മാസച്ചൂസറ്റ്സ്: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസ്സാഞ്ച് ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടത് അത്യന്തം നിന്ദ്യകരവും നിർഭാഗ്യകരവുമാണെന്നും ചരിത്രകാരനും തത്വചിന്തകനുമായ നോം ചോംസ്കി. അമേരിക്കയിലേക്ക് അസ്സാഞ്ചിനെ തിരിച്ചെത്തിക്കാൻ ഇക്വഡോറും സ്വീഡനും മാത്രമല്ല, ഇപ്പോൾ ബ്രിട്ടനും കൂടി കൂട്ടുനിൽക്കുകയാണെന്നും ചോംസ്കി പറഞ്ഞു.
ഭരണകൂടങ്ങൾക്ക് അപ്രിയമായി തോന്നുന്ന സത്യം തെമ്മാടിക്കൂട്ടത്തെ പോലെ പെരുമാറുന്ന ജനങ്ങളിലേക്കെത്തിക്കാൻ പടപൊരുതിയ ഒരു മാധ്യമപ്രവർത്തകനെ ഒതുക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ചുരുക്കത്തിൽ അതാണ് സംഭവിച്ചതെന്നും ചോംസ്കി പറഞ്ഞു. ‘ഡെമോക്രസി നൗ’ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് നോം ചോംസ്കി ഇക്കാര്യം പറയുന്നത്.
ജനങ്ങൾ അറിയേണ്ടുന്ന കാര്യങ്ങളാണ് വിക്കിലീക്ക്സ് പുറത്തുവിടുന്നത്. ഇത് ഭരണകൂടങ്ങളെ പേടിപ്പെടുത്തുന്നു. നിർഭാഗ്യവശാൽ ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഇറ്റലിയിൽ മുസോളിനി ഭരണകൂടം അന്റോണിയോ ഗ്രാംഷിയെ തടങ്കലിൽ ആക്കിയതും ഇതേ മനോഭാവത്തോടെയാണെന്നും ചോംസ്കി പറഞ്ഞു. ബ്രസീലിൽ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച, അതിരുവത്കരിക്കപ്പെട്ട ജനതയെ മുന്നോട്ട് നടത്തിച്ച ലേബർ പാർട്ടി സ്ഥാപകൻ ലൂല ഡസിൽവയെ ജയിലിൽ അടച്ചതും ചോംസ്കി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
തങ്ങൾക്ക് അധികാരം ഇല്ലാത്തിടത്തേക്ക് കടന്നു കയറുകയാണ് അമീറിക്ക. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അമേരിക്കയ്ക്ക് മറ്റുള്ളവരുടെ വ്യവഹാരങ്ങളിൽ ഇടപെടാനുള്ള അധികാരം ആരാണ് നൽകുന്നതെന്നും ചോംസ്കി ചോദിച്ചു. മറ്റൊരു രാജ്യത്തിനും അമേരിക്കയ്ക്ക് ലഭിക്കുന്ന പ്രത്യേക അവകാശം ഇല്ലെന്നും ചോംസ്കി ചൂണ്ടിക്കാട്ടി. ഇതെപ്പോഴും നടക്കുന്നതാണെന്നും ഈ അനീതിയെക്കുറിച്ച് സംസാരിക്കാൻ ആരും തയാറല്ലെന്നും നോം ചോംസ്കി കുറ്റപ്പെടുത്തി.