മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ തെറ്റ്, ഹമാസ് എന്നെ ഉപദ്രവിച്ചിട്ടില്ല: നോവ അര്‍ഗമനി
World
മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ തെറ്റ്, ഹമാസ് എന്നെ ഉപദ്രവിച്ചിട്ടില്ല: നോവ അര്‍ഗമനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 1:46 pm

ടെല്‍അവീവ്: ഇസ്രഈലി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ഹമാസ് ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് ഹമാസിന്റെ തടവില്‍ നിന്നും മോചിതയായ ഇസ്രഈല്‍ പൗരന്‍ നോവാ അര്‍ഗമനി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താന്‍ പറഞ്ഞതെന്ന വ്യാജേന പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഇവര്‍ പറഞ്ഞു.

ടോക്കിയോയില്‍ നടന്ന ജി7ല്‍ രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായി സംസാരിച്ച അര്‍ഗമനി, ഹമാസ് ബന്ദിയാക്കിയതിന് ശേഷമുള്ള തന്റെ ദിവസങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അവിടെ സംസാരിച്ച കാര്യങ്ങള്‍ രണ്ട് ദിവസത്തിന് ശേഷം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും ഹമാസിനെതിരായി പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അര്‍ഗമനിയുടെ പ്രതികരണം.

ചില ഇസ്രഈല്‍ മാധ്യമങ്ങള്‍ പറയുന്നത് പോലെ ഫലസ്തീനികള്‍ തന്നെ മര്‍ദ്ദിക്കുകയോ മുടി ഷേവ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് അര്‍ഗമനി ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു.

ഹമാസിന്റെ ആക്രമണത്തില്‍ അല്ല തനിക്ക് പരിക്കേറ്റതെന്നും തന്നെ രക്ഷിക്കുന്നതിനായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് പരിക്കേറ്റതെന്നുമാണ് നോവ അര്‍ഗമനി പറയുന്നത്.

 

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ എനിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായാണ് പ്രചരിക്കുന്നത്. എന്നെ തല്ലിയിട്ടോ മുടി മുറിച്ചിട്ടോയില്ല. ഇസ്രഈല്‍ എയര്‍ഫോഴ്‌സ് ബോംബെറിഞ്ഞ കെട്ടിടത്തിനുള്ളിലായിരുന്നു ഞാന്‍. ആ കെട്ടിടം ഇടിഞ്ഞു വീണ് എന്റെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്,’ അര്‍ഗമനി പറഞ്ഞു.

നൂറുകണക്കിന് ഫലസ്തീനികളെ കൊലപ്പെടുത്തിയാണ് ഇസ്രഈല്‍ നോവ അര്‍ഗമനിയെ ഫലസ്തീനില്‍ നിന്നും മോചിപ്പിച്ചത്. അര്‍ഗമനിയടക്കം മൂന്ന് ഇസ്രഈലികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് അര്‍ഗമനി മോചിക്കപ്പെട്ടത്.

മോചിക്കപ്പെട്ടതിന് ശേഷം ഫലസ്തീനെ കുറിച്ചും ഇസ്രഈല്‍ ആക്രമണത്തെ കുറിച്ചും അവര്‍ പറഞ്ഞിരുന്നു.

ബന്ദിയാക്കപ്പെട്ടതിനേക്കാള്‍ ഭയാനകം ഇസ്രഈലിന്റെ വ്യോമാക്രമണമായിരുന്നെന്നും ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കണമെന്നും ജി7ല്‍ അര്‍ഗമനി അഭിപ്രായപ്പെട്ടു.

Content Highlight: Noa Argamani says she was wounded by Israel, not Hamas