ഭോപാല്‍: മധ്യപ്രദേശ് മന്ത്രിസഭാ വികാസം ഉടനുണ്ടാകുമെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം വന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും നീണ്ട കാത്തിരിപ്പിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം. ചില കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ള വിയോജിപ്പുകളാണ് വൈകുന്നതിനുള്ള കാരണമെന്നും എം.എല്‍.എമാരില്‍ ആരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നതിലെ ആശയക്കുഴപ്പമാണെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് പാര്‍ട്ടി വൃത്തങ്ങള്‍ പങ്കുവെക്കുന്നത്.
മന്ത്രിസഭാ വികാസം ഉടനുണ്ടാകുമെന്ന് ചൗഹാന്‍ വാക്കുപറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ജ്യോതിരാദിത്യ സിന്ധ്യയും എം.എല്‍.എമാരും കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്നാണ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത്. എന്നാല്‍, അധികാരം നേടി മാസങ്ങള്‍ പിന്നിട്ടിട്ടും അഞ്ച് മന്ത്രിമാര്‍ മാത്രമാണ് ചുമതലയേറ്റെടുത്തിട്ടുള്ളു.
കേന്ദ്ര നേതൃത്വവുമായി നിരവധി യോഗങ്ങള്‍ നടത്തിയെങ്കിലും മന്ത്രിമാരുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന തങ്ങള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങള്‍ വേണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യാമ്പ് ആവശ്യപ്പെടുന്നത്. കമല്‍നാഥ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന തുള്‍സി ശിലാവത്, ഗോവിന്ദ് സിങ് എന്നിവര്‍ ഏപ്രില്‍ 21 ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാല്‍ ഒമ്പത് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ചൗഹാന് തന്റെ പഴയ ടീമില്‍നിന്നും ചിലരെ ഉള്‍ക്കൊള്ളിക്കാനാവില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ തര്‍ക്കങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, സംസ്ഥാനത്ത് നാലാം തവണ അധികാരത്തിലെത്തുന്ന ശിവരാജ് സിങ് ചൗഹാനും കേന്ദ്ര നേതൃത്വവും തമ്മിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
ഇന്‍ഡോറില്‍ നടത്തിയ ജി.എസ്.ടി റെയ്ഡ്, ചൗഹാന്റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ തട്ടിപ്പുകാരെന്ന് വിശേഷിപ്പിച്ചത്, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.എല്‍.എ കൂറുമാറി വോട്ട് ചെയ്തതടക്കം ചൗഹാനും കേന്ദ്രവും തമ്മില്‍ ഇടച്ചിലുകളുണ്ട്.
സിന്ധ്യയ്‌ക്കൊപ്പമുള്ള 11 പേരെ പരിഗണിക്കുന്നതില്‍ മുതിര്‍ന്ന ചില ബി.ജെ.പി നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. അതേസമയം, ഇവരില്‍ ചിലര്‍ പ്രവര്‍ത്തകരിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണവുമുണ്ട്.
സിന്ധ്യയ്‌ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ പലരും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ വലിയ സ്വാധീനമുള്ളവരാണ്. എന്നാല്‍ ചൗഹാന്റെ അടുപ്പക്കാരില്‍ ചിലര്‍ക്കും ഇത്തരം സ്വാധീനങ്ങളുണ്ട്.
രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാം എന്ന ആശയത്തോടും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, സിന്ധ്യയ്‌ക്കൊപ്പമുള്ള തുള്‍സിറാം ശിലാവത് എന്നിവരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ആലോചിച്ചിരുന്നത്. എന്നാല്‍, സിന്ധ്യയ്‌ക്കൊപ്പമുള്ള ഒരാളെ ഉള്‍പ്പെടുത്തി രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ പരിഗണിക്കുന്നതിനോട് ശിവരാജ് സിങ് ചൗഹാന് താല്‍പര്യമില്ല.
മാര്‍ച്ചില്‍ അധികാരമേറ്റെടുത്ത ഉടന്‍ ഏപ്രില്‍ 21ന് മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു ചൗഹാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അഞ്ച് പേര്‍ മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വികസിപ്പിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രി സഭ വികസിപ്പിക്കുന്നതില്‍ ബി.ജെ.പി ഭയപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യുമോ എന്ന ആശങ്കയായിരുന്നു അതിന് പിന്നില്‍.
ചൗഹാന്‍ കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇതിലെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനോട് പല ബി.ജെ.പി എം.എല്‍.എമാര്‍ക്കും യോജിപ്പില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനങ്ങളുണ്ടാവുന്നതില്‍ വിലങ്ങുതടിയാവുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ