| Thursday, 24th September 2020, 9:37 pm

മുസ്‌ലിം ആയതുകൊണ്ടാണ് ജിഹാദിയും വിദ്വേഷിയായും മുദ്രകുത്തിയുള്ള ഈ മനുഷ്യവേട്ട; കേന്ദ്രത്തിനെതിരെ നോം ചോംസ്‌കിയുള്‍പ്പെടെയുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉമര്‍ ഖാലിദിന് പിന്തുണയുമായി ദേശീയ അന്തര്‍ദേശീയ സ്‌കോളേഴ്‌സും അക്കാദമിഷ്യന്മാരും കലാകാരന്മാരും. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപന്വേഷണത്തിലൂടെ ദല്‍ഹി പൊലീസ് നടത്തുന്നതെന്നും പ്രസ്താവനയില്‍ ഇവര്‍ പറഞ്ഞു. 200 ലധികം പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി, എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി, അമിതാവ് ഘോഷ്, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, രാജ്‌മോഹന്‍ ഗാന്ധി, ചലച്ചിത്ര പ്രവര്‍ത്തകരായ മീര നായര്‍, ആനന്ദ് പട്‌വര്‍ധന്, ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ആക്ടിവിസ്റ്റുകളായ മേധ പട്കര്‍, അരുണ റോയ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ പാത അഭിമാനപൂര്‍വ്വം പിന്തുടര്‍ന്ന് ഡോ. ബി.ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമാധാനപരവും ഏറ്റവും വലിയ ജനാധിപത്യ അവകാശ പ്രസ്ഥാനവുമാണ് സി.എ.എ വിരുദ്ധ പ്രസ്ഥാനമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഉമര്‍ ഖാലിദ് ഈ പ്രസ്ഥാനത്തില്‍ സത്യത്തിന്റെ ശക്തമായ ഒരു യുവ ശബ്ദമായി മാറി, ഇന്ത്യയിലുടനീളം ചെറിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലും 100 ഓളം യോഗങ്ങളില്‍ സംസാരിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു;

വിശപ്പ്, ദാരിദ്ര്യം, വിവേചനം, ഭയം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യമെന്ന എല്ലാ യുവ ഇന്ത്യക്കാരുടെയും സ്വപ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പൗരത്വത്തിന്റെ പൂര്‍ണമായ അവകാശവാദം ഉന്നയിച്ചു, പാര്‍ശവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസാരിച്ചു. എല്ലാറ്റിനുമുപരിയായി ഉമര്‍ സമാധാനത്തിനായി നിലകൊണ്ടു അവര്‍ പറഞ്ഞു.

ഉമര്‍ ഖാലിദിനെ ഒരു ജിഹാദിയായും വിദ്വേഷിയായും മുദ്രകുത്തുന്നെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയില്‍ സര്‍ക്കാറിന്റെ അന്യായമായ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നതിനാല്‍ മാത്രമല്ല ഉമര്‍ഖാലിദിനെതിരെയുള്ള ആ നീക്കങ്ങളെന്നും അദ്ദേഹമൊരു മുസ്‌ലിം ആയതുകൊണ്ടുമാണെന്നും ചൂണ്ടിക്കാട്ടി.

ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയാണ് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Noam Chomsky, Salman Rushdie, Amitav Ghosh, Arundhati Roy, Ramachandra Guha and  Medha Patkar Aruna Roy Amitav Ghosh, Mira Nair among over 200 signatories asking govt to free Umar Khalid

We use cookies to give you the best possible experience. Learn more