ന്യൂദല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ യു.എ.പി.എ. ചുമത്തി ജയിലിലടച്ച ദല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ നോം ചോംസ്‌കി.
ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന ആവിഷ്‌കാര സ്വാതന്ത്ര്യവേട്ടയുടെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ഹാനി ബാബുവിന്റെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണ പോരാട്ടത്തില്‍ പ്രധാനമാണ് ഹാനി ബാബുവിന് വേണ്ടിയുള്ള പ്രതിരോധമെന്നും ചോംസ്‌കി പറഞ്ഞു. വലിയ തോതില്‍ സ്വേച്ഛാധിപത്യ സ്വഭാവത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള അടിച്ചമര്‍ത്തലിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ഹാനി ബാബുവിന്റെ കേസ് എന്നാണ് ചോംസ്‌കി പറഞ്ഞത്.
ഏറെനാളായി അധിക്ഷേപകരമായ ചോദ്യം ചെയ്യലിലൂടെയാണ് ഹാനി ബാബു ജയിലിനുള്ളില്‍ കടന്നുപോയതെന്നും അടിയന്തരമായ ചികിത്സ പോലും ജയിലില്‍ നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.