Chat GPTയല്ല ഭീഷണി പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ്
DISCOURSE
Chat GPTയല്ല ഭീഷണി പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ്
നോം ചോംസ്കി
Thursday, 9th February 2023, 3:27 pm
ലോകം മുഴുവന്‍ പ്രതീക്ഷകളോടെയും ആശങ്കകളോടെയും ഉറ്റു നോക്കുന്ന chat GPT, ഭാവിയില്‍ വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അമേരിക്കന്‍ ബുദ്ധിജീവിയായ നോം ചോംസ്‌കി. ഹോം വര്‍ക്കുകള്‍, റിപ്പോര്‍ട്ടുകള്‍, ഉപന്യാസങ്ങള്‍, അസസ്മെന്റ് വര്‍ക്കുകള്‍ എന്നിവ ചെയ്യാന്‍ chat GPT വ്യാപകമായി ഉപയോഗിക്കുന്നു. അത് വിദ്യാഭ്യാസ സമ്പ്രദായത്തിന് തന്നെ വെല്ലുവിളിയാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ chat GPT വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലുതായൊന്നും ചെയ്യാനില്ല, പലതും അട്ടിമറിക്കാന്‍ കാരണമാവും എന്നല്ലാതെ. പക്ഷേ വിദ്യാര്‍ത്ഥികള്‍ chat GPT പോലുള്ള കുറുക്കു വഴികളില്‍ അഭയം തേടുന്നത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ആകര്‍ഷകമല്ലാത്തതും വിരസമായതും കാരണമാണ്. അതിന്റെ ഉത്തരവാദികള്‍ വിദ്യാര്‍ത്ഥികളല്ല, വിപണിക്ക് വേണ്ടി പൊതു വിദ്യാഭ്യാസത്തെ തകര്‍ത്ത് മത, സ്വകാര്യ മേഖലക്ക് വിദ്യാഭ്യാസത്തെ തീറെഴുതി കൊടുത്ത തീവ്ര വലതുപക്ഷത്തുള്ള അമേരിക്കന്‍ ഭരണകൂടങ്ങളാണ്. കുട്ടികള്‍ ചരിത്രവും രാഷ്ട്രീയവും വിമര്‍ശനാത്മകമായി പഠിക്കുന്നതിന് ബോധപൂര്‍വം തടയിട്ടത് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പോലുള്ളവരാണെന്ന് നോം ചോംസ്‌കി വിശദീകരിക്കുന്നു. Edukitchen യൂട്യൂബ് ചാനലിനായി തിജ്മന്‍ സ്‌പ്രേയ്കല്‍ നടത്തിയ അഭിമുഖത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനം. തയ്യാറാക്കിയതും പരിഭാഷപ്പെടുത്തിയതും: ഷാദിയ നാസിര്‍

Chat GPTക്ക് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലുതായൊന്നും ചെയ്യാനില്ല, പലതും അട്ടിമറിക്കാന്‍ കാരണമാവും എന്നല്ലാതെ. അത് ഫലത്തില്‍ ഹൈടെക് പ്ലേജിയറിസം (രചനാ മോഷണം / സാഹിത്യ ചോരണം) മാത്രമാണ് ചെയ്യാന്‍ പോകുന്നത്. ഇത് വന്‍തോതില്‍ വിവരശേഖരണം നടത്തുകയും അതിനെ ക്രമീകരിച്ച് കോര്‍ത്തിണക്കുകയും ചെയ്യുന്നു.

അതായത് ഈ വിഷയത്തില്‍ വന്നിട്ടുള്ളതായ എല്ലാ എഴുത്തുകളെയും മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിട്ടപ്പെടുത്തുന്നു. ഇതിനെ അടിസ്ഥാനപരമായി ഹൈടെക് പ്ലേജിയറിസം എന്ന് പറയാം. ഇങ്ങനെ ചെയ്യുമ്പോള്‍ Chat GPT അദ്ധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.

യൂണിവേഴ്‌സിറ്റികളില്‍ വര്‍ഷങ്ങളെടുത്ത് ചെയ്യേണ്ട തീസിസുകളിലും മറ്റും സാഹിത്യ ചോരണം കണ്ടുപിടിക്കാന്‍ വര്‍ഷങ്ങളായി പ്രൊഫസര്‍മാരെ സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ chat GPTയുടെ വരവോടെ പ്ലേജിയറിസം എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമായിട്ടുണ്ട്. അതിനാല്‍ അത് കണ്ടുപിടിക്കാനും പ്രയാസമാണ്. ഈ ഒരൊറ്റ കാര്യം മാത്രമാണ് Chat GPTക്ക് വിദ്യാഭ്യാസത്തില്‍ ചെയ്യാനാവുക. അതിനപ്പുറം ഭാഷയെക്കുറിച്ചോ അറിവിനെ സംബന്ധിച്ചോ ഒന്നും മനസ്സിലാക്കാന്‍ അത് സഹായിക്കില്ല.

സയന്‍സിനും കാര്യമായ സംഭാവന ചെയ്യാന്‍ Chat GPTക്ക് സാധിക്കില്ല. അതിനപ്പുറം ഏതെങ്കിലും മേഖലയില്‍ സംഭാവന അര്‍പിക്കാന്‍ സാധ്യമാവുമോ എന്നത് ഈ ഘട്ടത്തില്‍ വ്യക്തവുമല്ല.

ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ chat GPT ഉപയോഗിച്ച് റിപ്പോര്‍ട്ട്, ഗൃഹ പാഠങ്ങള്‍ എന്നിവ ചെയ്താല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പറയാം. വിദ്യാര്‍ത്ഥികളില്‍ താല്‍പര്യം ജനിപ്പിക്കുന്ന രീതിയിലായിരിക്കണം അദ്ധ്യയനം എന്നതാണ് ഏറ്റവും പ്രധാനം.

ടെക്‌നോളജിയെ പിടിച്ചു കെട്ടാന്‍ സാധിക്കില്ല. പകരം ക്ലാസുകള്‍ ആസ്വാദ്യകരമാക്കണം. വിഷയത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല.

ഒരു വിദ്യാര്‍ത്ഥി കോഴ്‌സ് തെരെഞ്ഞെടുത്തു കഴിഞ്ഞാല്‍ അവര്‍ക്ക് അതില്‍ നിന്ന് ഒന്നും പഠിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠന പ്രക്രിയ ആകര്‍ഷകമാക്കുക എന്ന ഒരൊറ്റ വഴിയേ ഇതിന് പരിഹാരമായുള്ളു. അങ്ങനെ ആകര്‍ഷകമായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കഴിയില്ല.

കോളേജുകളില്‍ ക്ലാസിലിരുന്ന് ഐഫോണ്‍ ഉപയോഗിച്ച് മറ്റാരോടോ ചാറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ രണ്ട് തരത്തില്‍ അദ്ധ്യാപകര്‍ക്ക് കൈകാര്യം ചെയ്യാം. അതില്‍ ഒന്നാമത്തെ രീതി ക്ലാസില്‍ ഐ ഫോണ്‍ നിരോധിക്കുകയും രണ്ടാമത്തേത് ക്ലാസുകള്‍ ആകര്‍ഷകമാക്കുകയുമാണ്.

ക്ലാസുകള്‍ ആകര്‍ഷകമായാല്‍ വിദ്യാര്‍ത്ഥികള്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേയില്ല എന്നതിലാണ് കാര്യം. ഇത് തന്നെയാണ് വെല്ലുവിളിയും. ഇപ്പോള്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഹോം വര്‍ക്കുകള്‍, ബുക്ക് റിപ്പോര്‍ട്ടുകള്‍, അസെസ്‌മെന്റുകള്‍ എന്നിവക്ക് Chat GPTയെ ആശ്രയിക്കുന്നു എന്നത് വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ വിരസത അനുഭവപ്പെടുന്നു എന്നതിന്റെ തെളിവാണ്.

അതായത് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം വന്‍ പരാജയമാണ് എന്നതിന്റെ ലക്ഷണം. താല്‍പര്യമില്ലെങ്കില്‍ അതിനെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ പല വഴികളും കണ്ടെത്തും. നാമെല്ലാം നമുക്ക് താല്‍പര്യമില്ലാത്ത വിഷയങ്ങളില്‍ ക്ലാസുകള്‍ കേട്ടിട്ടുണ്ട്. പരീക്ഷകള്‍ക്ക് വേണ്ടി പഠിച്ചിട്ടുണ്ട്.

നല്ല മാര്‍ക്കും ലഭിച്ചിട്ടുണ്ട്. (പരീക്ഷ കഴിഞ്ഞ്) രണ്ടാഴ്ചകള്‍ക്ക് ശേഷം കോഴ്‌സ് എന്തിനെക്കുറിച്ചായിരുന്നു എന്നു പോലും മറന്ന് പോയിട്ടുമുണ്ട്. നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ രീതി ഇതാണ്. ഇതൊരു നല്ല രീതിയല്ല. ‘കാര്യപ്രാപ്തിയില്‍ അധിഷ്ഠിതമായ’തെന്ന അവകാശ വാദത്തില്‍ ഇന്നത്തെ നവ ലിബറല്‍ രീതി മുന്നോട്ട് വെക്കുന്ന സമ്പ്രദായമാണിത്.

ഇവിടെ കാര്യപ്രാപ്തി എന്നാല്‍ കേവലം പരീക്ഷാ ഫലത്തിലെ നമ്പറുകള്‍ മാത്രമാണ്. സ്‌കൂളിന്റെയോ അദ്ധ്യാപകരുടെയോ പരിശോധനക്കായി എവിടെയെങ്കിലും എഴുതി വെക്കാനുള്ളത്. ജ്ഞാനോദയ കാലഘട്ടത്തില്‍ (Enlightenment Period) വളരെയധികം പരിഹസിക്കപ്പെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായമാണിത്.

ഏറ്റവും മോശപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം എന്ന് വിലയിരുത്തപ്പെടേണ്ടത്. ഒരു വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ത്ഥികളില്‍ താല്‍പര്യം ജനിപ്പിക്കാനും അവരുടെ കഴിവിനെ ഉപയോഗപ്പെടുത്താനും വെല്ലുവിളിക്കാനുമൊന്നും പര്യാപ്തമല്ലെങ്കില്‍ അവര്‍ മറുമരുന്നുകള്‍ കണ്ടുപിടിക്കും. ക്ലാസില്‍ പോലും വന്നേക്കില്ല.

വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാം. അതായത് ഇത് നമ്മുടെ വിദ്യാഭ്യാസ രീതിയെ, വിദ്യാഭ്യാസം നമുക്ക് നല്‍കുന്ന അനുഭവങ്ങളെയെല്ലാം എത്തരത്തില്‍ ബാധിക്കും? ഇലോണ്‍ മസ്‌ക് തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?

അദ്ദേഹത്തിന്റെ ന്യൂറോലിങ്ക് എന്ന കമ്പനി തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതില്‍ വിജയിച്ചാല്‍ ഫ്രഞ്ച് തുടങ്ങിയ വ്യത്യസ്ത ഭാഷകള്‍ പഠിക്കേണ്ടിവരില്ല എന്ന ചോദ്യങ്ങളെല്ലാം കാണുന്നു. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം സയന്‍സ് ഫിക്ഷന്‍ എന്ന ഗണത്തില്‍ പെട്ടവയാണ്.
ന്യൂറല്‍ സിഗ്നലുകളെ പിടിച്ചെടുത്ത് ഒരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയും.

ഉദാഹരണത്തിന് കൈ പൊക്കുക തുടങ്ങിയവ. അവിടം വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പക്ഷേ ഫ്രഞ്ച് പഠിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നില്ല. ഇത് ന്യൂറോലിങ്ക് ഇല്ലാതെ തന്നെ ഇപ്പോള്‍ സാധ്യമാണ്.

ഒരു ലാപ്‌ടോപ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചില ‘കീ’കള്‍ അമര്‍ത്തിയാല്‍ മതി. ഒരു ഫ്രഞ്ച്കാരനുമായി സംസാരിക്കാന്‍ ഇപ്പോള്‍ ഫ്രഞ്ച് സംസാരിക്കണമെന്നില്ല, ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ധാരാളം മതി എന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഈ തര്‍ജമക്ക് അത്രക്ക് വിശ്വാസ്യത പോര.

ചില ആര്‍ട്ടിക്കിളുകള്‍ വായിക്കേണ്ടതാണോ എന്ന് തീരുമാനിക്കാന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ധരാളം മതി. ലേഖനത്തിന്റെ സാരാംശം നമുക്ക് ലഭിക്കുകയും ചെയ്യുന്നു. എന്തിനെക്കുറിച്ചാണതെന്ന് മനസ്സിലാവും. പക്ഷെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിനെ വിശ്വസിക്കരുത്. അതുപോലെതന്നെയാണ് Chat GPTയും. ഒരു പൊതുവായ വിവരം ലഭിക്കാന്‍ സഹായിക്കും.

ഏറെ ഉപയോഗ പ്രദമായ ലൈവ് ട്രാന്‍സ്‌ക്രിപ്ഷനെക്കുറിച്ചും പറയും. നിരന്തര പരിശീലനത്തിലൂടെ ( ബ്രൂട്ട് ഫോഴ്‌സ്) നേടിയെടുത്തതാണെങ്കിലും നമുക്കതില്‍ ധാരാളം പിഴവുകള്‍ കാണാന്‍ കഴിയും. അതിനാല്‍ ഉപയോഗപ്രദമെങ്കിലും വിശ്വസനീയമല്ല. പക്ഷേ കേള്‍വിക്കുറവുള്ള ഒരാളെ സംബന്ധിച്ച് ഈ ട്രാന്‍സ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.

അതായത് ഒരു ‘വിഷ്വല്‍ എയ്ഡ്’ പോലെ പ്രവര്‍ത്തിക്കുന്നു. കാഴ്ചക്കുറവുള്ള ഒരാള്‍ കണ്ണടയെ ആശ്രയിക്കുന്നത് പോലെയാണത്. ഞാനും അത് ഉപയോഗപ്പെടുത്താറുണ്ട്.

ന്യൂറോ ലിങ്ക്, നിര്‍മിത ബുദ്ധി (AI) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന Chat GPT എന്നിവ വിദ്യാഭ്യാസ മേഖലക്ക് അടുത്ത കാലത്തൊന്നും ഭീഷണിയാവില്ല. ഇപ്പോഴത്തെ നിലയില്‍ chat GPT കുറ്റമറ്റതല്ല എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

എന്നാല്‍ നമ്മള്‍ ന്യൂറോ ലിങ്കിനെയോ ചാറ്റ് ജിപിടിയെയോ പേടിക്കേണ്ടതില്ല എങ്കിലും അടുത്ത മുപ്പത് കൊല്ലത്തില്‍ വിദ്യാഭ്യാസം എത്തരത്തിലുള്ളതായിരിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്.

അദ്ധ്യാപകരെയും, വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന വിദഗ്ദ്ധരെയും, സര്‍ക്കാര്‍ ജീവനക്കാരെയും എല്ലാം ആശ്രയിച്ചാണിരിക്കുന്നത് എന്നതാണ് അതിന്റെ മറുപടി. വിദ്യാഭ്യാസത്തിന് പണം മുടക്കുന്നവര്‍ അത് നിര്‍ത്തി വെക്കുമ്പോള്‍ അവരാണ് അതിനുത്തരവാദി.

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമല്ലെങ്കില്‍, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും, ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവര്‍ക്കു മുന്നിലുണ്ടാവും. എന്റെ സ്വന്തം അനുഭവം പറയാം.

1945 ല്‍ കോളേജില്‍ വെച്ച് വളരെ വിരസമായ കെമിസ്ട്രി ക്ലാസ്സില്‍ ഒരിക്കലും പോകാതിരിക്കുകയും ലാബ് എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയും എനിക്കുണ്ടായിരുന്നു. എന്റെ കൈവശമുണ്ടായിരുന്ന ലാബ് മാന്വല്‍ ഉപയോഗിച്ച് പരീക്ഷണങ്ങളെക്കുറിച്ച് പഠിച്ച് മാത്രം പരീക്ഷകളെ മറികടന്ന കാര്യം ഓര്‍മയിലുണ്ട്.

അതേസമയം ക്ലാസില്‍ പോവുകയും വളരെ ശ്രദ്ധയോടെ നോട്ടുകള്‍ കുറിച്ചെടുത്ത് അതുപയോഗിച്ച് പഠിച്ച് പരീക്ഷ പാസായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ക്കാം. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയാണ്.

വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് വളരെയധികം താല്‍പര്യമുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യും.

വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകും. അത്തരത്തിലായിരിക്കണം വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങളെ പരിപോഷിപ്പിക്കുകയും ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുകയും വേണം.

വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഇതില്‍ പരാജയപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ താന്‍ പണ്ട് കെമിസ്ട്രി ക്ലാസില്‍ ചെയ്തതുപോലെ കുറുക്കുവഴികള്‍ ഉപയോഗിക്കും. ഇപ്പോള്‍ chat GPT ഉപയോഗിച്ച് അവര്‍ക്കത് സാധ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ പലപ്പോഴും എടുത്ത് പറയുന്ന ഒരു കാര്യമുണ്ട് . തന്റെ സഹപ്രവര്‍ത്തകന്‍ കോളേജില്‍ പുതിയതായി എത്തിയ വിദ്യാര്‍ത്ഥികളോട് ‘ഇന്ന് എന്താണ് നമ്മള്‍ ക്ലാസില്‍ പഠിക്കാന്‍ പോകുന്നത് ‘എന്ന അവരുടെ ചോദ്യത്തിന് എന്റെ കൂടെ MITയിലെ ഫിസിക്‌സ് പ്രൊഫസര്‍ ആയിരുന്ന ആള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു,

‘നമ്മള്‍ എന്താണ് പഠിക്കാന്‍ പോകുന്നത് എന്നതിലല്ല കാര്യം, മറിച്ച് നിങ്ങള്‍ എന്താണ് കണ്ടുപിടിക്കാന്‍ പോകുന്നത് എന്നതാണ്.’ അത്തരത്തിലുള്ളതാണ് ശരിയായ വിദ്യാഭ്യാസം. നമ്മള്‍ പരീക്ഷക്ക് വേണ്ടിയാണ് പഠിപ്പിക്കുന്നത്. ക്ലാസുകള്‍ ഒന്നും ഈ ‘കണ്ടെത്തല്‍’ പ്രക്രിയയുടെ ഭാഗമേയല്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് അദ്ധ്യാപകരാണ്.

എന്നാല്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടാവുന്ന പരാജയങ്ങള്‍ക്ക് കാരണം തീര്‍ച്ചയായും അധ്യാപകരുടെ പ്രശ്‌നമല്ല. ഉദാഹരണമായി അമേരിക്കയില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടക്ക് വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാന്‍ വളരെയധികം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ടതാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്.

അതിനാല്‍ ഇപ്പോള്‍ കോളേജുകളില്‍ പ്രൊഫസറും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചകള്‍ വെട്ടിച്ചുരുക്കുന്നു. അവരെ സഹായികളായി ഉപയോഗപ്പെടുത്തി അടിമപ്പണി ചെയ്യിക്കുന്നു. കൂടാതെ കാര്യമായ പ്രതിഫലമൊന്നും നല്‍കുന്നുമില്ല. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കപ്പെടുന്നത് അതിനേക്കാള്‍ തുഛമായ തുകയാണ്.

ഒരുപാട് കൈകാര്യകര്‍ത്താക്കള്‍ (administrators) തങ്ങളുടെ ബിസിനസ്സ് നടത്തിക്കൊണ്ട് പോകുന്നത് സ്‌കൂളുകളില്‍ ചെറിയ ക്ലാസുകളെ വരെ ഉപയോഗപ്പെടുത്തുന്ന ബിസിനസ് രീതികളിലൂടെയാണ്. ഇങ്ങനെയുള്ള രീതികളില്‍ ഒരു അദ്ധ്യാപകന്റെ കീഴില്‍ 50 കുട്ടികള്‍ വരെയുണ്ടാവും. പരസ്പരം നശിപ്പിക്കുകയല്ലാതെ യാതൊന്നും പഠിപ്പിക്കാന്‍ കഴിയില്ല.

ഇങ്ങനെയൊക്കെയാണ് പാഠ്യ പദ്ധതികള്‍. ഒബാമ ഭരണത്തിനു കീഴിലുളള ഉഭയകക്ഷി ബന്ധങ്ങള്‍ പോലെയാണത്. പാഠ്യപദ്ധതികള്‍ അടിസ്ഥാനപരമായി പരീക്ഷകള്‍ക്ക് വേണ്ടിയുള്ളതായി മാറി. അറുബോറനും അതുപോലെ തന്നെ വളരെയധികം മണ്ടന്‍ ആശയങ്ങളില്‍ അധിഷ്ഠിതവുമാണത്.

കുറച്ച് നൈപുണ്യം ആര്‍ജ്ജിച്ചെടുത്തു എന്നതില്‍ക്കവിഞ്ഞ് ആരും ഒരു കാലത്തും ഈ രീതിയില്‍ ഒന്നും പഠിച്ചിട്ടില്ല. അവര്‍ ഒരുപക്ഷേ വിദഗ്ധ തൊഴിലാളികളോ അതുപോലെ മറ്റെന്തെങ്കിലുമൊക്കെയോ ആയിത്തീര്‍ന്നേക്കാം. പക്ഷേ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം അതിനെ വലിയതോതില്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

അമേരിക്കയില്‍ മാത്രമല്ല ബ്രിട്ടണിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുപ്രധാന സാംസ്‌കാരിക വിമര്‍ശകനായ സ്റ്റീഫന്‍ കോളിനി തന്റെ ഒരു ലേഖനത്തില്‍ ടോറി സര്‍ക്കാര്‍ ഒന്നാം നമ്പര്‍ യൂണിവേഴ്‌സിറ്റികളെ മൂന്നാം തരം വ്യവസായ സ്ഥാപനങ്ങളായി തരം താഴ്ത്തി എന്ന് അഭിപ്രായപ്പെട്ടു.

അതായത് ഒരാള്‍ക്ക് ഓക്‌സ്‌ഫോര്‍ഡില്‍ ഒരു ക്ലാസിക് പ്രോഗ്രാം ചെയ്യണമെന്നുണ്ടെങ്കില്‍ അത് വിപണിയില്‍ വില്‍ക്കാന്‍ കഴിയുമെന്ന് അയാള്‍ തെളിയിക്കണം. നിങ്ങള്‍ക്ക് സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ മാര്‍ഗ്ഗം ഇത് തന്നെയാണ്.

വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുകയും പൊതു വിദ്യാലയങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എടുത്തുകളയുകയുമാണ് ട്രംപ് ഭരണകൂടം ചെയ്തതത്. ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം വിദ്യാഭ്യാസ കാര്യത്തില്‍ എന്ത് നയമാണ് സ്വീകരിക്കുന്നത് എന്നു ചോദിച്ചാല്‍ ആദ്യം ട്രംപിന്റെ കാര്യം പറയേണ്ടി വരും.

ട്രംപ് ഭരണകൂടം കണിശമായും നവ ലിബറല്‍ നയങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. അവരുടെ വിദ്യാഭ്യാസ നയങ്ങള്‍ ഒരിക്കലും പിന്‍പറ്റരുതാത്തതാണ്. വിദ്യാഭ്യാസം സ്വകാര്യ മേഖയില്‍ മാത്രം നിലനിര്‍ത്തേണ്ടതാണ് എന്ന അഭിപ്രായം വളരെ വ്യക്തമായി ആദ്യം പറഞ്ഞത് റീഗന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ആണ്.

ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കണം എന്ന് താന്‍ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.എല്ലാവരും വിപണിയില്‍ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം എന്നതായിരുന്നു ഫ്രീഡ്മാന്‍ പറഞ്ഞത്. തീര്‍ച്ചയായും ഇതൊരു മാര്‍ഗ്ഗമായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ എഴുപതുകളിലാണ് ഇതാരംഭിച്ചത്.

ഇത് സ്‌കൂളുകളെ ഏകീകരിക്കുന്നത് ഒഴിവാക്കാനുള്ള ഫ്രീഡ്മാന്റെ നീക്കമായിരുന്നു. അന്ന് പൗരാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളുടെ ഏകീകരണത്തിനുള്ള ശ്രമം നടന്നിരുന്നു. പക്ഷെ സമ്പന്നരായ വെളുത്ത വര്‍ഗ്ഗക്കാരായ രക്ഷിതാക്കള്‍ക്ക് ഏകീകരിക്കപ്പെട്ട സ്‌കൂളുകളില്‍ താല്‍പര്യമില്ല.

അവര്‍ മതപാഠശാലകളിലും സ്വകാര്യ സ്‌കൂളുകളിലും പോയിട്ടാണ് പഠിക്കുന്നത്. അതേസമയം അതിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഫ്രീഡ്മാന്‍ വളരെ ശക്തതമായിതന്നെ ‘മാറ്റി നിര്‍ത്തല്‍ രാഷ്ട്രീയം’ പറയുന്ന വിഭാഗങ്ങളോട് ഒട്ടിനില്‍ക്കുന്നയാളാണ്. അതിനാല്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ അടിത്തറ തോണ്ടാന്‍ ശ്രമിച്ചു.

ചരിത്രം പരിശോധിക്കുമ്പോള്‍ ഇതെന്തൊരു വിരോധാഭാസമാണ് എന്ന് നമുക്ക് തോന്നും. കാരണം ജനാധിപത്യത്തിന് അമേരിക്ക നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് വലിയതോതില്‍ പൊതു വിദ്യാഭ്യാസം നടപ്പിലാക്കി എന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അമേരിക്കയില്‍ ജനാധിപത്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനം യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലായിരുന്നു. യൂറോപ്യന്‍മാര്‍ ഈ നിലയിലേക്ക് ഉയര്‍ന്ന് വരുന്നത് പിന്നെയും വളരെ വൈകിയാണ്.

കോളേജ് തലത്തില്‍ നോക്കുകയാണെങ്കില്‍, MIT പോലുളള ‘ലാന്റ് ഗ്രാന്റ്’ യൂണിവേഴ്‌സിറ്റികള്‍ ഉദാഹരണമായിട്ടെടുത്താല്‍, അവ ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരണത്തിന്റെ ഭാഗമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ഒരു നവീകരണം സാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാത്രമാണ്.

അതായത് അമേരിക്കയിലത് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സംഭവിച്ചിരുന്നു. ഇപ്പോള്‍ ലിബറലുകളും തീവ്ര നവലിബറല്‍ നയങ്ങള്‍ പിന്‍പറ്റുന്നവരും എല്ലാം തന്നെ ഇതെല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവരത് തുറന്ന് പറയുകയും ചെയ്യുന്നു. വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറി
പറഞ്ഞത് നമുക്ക് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നും വിദ്യാഭ്യാസം സ്വകാര്യ മേഖലയില്‍ മതി എന്നുമാണ്.

അതിനേക്കാള്‍ പരിതാപകരമാണ് സുപ്രീം കോടതിയുടെ അവസ്ഥ. അതിപ്പോള്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ഒരു ക്രിസ്ത്യന്‍ ദേശീയ പ്രസ്ഥാനമാണ്. പൊതുജനം സ്വകാര്യ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കണം എന്നാണ് കോടതിയുടെ അഭിപ്രായം.
അവര്‍ ഒന്നാം ഭരണഘടന ഭേദഗതിയെ പൊളിക്കുകയാണ് ചെയ്യുന്നത്.

സ്റ്റേറ്റിനും മതത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുന്നു. അതിനാല്‍ മത പാഠശാലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ മതേതരരായ രക്ഷിതാക്കളുടെ ഉത്തരവാദിത്തമായി മാറുന്നു. അത്തരമൊരു അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അക്കാര്യത്തില്‍ അവര്‍ വളരെ സുതാര്യവുമാണ്.

ഇത് കത്തോലിക്കാ സഭയുടെ പിന്തിരിപ്പന്‍ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രിസ്റ്റ്യന്‍ ദേശീയ പ്രസ്ഥാനമാണിപ്പോള്‍. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചര്‍ച്ചിന്റെ വകയല്ല വിദ്യാഭ്യാസ മേഖല.

വിദ്യാഭ്യാസത്തിന്റെ പരമോന്നത ലക്ഷ്യം, ഒരു ജനാധിപത്യ സമൂഹത്തില്‍ യുവജനതയെ ഫലപ്രദമായും ക്രിയാത്മകമായും ഉപയോഗപ്പെടുത്തുക എന്നതാണ്. അല്ലാതെ അദ്ധ്യാപനം മുതല്‍ പരീക്ഷ വരെ നീണ്ടു നില്‍ക്കുന്ന പ്രക്രിയയില്‍ മറ്റുള്ളവരുടെ കയ്യിലെ വെറും ഉപകരണങ്ങളാക്കി മാറ്റുകയല്ല വേണ്ടത്.

ഏതാണ്ട് മുപ്പതോളം വരുന്ന റിപ്പബ്ലിക്കന്‍ നിയമസഭകളുള്ള റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളില്‍ അമേരിക്കന്‍ ചരിത്രം പഠിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന തരത്തില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. അതിനു പകരം ദേശഭക്തിഗാനങ്ങള്‍ പഠിപ്പിക്കുന്നു.

സകല പ്രിവിലേജുകളുമുള്ള വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് ക്ലാസുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് തടയാനാണിത്. അമേരിക്കന്‍ ചരിത്രം വായിക്കുമ്പോള്‍ അസ്വസ്ഥതപ്പെടാന്‍ ഏറെയുണ്ട്. നമ്മള്‍ എത്തരത്തിലുള്ള ഒരു സമൂഹമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒരു ജനാധിപത്യ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തണമെങ്കില്‍ എന്തുകൊണ്ടാണിത് ഇങ്ങനെയെന്നും എവിടെ നിന്ന് വന്നു എന്നും എല്ലാം നാം അറിഞ്ഞിരിക്കണം.

നമ്മള്‍ വെറും ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി അധ:പതിക്കുകയും ഒരിക്കലും ഒന്നിനെയും ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തെക്കുറിച്ചും നമ്മുടെ സമൂഹത്തെക്കുറിച്ചും മറ്റൊന്നിനെക്കുറിച്ചും പഠിപ്പിക്കേണ്ടതില്ല.

വിമര്‍ശനാത്മക വര്‍ഗ്ഗ സിദ്ധാന്തം (Critical race theory) ചില ഒച്ചപ്പാടുകള്‍ക്ക് കാരണമായെങ്കില്‍ കൂടി അതിനെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല എന്നതൊരു വാസ്തവമാണ്.

വലതുപക്ഷ സ്ഥാപനമായ മാന്‍ഹാട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തനായ ഒരു വക്താവ് ക്രിസ്റ്റഫര്‍ റൂഫോ ‘ക്രിറ്റിക്കല്‍ റെയ്‌സ് തിയറി’ നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. അദ്ദേഹം വ്യക്തമാക്കുന്നത് നമുക്കിഷ്ടപ്പെടാത്ത ഒരുപാട് കാര്യങ്ങളെ സൂചിപ്പിക്കാന്‍ നിഗൂഢമായ ഒരു പദം ഉപയോഗിക്കുന്നു എന്നാണ്.

വാസ്തവത്തില്‍ ഇത് എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് വിഷയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ശരിക്കും കാര്യങ്ങള്‍ മനസ്സിലാവുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസത്തിന് തടയിടുക എന്നതാണ് അവരുടെ ലക്ഷ്യം.

അതായത് എങ്ങനെയുള്ള ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്, എത്തരത്തിലുള്ള ഒരു സമൂഹമാണ്, അതിന്റെ നേട്ടങ്ങള്‍, അനീതികള്‍, എന്തിനെയൊക്കെ കൈകാര്യം ചെയ്യണം, എന്തൊക്കെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണം, എന്തൊക്കെ ചെയ്യരുത്, കൃത്യവും സത്യസന്ധവുമായിരിക്കണം എന്നതെല്ലാം വ്യക്തമാക്കുന്നുണ്ട് .

വെറും വലതുപക്ഷത്തെക്കുറിച്ച് മാത്രമല്ല പരാമര്‍ശിക്കുന്നത്. 1970 കളുടെ തുടക്കത്തില്‍ പുറത്ത് വന്ന പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും.വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്.

കാരണം 1960 കളില്‍ ജനപ്രിയ ആക്ടിവിസത്തിന്റെ (പ്രതിഷേധ പ്രകടനങ്ങള്‍) തരംഗങ്ങള്‍ ആഞ്ഞടിച്ച ഒരു കാലമായിരുന്നു. അതായത് വിദ്യാര്‍ത്ഥികളുടെ ആക്ടിവിസം, സ്ത്രീകളുടെ ആക്ടിവിസം തുടങ്ങിയവ സജീവമായിരുന്നു. അധികാരികള്‍ക്കും അവരുടെ പ്രമാണങ്ങള്‍ക്കും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്ന കാലഘട്ടമായിരുന്നു.

വംശീയത, ലിംഗപരമായ വേര്‍തിരിവ് കാണിക്കല്‍ തുടങ്ങിയവക്കെതിരായ എല്ലാ തരത്തിലുള്ള പോരാട്ടങ്ങളും ചില പ്രത്യേക അജണ്ടയുടെ ഭാഗമായി വന്നവയാണ്. ഇത് മുഴുവന്‍ അധികാരി വര്‍ഗ്ഗത്തെയും ഭയപ്പെടുത്തി. പ്രതികരണങ്ങള്‍ വളരെ രൂക്ഷമായിരുന്നു. ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ അതിനേക്കാള്‍ താല്‍പര്യം ജനിപ്പിക്കുന്നവയായിരുന്നു.

1975 ല്‍ പുറത്തിറങ്ങിയ ‘ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍’ (The crisis of democracy ) വായിക്കേണ്ട ഒരു പുസ്തകമാണ്. ആധികാരികമായ ഒരു രേഖ എന്ന നിലയില്‍ പല തവണ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ജനാധിപത്യം അങ്ങേയറ്റം അനുഭവിച്ചത് 1960 കളിലാണ്. പലതുറകളിലുള്ള ജനങ്ങള്‍ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇടപെട്ടു, അവരുടെ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി വാദിച്ചു.

അത് നല്ലതല്ലെന്നാണ് അവരുടെ പക്ഷം. ജനാധിപത്യത്തിന്റെ അതിപ്രസരമാണ് ജനാധിപത്യത്തിന്റെ വെല്ലുവിളി എന്നാണ് അവര്‍ പറയുന്നത് . അവര്‍ അത് തുറന്ന് പറയില്ല. പക്ഷേ പരോക്ഷമായി സൂചിപ്പിക്കുന്നത് നമ്മളെ പോലെ ശക്തരും വിശേഷാധികാരമുള്ളവരും (Privilege ) മാത്രം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയും മറ്റുള്ളവര്‍ മിണ്ടാതെ വിട്ടു നില്‍ക്കുകയും ചെയ്യുക എന്നാണ്.

ഇതിന് അവര്‍ വിളിക്കുന്നത് മിതത്വമെന്നും ജനാധിപത്യമെന്നുമൊക്കെയാണ്. മൗനാനുവാദത്തോടെ നിഷ്‌ക്രിയരാവുക. ഞങ്ങള്‍ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കി നടത്തും. ഇതാണ് അവര്‍ അവതരിപ്പിക്കുന്ന ലിബറല്‍ ജനാധിപത്യ സിദ്ധാന്തം. (liberal democratic theory). അവര്‍ യൂണിവേഴ്‌സിറ്റികളെ കുറിച്ച് പറയുന്നത് യൂണിവേഴ്‌സിറ്റികള്‍ യുവതയെ ഉപദേശിക്കുക എന്ന അവരുടെ കടമയില്‍ പരാജയപ്പെടുന്നു എന്നാണ്.

അതായത് ഈ കുട്ടികള്‍ വിയറ്റ്‌നാമിലെ യുദ്ധത്തെ എതിര്‍ത്തുകൊണ്ട് തെരുവിലിറങ്ങുന്നു. മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നു. പൗരാവകാശം, സ്ത്രീകളുടെ അവകാശം തുടങ്ങിയവക്ക് വേണ്ടി സംസാരിക്കുന്നു. ഇക്കാര്യങ്ങളൊന്നും നമുക്ക് ആവശ്യമില്ല. അതിനാല്‍ യുവതക്ക് സാരോപദേശം നല്‍കുക എന്നതിലേക്ക് തിരിച്ചു നടക്കുക.

ഇടതു ലിബറല്‍ സമീപനം എന്നത് വലതുപക്ഷത്തോട് വളരെ പരുഷമായ സമീപനമാണ് സ്വീകരിക്കുന്നത്. പക്ഷേ നയ നിലപാടുകള്‍ നടപ്പില്‍ വരുത്തുമ്പോള്‍ അതില്‍ വ്യത്യസ്തമായ ധാരകള്‍ കാണാന്‍ കഴിയും. പക്ഷേ യുവതയുടെ ബോധവല്‍ക്കരണം മെച്ചപ്പെട്ട രീതിയില്‍ നടത്തും.

ശരിയായരീതിയില്‍ ചരിത്രം പഠിപ്പിച്ചില്ലെങ്കില്‍ അഥവാ അവര്‍ സ്വയം പഠിച്ചില്ലെങ്കില്‍ അവര്‍ക്ക് എന്തുകൊണ്ടാണ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ എന്നത് മനസ്സിലാവില്ല. എന്തുകൊണ്ടാണ് സമ്പത്തിന്റെ കാര്യത്തില്‍ കറുത്ത വര്‍ഗ്ഗക്കാരായ കുടുംബങ്ങള്‍ക്കും വെളുത്ത വര്‍ഗ്ഗക്കാരായ കുടുംബങ്ങള്‍ക്കും ഇടയില്‍ ഇത്രയും വലിയ അന്തരമുള്ളത് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല.

ഇതിന്റെ കാരണങ്ങള്‍ പഠിപ്പിച്ചില്ലെങ്കില്‍ വംശീയത തെറ്റായ രീതിയില്‍ അവരില്‍ ഉണ്ടാവും. അവര്‍ മടിയന്‍മാരാവും, തെറ്റായ രീതികള്‍ പിന്‍പറ്റുന്ന തലമുറയാവും. വംശീയത പേറുന്ന ഒരു സമൂഹത്തെയാണ് നമുക്ക് വേണ്ടത് എങ്കില്‍ ഇതു പോലെ ചെയ്യാം.

അതല്ല കഴിഞ്ഞ 400 വര്‍ഷങ്ങളില്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് നിങ്ങളവരെ പഠിപ്പിച്ചാല്‍ വളരെ വ്യത്യസ്തമായ ഒരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയും.

തദ്ദേശീയരായ അമേരിക്കക്കാരുടെ ഉദാഹരണം ഈയവസരത്തില്‍ എടുത്ത് പറയേണ്ടതാണ്.അവര്‍ തങ്ങളുടെ പ്രകൃതി വിഭവങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടി മറ്റൊരു കഴിവും ആര്‍ജ്ജിച്ചെടുത്തില്ല, അതിനു കാരണം അവര്‍ക്ക് സമ്പന്നവും സജീവമായതുമായ ഒരു നാഗരികതയുണ്ടായിരുന്നു എന്നതായിരുന്നു.

എന്നാലവര്‍ അധിനിവേശക്കാരാല്‍ വംശഹത്യ ചെയ്യപ്പെട്ടു, നശിപ്പിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ മനസ്സിലാവില്ല. ഈ ലോകം എങ്ങനെയാണെന്നും എവിടെ നിന്നാണ് പ്രത്യേകാവകാശങ്ങളും സമ്പത്തുമെല്ലാം വന്നതെന്നും എന്തൊക്കെയാണ് നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ നില നില്‍ക്കുന്ന അനീതികള്‍ എന്നിവയെക്കുറിച്ചെല്ലാം ചില ധാരണകള്‍ നമുക്ക് ഉണ്ടാവേണ്ടതുണ്ട്.

വെളുത്ത വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണോ സംഭവിച്ചത് അതിനെ ഇല്ലായ്മ ചെയ്യണം. സ്ത്രീ അവകാശങ്ങളെക്കുറിച്ചും ഇതു തന്നെയാണ് പറയാനുള്ളത്. അവര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആവശ്യപ്പെടുകയും അതിനായി രംഗത്തിറങ്ങുകയും ചെയ്തു.

എന്തുകൊണ്ടവര്‍ക്ക് അവരുടെ തട്ടകത്തിലേക്ക് തിരിച്ചു പോവുകയും അടുക്കളയില്‍ കുട്ടികളെ നോക്കുകയും ചെയ്തു കൂടാ എന്ന് വേണമെങ്കില്‍ ചോദിക്കാം. അതായത് നാസികളെപ്പോലെ സ്ത്രീകള്‍ കുട്ടികളെ വളര്‍ത്തുകയും കുടുംബത്തിന്റെ കാര്യങ്ങള്‍, മറ്റു കാര്യങ്ങള്‍ എന്നിവ നോക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്.

അത്തരത്തില്‍ ഒരു സമൂഹമാണ് നമുക്ക് വേണ്ടതെങ്കില്‍ സമൂഹത്തിന്റെ പാതിയെ പഠിപ്പിക്കേണ്ടതില്ല. എന്തു സംഭവിച്ചുവെന്ന് ആരെയും പഠിപ്പിക്കേണ്ടതില്ല. പഴയ കാലഘട്ടത്തിലെ തലമുറയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ വ്യക്തികളായിരുന്നില്ല, മറിച്ച് അവരുടെ
സ്വത്തായിരുന്നു.

ഇംഗ്ലീഷ് കോമണ്‍ നിയമം ബ്ലാക്ക് സ്റ്റോണ്‍ അനുസരിച്ച് സ്ത്രീ അവരുടെ പിതാവിന്റെ സ്വത്താണ്. പിന്നീടത് ഭര്‍ത്താവിന് കൈമാറ്റം ചെയ്യപ്പെടുന്നു. സ്ത്രീക്ക് വോട്ടവകാശം നല്‍കപ്പെട്ടതിനെതിരെ വന്ന ഒരു വാദം പോലും അത് അവിവാഹിതരായ പുരുഷന്‍മാരോടുള്ള അനീതിയാണ് എന്നായിരുന്നു.

കാരണം അതു വഴി വിവാഹിതരായ പുരുഷന്‍മാര്‍ക്ക് രണ്ട് വോട്ടുകള്‍ ലഭിക്കും. ഒന്ന് അവരുടെ സ്വന്തം വോട്ടും മറ്റേത് അവരുടെ ‘സ്വത്തായ’ സ്ത്രീയുടേതും. 1975 വരെ ഈ സ്ഥിതി തുടര്‍ന്നു. അവസാനം 1975 ല്‍ സുപ്രീം കോടതി ഇപ്രകാരം പ്രസ്താവിച്ചു- ‘സ്ത്രീകള്‍ക്ക് ഫെഡറല്‍ ജൂറികളില്‍ പുരുഷന്‍മാരോടാപ്പം തന്നെ പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടായിരുന്നു.

സാങ്കേതികമായി പറഞ്ഞാല്‍ അവര്‍ വ്യക്തികളാണ്. ഭരണഘടനയുടെ രണ്ടാം ഭാഗം പരിശോധിച്ചാല്‍, ആഭ്യന്തര യുദ്ധത്തിനു ശേഷം വന്ന ഭേദഗതികള്‍ സ്ത്രീകളെ എല്ലായിടത്ത് നിന്നും മാറ്റി നിര്‍ത്തി എന്നും അതിനു ശേഷം അവരെ ഒരു വ്യക്തി എന്ന നിലയില്‍ പരിഗണിച്ചില്ല എന്നുമെല്ലാം മനസ്സിലാവും.

ഇന്നത്തെ സമൂഹത്തെക്കുറിച്ച് അറിയണമെങ്കില്‍ ഇതെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഇതൊന്നും പുതിയ തലമുറ മനസ്സിലാക്കേണ്ടതില്ല എന്നാണെങ്കില്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ ഇതൊന്നും പഠിപ്പിക്കേണ്ടതില്ല. പകരം എങ്ങനെയാണ് (നവ രാഷ്ട്രീയ ആശയങ്ങള്‍ പറയുന്ന) ‘വോക് മുന്നേറ്റങ്ങള്‍’ കുട്ടികളെ ലൈംഗിക അടിമകളാക്കി മാറ്റുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ കെട്ടുകഥകള്‍ ഉണ്ടാക്കുക.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പകുതിയോളം പേരും കരുതുന്നത് പീഡോഫീലുകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നാണ്. അതിനാല്‍ അവര്‍ കുട്ടികളെ പീഡോഫീലിയ പോലുള്ള ആശയങ്ങളുടെ പ്രചാരകരാക്കാന്‍ പരിശീലിപ്പിക്കുന്നു എന്നാണ് പ്രചരണം. അത് ശക്തവും സംഘടിതവുമായ ഒരു പ്രചരണത്തിന്റെ ഭാഗമാണ്.

ഇത് മാതാപിതാക്കളെ അരിശം കൊള്ളിക്കാനുള്ള ഒരു വഴിയാണ്. അവരുടെ കുട്ടികളെ നശിപ്പിക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ തടയാന്‍ വേണ്ടി ഡെമോക്രാറ്റുകള്‍ക്കെതിരെ അവരെ സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്

 

_____________

ഒറിജിനല്‍ ലിങ്ക്,

EduKitchen യൂട്യൂബ് ചാനലിനായി തിജ്മന്‍ സ്‌പ്രേയ്കല്‍ നടത്തിയ അഭിമുഖത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. പൂര്‍ണമായ അഭിമുഖം ഇവിടെ കാണാം,

 

* chat GPT-OpenAI എന്ന കമ്പനി 2022 നവംബറില്‍ പുറത്തിറക്കിയ ഒരു ചാറ്റ് ബോട്ട് Program( ലൈവ് ചാറ്റ് ) ആണ് chat GPT. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്പില്‍ സംശയങ്ങള്‍ക്ക് ഞൊടിയിടയില്‍ ഉത്തരം ലഭിക്കുന്നു.
എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് സംക്ഷിപ്ത രൂപത്തില്‍ ഉപയോക്താവിന്റെ മുന്നിലെത്തിക്കുന്നു. കമ്പ്യൂട്ടര്‍ കോഡിംഗില്‍ വരുന്ന തെറ്റുകള്‍ വരെ പെട്ടെന്ന് തിരുത്തി നല്‍കുന്നു.

* Critical race theory – വംശം എന്നത് സമൂഹം ഉണ്ടാക്കിയെടുത്ത ഒരു ആശയമാണ്. വംശീയത എന്നത് പാശ്ചാത്യ സമൂഹങ്ങളില്‍ ആഴത്തില്‍ വേരുകള്‍ ഉള്ളതാണ്. പ്രത്യേകിച്ച് നിയമപരവും സാമൂഹികവുമായ സ്ഥാപനങ്ങളില്‍. അതിന് കാരണം വെളുത്ത വര്‍ഗ്ഗക്കാരായ ആളുകളാണ് പ്രാഥമികമായി അത് രൂപകല്‍പന ചെയ്തത്. അവര്‍ക്ക് വേണ്ടിത്തന്നെയാണ് അവയെല്ലാം സ്ഥാപിക്കപ്പെട്ടതും. ഇത്തരത്തില്‍ കാര്യങ്ങളെ വിലയിരുന്നുന്ന ഒരു സിദ്ധാന്തമാണ് ക്രിറ്റിക്കല്‍ റെയ്‌സ് തിയറി. (വിമര്‍ശനാത്മക വര്‍ഗ്ഗ സിദ്ധാന്തം)

 

Contetnt highlight: Noam Chomsky about chat GPT