ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞെങ്കിലും ജൂണ്‍ ഒമ്പതിന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ നേതാക്കള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. ദി വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്ന് കാട്ടി ആറ് വിദേശ നേതാക്കള്‍ക്ക് വെള്ളിയാഴ്ച പ്രധാനമന്ത്രി കത്തയച്ചതായി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഡി.എ സര്‍ക്കാരിന് ഇന്ത്യന്‍ ജനത മൂന്നാമതും അവസരം നല്‍കിയെന്ന് വിദേശ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മോദി പറഞ്ഞു.
ഭൂട്ടാന്‍ രാജാവ് ജിഗ്മെ സിഗ്മെ വാങ്ചുക്ക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ക്കാണ് പ്രധാനമന്ത്രി കത്ത് അയച്ചത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായി അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.
ജൂണ്‍ ഒമ്പതിന് ചടങ്ങ് നടക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ വകുപ്പുകള്‍ സംബന്ധിച്ച് സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ ധാരണ ആകാത്തതിനാല്‍ കൃത്യമായ സമയമോ ദിവസമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് ഇതിന് മുമ്പ് അറിയിച്ചത്. വിദേശ നേതാക്കള്‍ക്ക് കത്തയച്ചെങ്കിലും ഇന്ത്യയില്‍ നിന്നും ആര്‍ക്കും ഇതുവരെ ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ല.
2024ലെ ജനവിധിയിലൂടെ കനത്ത പ്രഹരമായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് ഏറ്റത്. ആകെ 240 സീറ്റുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പിക്ക് നേടാനായത്. ജെ.ഡി.യുവിന്റെയും ടി.ഡി.പിയുടെയും പിന്തുണയടോടെയാണ് ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലേക്ക് എന്‍.ഡി.എ എത്തിയത്.
2019ലേക്കാള്‍ 63 സീറ്റുകളാണ് ബി.ജെ.പിക്ക് ഇത്തവണ കുറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ദല്‍ഹിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: No Word on President Invitation to Form Govt But Modi Sends Invites to Foreign Leaders for June 9