ന്യൂദല്‍ഹി: മരണത്തിന് ഒരാഴ്ച മുന്‍പ് സുനന്ദ പുഷ്‌കര്‍ മരണത്തെ സൂചിപ്പിച്ച് ശശി തരൂരിന് കത്തെഴുതിയതായി പൊലീസ്. ദല്‍ഹി പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച 3000 പേജ് ചാര്‍ജ് ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശശി തരൂര്‍ ഭാര്യ സുനന്ദയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതായും ചാര്‍ജ് ഷീറ്റ് ആരോപിക്കുന്നു.
“എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല… ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് മരണത്തിനായാണ്.” എന്നാണ് മരിക്കുന്നതിന് ഒന്‍പത് ദിവസം മുന്‍പ് സുനന്ദ മെയില്‍ ചെയ്തതെന്ന് ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
വിശദമായ വാദം കേട്ടശേഷം കോടതി ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സ്വീകരിക്കണോ എന്ന കാര്യത്തില്‍ ജൂണ്‍ അഞ്ചാം തീയതി അന്തിമ തീരുമാനം സ്വീകരിക്കും.
മരണത്തിന് മുന്‍പ് തരൂര്‍ സുനന്ദയുടെ ഫോണ്‍കോളുകള്‍ അവഗണിക്കുകയും കട്ട് ചെയ്യുകയും ചെയ്തതായും പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു. സോഷ്യല്‍മീഡിയയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവഗണിച്ചതായും ചാര്‍ജ്ഷീറ്റ് പറയുന്നു.
മെയ് 14നാണ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ദല്‍ഹി പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്.