കക്കയം: കോഴിക്കോടിനോടടുത്ത് കക്കയത്തുള്ള ആദിവാസി കോളനികളിൽ ഏറെ നാളുകളായി ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ല. മുപ്പത് വർഷത്തിൽ ഏറെയായി ഇവിടത്തെ സ്ഥിതി ഇത് തന്നെയാണ്. കക്കയത്തുള്ള ഫോറെസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഇവർക്ക് സഹായമെത്തിക്കുന്നുണ്ടെങ്കിലും വേനൽ കാലമെത്തുന്നതോടെ ജലസ്ത്രോതസുകൾ വറ്റിവരളുകയും ഇവരുടെ കുടിവെള്ളം മുടങ്ങുകയും ചെയ്യുന്നു. ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഒരു ഉറവയിൽ നിന്നും പൈപ്പുകളും കുഴലുകളും വഴിയാണ് ഇപ്പോൾ ഇവരുടെ വീടുകളിലേക്ക് ജലം എത്തുന്നത്.
അടുത്തുള്ള തോട്ടിൽ നിന്നും കിട്ടുന്ന വെള്ളത്തിൽ മാലിന്യം ഉള്ളതിനാൽ ഇവർക്ക് ആ ജലവും ഉപയോഗിക്കാൻ കഴിയുന്നില്ല. 16 ആദിവാസി കുടുംബങ്ങൾ കഴിയുന്ന അമ്പലകുന്ന് കോളനിയിൽ കുറഞ്ഞുവരുന്ന വെള്ളത്തിന്റെ തോത് വരൾച്ചയിലേക്കാണ് ഇവരെ കൊണ്ടുപോകുന്നത്. മാത്രമല്ല വെള്ളമില്ലാത്തത് ഇവർക്കിടയിൽ അടിപിടിയും കശപിശയും ഉണ്ടാകുന്നതിനും കാരണമാകുന്നു. വെള്ളക്ഷാമം പരിഹരിക്കാൻ വനംവകുപ്പ് ഇവർക്കൊരു കുളം നിർമിച്ച് നൽകിയിട്ടുണ്ട്.
എന്നാൽ കുളത്തിൽ പാറയുള്ളത് കൊണ്ട് അധികം ജലം ഇതിലേക്ക് എത്തുന്നില്ല. അടിയിലേക്കും പാറകൾ കാണും എന്നതിനാൽ പാറ പൊട്ടിക്കുന്നതും ബുദ്ധിമുട്ടാണ്. പൈപ്പ് കണക്ഷനോ മറ്റ് സംവിധാനങ്ങളോ അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കിയില്ലെങ്കിൽ ക്രമേണ കൊടും വരൾച്ചയിലേക്കാവും ഈ ആദിവാസി സമൂഹം ചെന്നെത്തുക എന്ന വസ്തുത സർക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.