വെള്ളവും പാചകവാതകവുമില്ല; സഹായ ട്രക്കുകളിലെത്തുന്ന അരിയും പയറും പരിപ്പും പാചകം ചെയ്യാനാകാതെ ഗസയിലെ ജനങ്ങള്‍
Gaza
വെള്ളവും പാചകവാതകവുമില്ല; സഹായ ട്രക്കുകളിലെത്തുന്ന അരിയും പയറും പരിപ്പും പാചകം ചെയ്യാനാകാതെ ഗസയിലെ ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2023, 10:45 am

ജെറുസലേം: ഇസ്രഈല്‍ ആക്രമണം തുടരുന്ന ഗസയിലേക്ക് റഫ അതിര്‍ത്തി വഴിയെത്തുന്ന ട്രക്കുകളിലുള്ള ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്ത് കഴിക്കാനാകാത്ത അവസ്ഥയിലാണ് ദുരിത ബാധിതരുള്ളതെന്ന് യു.എന്‍ അഭയാര്‍ത്ഥി കാര്യ ഏജന്‍സി. ട്രക്കുകളില്‍ വരുന്ന അരിയും പയറും പരിപ്പും പാചകം ചെയ്യാന്‍ വെള്ളമോ പാചക വാതകമോ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.

ശനിയാഴ്ച മുതല്‍ 54 സഹായ ട്രക്കുകളാണ് റഫ അതിര്‍ത്ഥി വഴി ഗസയിലെത്തിയിട്ടുള്ളത്. ഇത് അപര്യാപ്തമാണെന്നും യു.എന്‍. അഭയാര്‍ത്ഥി കാര്യ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ അറിയിക്കുന്നു.

ശനിയാഴ്ചയാണ് റഫ അതിര്‍ത്ഥി വഴി ഗസയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിത്തുടങ്ങിയത്. ഇതില്‍ അവശ്യവസ്തുക്കളും മരുന്നും മാത്രമാണുള്ളത്. പാചക വാതകം ഉള്‍പ്പടെയുള്ള ഇന്ധനവും വെള്ളവും ഇതുവരെയും ഗസയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ആശുപത്രികളിലേക്ക് ആവശ്യമുള്ള വൈദ്യുതിയും വൈദ്യഉപകരണങ്ങളുടെ വിതരണവുമെല്ലാം മുടങ്ങിയതോടെ ആരോഗ്യമേഖലയും പൂര്‍ണമായ സ്ഥംഭനത്തിലേക്ക് നീങ്ങുകയാണ്.

വൈദ്യുതിയും വൈദ്യ ഉപകരണങ്ങളും വിതരണം മുടങ്ങിയതോടെ ഗസയിലെ മൂന്നില്‍ രണ്ട് ആരോഗ്യ സംവിധാനങ്ങളും നിലച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിനു പുറമെ ആശുപത്രികള്‍ക്ക് നേരെയുള്ള ബോംബാക്രമണങ്ങളും ആരോഗ്യ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു.

ഹമാസിനെതിരായ യുദ്ധത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ മരിച്ചുവീഴുന്നത് യുദ്ധക്കുറ്റമാണെന്ന് യു.എന്‍.പ്രതിനിധി ഫിയോന്നുവാല നി ഒലെയ്ന്‍ പറഞ്ഞു. ജനീവ കണ്‍വെന്‍ഷനിലേതടക്കമുള്ള നിയമങ്ങള്‍ ഇസ്രഈലും ഹമാസും പാലിക്കേണ്ടതുമെന്നും യു.എന്‍. പ്രതിനിധി പറയുന്നു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഹ്യുമന്‍ റൈറ്റ്‌സ് വാച്ചും കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇന്ധനവും വെള്ളവും ഇസ്രഈല്‍ തടയുന്നതിനെയും ഹ്യമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചിരുന്നു.

content highlights: No water or cooking gas; The people of Gaza are unable to cook the rice, beans and nuts that arrive in aid trucks