കറാച്ചി: വനിതാ ക്രിക്കറ്റിനോടുള്ള ആരാധകരുടേയും ബോര്‍ഡിന്റേയും സമീപം ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശനത്തോടെ മാറുമെന്ന് പ്രതീക്ഷിക്കാം. മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയെന്നു തന്നെയാണ് മിതാലിയ്ക്കും ജുലനും സ്മൃതിയ്ക്കും ഹര്‍മനും എക്തയ്ക്കുമെല്ലാം വര്‍ധിച്ചു വരുന്ന ആരാധക പിന്തുണ കാണിച്ചു തരുന്നത്. എന്നാല്‍ മാറ്റത്തിന്റെ ഈ കാറ്റ് വീശാത്ത ടീമുകള്‍ വേറെയുമുണ്ട്.
കളിക്കളത്തിന് പുറത്തെന്ന പോലെ അകത്തും ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കള്‍ പാകിസ്ഥാനാണ്. ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് ലോകകപ്പ് ഫൈനലിന്റെ പ്രതീതിയാണ്. ആ മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയിലും ടിവിയ്ക്കു മുന്നിലും എന്നും ആരാധകരുടെ തള്ളായിരിക്കും. ഒരു കാലത്ത് ഇന്ത്യയേക്കാള്‍ വലിയ ക്രിക്കറ്റ് രാജ്യമായിരുന്ന പാകിസ്ഥാന്‍ ഇന്ന് പോയ കാലത്തിന്റെ നിഴല്‍ മാത്രമാണെന്നതും വാസ്തവം.
കോഴവിവാദങ്ങളും തീവ്രവാദവും പാകിസ്ഥാനിലെ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തിലൂടെ പുരുഷടീം തിരിച്ചു വരവിന്റെ പാതിയിലേക്ക് കയറിയപ്പോള്‍ ലോകകപ്പ് നേടിയ പ്രതീതിയായിരുന്ന പാകിസ്ഥാനിലെ തെരുവുകളില്‍. സര്‍ഫ്രാസിനും സംഘത്തിനും രാജകീയമായ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. എന്നാല്‍ പാകിസ്ഥാന്റെ വനിതാ ടീമിന്റെ അവസ്ഥയെ ദയനീയമെന്ന് വേണ്ടി വരും വിശേഷിപ്പിക്കാന്‍.
തൊട്ടടുത്ത് മിതാലിയും സംഘവും റാണിമാരി വാഴ്ത്തപ്പെടുമ്പോള്‍ ലോകകപ്പ് കഴിഞ്ഞ നാട്ടില്‍ മടങ്ങിയെത്തിയ പാക് വനിത ടീമിനെ സ്വീകരിക്കാന്‍ പോലും ആരുമില്ല. താരങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നതാകട്ടെ ബൈക്കിലും ഓട്ടോ റിക്ഷയിലും.
ലോകകപ്പ് കഴിഞ്ഞെത്തിയ ടീമിനെ സ്വീകരിക്കാന്‍ പി.സി.ബി അംഗങ്ങള്‍ എത്തിയില്ലെന്നു മാത്രമല്ല താരങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ പോലും ബോര്‍ഡ് തയ്യാറാക്കിയില്ല. ഇതോടെ പിതാവിനൊപ്പം ബൈക്കിലാണ് താരങ്ങള്‍ മടങ്ങിയത്. പിതാവിനൊപ്പം ട്രിപ്പിള്‍ ഇരുന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്ന പാക് താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് പാക് ടീം ലോകകപ്പില്‍ കാഴ്ച്ചവെച്ചത്. കളിച്ച ഏഴിലും അവര്‍ തോറ്റു. ടീമിന്റെ മോശം പ്രകടനം ടീമില്‍ വന്‍ അഴിച്ചു പണിയ്ക്കു വഴിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന മിറിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സാബിഹ് അസ്ഹറിന്റെ പരിശീലക സ്ഥാനവും തെറിക്കുമെന്നുറപ്പാണ്. ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ ടീമിന്റെ പ്രകടനത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.