'തൊഴിലും പെന്‍ഷനുമില്ല; ബി.ജെ.പിയുടേത് പൊള്ളയായ വാഗ്ദാനം: ഇത്തവണ വോട്ട് ചെയ്യുന്നില്ലെന്ന് സാങ്‌വാൻ കൂട്ടായ്മ
national news
'തൊഴിലും പെന്‍ഷനുമില്ല; ബി.ജെ.പിയുടേത് പൊള്ളയായ വാഗ്ദാനം: ഇത്തവണ വോട്ട് ചെയ്യുന്നില്ലെന്ന് സാങ്‌വാൻ കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 2:47 pm

ഹിസാര്‍ : സംസ്ഥാനത്ത് പെന്‍ഷന്‍ പദ്ധതിയും ബാച്ചിലേഴ്സ് സെന്‍സസ് നടത്തുകയും ചെയ്തില്ലെങ്കില്‍ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് അവിവാഹിതരുടെയും തൊഴില്‍രഹിതരുടെയും കൂട്ടായ്മ. സാങ്‌വാൻ എന്ന കൂട്ടായ്മായാണ് തങ്ങള്‍ക്ക് ആവശ്യമുള്ള ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞത്.

40 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പുരുഷന്‍മാരുടെ സംഘടനയായ സമസ്ത് അവിവാഹിത് പുരുഷ സമാജ്, അവിവാഹിതരായ സ്ത്രീകളുടെ കൂട്ടായ്മയായ ഏകീകൃത റാന്‍ഡ യൂണിയന്‍ തുടങ്ങിയ രണ്ടു വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് സാങ്‌വാൻ. ഇവരില്‍ ഭൂരിഭാഗവും ജാട്ട് സമുദായത്തില്‍ നിന്നുള്ളവരാണ്.

അവിവാഹിതര്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി രേഖാമൂലം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതില്ലെന്നാണ് അസോസിയേഷനുകളുടെ തീരുമാനമെന്ന് സാങ്‌വാൻ അംഗങ്ങള്‍ പറഞ്ഞു. നിലവില്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. മെയ് 25 നാണ് ഹരിയാനയില്‍ വോട്ടെടുപ്പ്.

‘ഞങ്ങള്‍ ഇത്തവണ വോട്ട് ചെയ്യില്ല. അവര്‍ പറയുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം. അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യം? സെന്‍സസ് നടന്നിട്ടില്ല. ഞങ്ങള്‍ ബാച്ചിലേഴ്സ് സെന്‍സസ് ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിലെ ലിംഗാനുപാതത്തിന്റെ കൃത്യമായ യാഥാര്‍ത്ഥ്യം സെന്‍സസ് നടത്തുമ്പോള്‍ പുറത്തുവരും. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് പറഞ്ഞ് ബി.ജെ.പി അധികാരത്തില്‍ വന്നെങ്കിലും ഒന്നും മാറിയിട്ടില്ല,’ സാങ്‌വാൻ അംഗങ്ങള്‍ പറയുന്നു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ പ്രശ്നം കൂടിവരികയാണെന്നും യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുകയാണെന്നും ഇവര്‍ പറയുന്നു. ഭാര്യമാരില്ലാത്തതിനാല്‍ തങ്ങള്‍ക്ക് പലപ്പോഴും തൊഴിലവസരങ്ങളും വാടക വീടുകളും നിഷേധിക്കപ്പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2022 ഡിസംബര്‍ വരെ, ഹരിയാനയില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് 11.3 ശതമാനമായിരുന്നു, സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കായിരുന്നു ഇത്. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഹരിയാനയില്‍ 45-60 പ്രായപരിധിയിലുള്ള എല്ലാ അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും 2,750 രൂപ വാഗ്ദാനം ചെയ്യുന്ന ഒരു പെന്‍ഷന്‍ പദ്ധതി ബി.ജെ.പി അവതരിപ്പിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ ഗുണങ്ങള്‍ ഒന്നോ രണ്ടോ പേരില്‍ മാത്രം ഒതുങ്ങിയെന്നാണ് സാങ്‌വാൻ അംഗങ്ങള്‍ പറഞ്ഞത്.

ഹരിയാനയിലെ ലിംഗാനുപാതം 2024 മാര്‍ച്ചിലെ കണക്കനുസരിച്ച് 1,000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികളാണ്. വാര്‍ഷിക ലിംഗാനുപാതം 2022-ല്‍ 942-ല്‍ നിന്ന് 2023-ല്‍ 921 ആയി കുറഞ്ഞു എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: ‘No wives, jobs or pension’ – single Haryana men vow to vote only if parties promise census, benefits