| Wednesday, 19th June 2024, 2:11 pm

മരണ വാർത്ത വ്യാജം; നോം ചോംസ്കി ആശുപത്രി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ : രാഷ്ട്രീയ ചിന്തകനും ഭാഷ പണ്ഡിതനുമായ നോം ചോംസ്കി ബ്രസീലിലെ സോവോപോളയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതായി റിപ്പോർട്ട്.

ആശുപത്രി അധികൃതരാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഡിസ്ചാർജ് ചെയ്‌തെങ്കിലും അദ്ദേഹം പൂർണാരോഗ്യവാനല്ലെന്നും അതിനാൽ ചികിത്സ വീട്ടിൽ നിന്ന് തുടരുമെന്നും അധികൃതർ പറഞ്ഞു.

95 വയസുകാരനായ നോം ചോംസ്കി മരിച്ചെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത തള്ളി അദ്ദേഹത്തിന്റെ ഭാര്യ വലേറിയ വാസ്സർമാൻ രംഗത്തെത്തിയിരുന്നു. ഈ വാർത്ത തെറ്റാണ് അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്ന സന്ദേശം വലേറിയ ഇമെയിൽ വഴി എ.എഫ്.പിക്ക് അയച്ചിരുന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ ഡിസ്ചാർജ് വാർത്ത പുറത്ത് വരുന്നത്.

ഒരു വർഷം മുമ്പ് ഹൃദയാഘാതം വന്ന് അദ്ദേഹത്തിന് സംസാരിക്കാനും ശരീരത്തിന്റെ വലതുഭാഗം ചലിപ്പിക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ ഭാര്യയുടെ ജന്മനാടായ ബ്രസീലിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ താമസിച്ച് വരികെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.

ആരോഗ്യനില സങ്കീർണ്ണമായതിനാൽ ന്യൂറോളജിസ്റ്റുകളും ശ്വാസകോശവിദഗ്ദ്ധരും തെറാപ്പിസ്റ്റുകളുമടങ്ങുന്ന ഒരു വിദഗ്ദ്ധ വിഭാഗത്തിന്റെ പരിചരണത്തിലായിരുന്നു അദ്ദേഹം.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ മുതൽ അദ്ദേഹത്തെ പൊതുവേദികളിൽ കാണാറില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റേതായ വാർത്തകളും നിരീക്ഷണങ്ങളും ആശുപത്രിക്കിടക്കയിൽ നിന്നും പുറത്തേക്കെത്തിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ചോംസ്കി മോഡലും ചാറ്റ് ജി.പി.ടിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം ആശുപത്രിയിൽ കിടക്കുമ്പോഴും പുറത്ത് വിട്ടിരുന്നു.

അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ കിടക്കുമ്പോഴും അദ്ദേഹം ഗസയെക്കുറിച്ചുള്ള വാർത്തകൾ കാണാറുണ്ടെന്നും ഗസയിലെ യുദ്ധത്തിന്റെ ചിത്രങ്ങളും വാർത്തകളും കാണുമ്പോൾ പ്രതിഷേധ സൂചകമായി ഇടതുകൈ ഉയർത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു.

അമേരിക്കൻ വിദേശനയത്തിന്റെ മുൻനിര വിമർശകനാണ് ചോംസ്കി. മിഡിൽ ഈസ്റ്റ് മുതൽ സെൻട്രൽ അമേരിക്കയിൽ വരെയുള്ള എല്ലാ വിഷയങ്ങളിലും യു.എസ് നയത്തെ നിരന്തരം വെല്ലുവിളിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും നിരൂപകരും വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവെന്നാണ് അറിയപ്പെടുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദീർഘകാലം അംഗമായിരുന്നു ചോംസ്കി.

Content Highlight: Noam Chomsky discharged from Savapolo hospital

We use cookies to give you the best possible experience. Learn more