വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും മാരകമായ രൂപം പ്രാപിക്കുകയാണെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ നോം ചോംസ്‌കി.
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു.എസ്.എ, ജെനോസൈഡ് വാച്ച്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ഉള്‍പ്പെടെ പതിനേഴോളം സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയില്‍ 25 കോടിയോളം വരുന്ന മുസ്‌ലിങ്ങള്‍ പീഡിത ന്യൂനപക്ഷമായി വരികയാണ്. രാജ്യത്തെ മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ചുള്ള സ്വതന്ത്ര ചിന്തയ്ക്ക് നേരെയും വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്ന അതിക്രമങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്ക് പുറമേയാണിത്,’ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ എമിററ്റസ് കൂടിയായ ചോംസ്‌കി പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ മതേതര അടിത്തറകളെ തകര്‍ക്കുന്ന രീതിയിലുള്ള മോദി ഭരണകൂടത്തിന്റെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രചാരണമാണെന്ന് പരിപാടിയില്‍ സംസാരിച്ച മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ അഡ്വക്കസി ഡയറക്ടര്‍ ജോണ്‍ സിഫ്റ്റണ്‍ വ്യക്തമാക്കി.
CONTENT HIGHLIGHTS: Noam Chomsky has said that Islamophobia is taking a deadly form in India