഡെപ്യൂട്ടി എഡിറ്ററായ ബെര്‍ണാഡ് ഡിമെല്ലോയും ഐഐടി ഖരഗ്പൂര്‍ പ്രൊഫസറായ ആനന്ദ് തെല്‍തുംഡെയും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പ്രഭാത് പട്‌നായിക്, ഗായത്രി സ്‌പൈവാക്, പാര്‍ത്ഥ ചാറ്റര്‍ജി,മീന കന്തസ്വാമി, ബി.ആര്‍.പി. ഭാസ്‌കര്‍, കെ. വേണു, എം.എം. സോമശേഖരന്‍, നജ്മല്‍ബാബു, ഡോ.കെ.ടി. റാംമോഹന്‍, ഡോ.ടി.ടി. ശ്രീകുമാര്‍, ഡോ.ജെ. ദേവിക, പ്രൊഫ.എ.കെ. രാമകൃഷ്ണന്‍, പി.കെ. വേണുഗോപാല്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്

അതെസമയം ആശുപത്രിയില്‍ കണ്ണമ്പിള്ളി മുരളിയെ സഹായിക്കാനും പരിചരിക്കാനുമായി സര്‍ക്കാര്‍ ഇതുവരെ ആരെയും അനുവദിച്ചിട്ടില്ല. ഈ വിഷയത്തില്‍ ജയില്‍ അധികൃതര്‍ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊളളണമെന്ന് ആവശ്യപ്പെട്ട് ഇന്നുവൈകുന്നേരം അഞ്ചുമണി മുതല്‍ കണ്ണമ്പിള്ളി മുരളി നിരാഹാര സമരം ആരംഭിക്കുകയാണെന്നാണ് വിവരം.

മുരളിക്ക് നീതി ലഭ്യമാക്കണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് പോലീസിന്റെ സമീപനമെന്നും മുരളിയുടെ വിചാരണ എളുപ്പത്തിലാക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും രമ ആവശ്യപ്പെട്ടിരുന്നു.

2015 മേയ് മാസത്തിലാണ് അജിത്ത് എന്നറിയപ്പെടുന്ന കണ്ണമ്പള്ളി മുരളിയെ പൂനെയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ അടക്കമുളള നിയമങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. തുടര്‍ന്ന് ഇതുവരെ വിചാരണ തടവുകാരനായി പൂനെ യെര്‍വാഡ ജയിലില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൂനെയിലെ സാസൂണ്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

We use cookies to give you the best possible experience. Learn more