ന്യൂദല്‍ഹി: ബിഹാറിലെ ജെ.ഡി.യു എം.പി ദേവേഷ് ചന്ദ്ര ഠാക്കൂറിന് പിന്നാലെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പി ബിഷ്ണു പാദ റേ. തനിക്ക് വോട്ട് ചെയ്യാത്ത മണ്ഡലത്തിലെ ജനങ്ങളെ ബിഷ്ണു പാദ റേ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.
തനിക്ക് വോട്ട് ചെയ്യാത്തവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോയെന്ന് എം.പി പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജൂണ്‍ അഞ്ചിനാണ് എം.പി മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എല്ലാം ചെയ്യുമെന്നും എന്നാല്‍ തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നുമാണ് എം.പി പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചത്.
‘ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി എല്ലാം ചെയ്യും. എന്നാല്‍ നിക്കോബാര്‍ ദ്വീപുകളിലെ ജനങ്ങള്‍ എനിക്ക് വോട്ട് നല്‍കിയില്ല. ഇനി നിങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കരുതിയിരുന്നോ,’ എം.പി പ്രസംഗിച്ചു.
നിക്കോബാറിന്റെ പേരില്‍ നിങ്ങള്‍ പണം വാങ്ങും, മദ്യം കുടിക്കും, പക്ഷേ വോട്ട് നല്‍കില്ല. ഇനി നിങ്ങള്‍ കരുതിയിരിക്കുക. നിങ്ങള്‍ ഇനി മോശം ദിനങ്ങളാണ് അഭിമുഖീകരിക്കാനിരിക്കുന്നതെന്നും എം.പി ജനങ്ങളെ ഭീഷണിപ്പെടുത്തി.
എന്നാല്‍ വീഡിയോ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എം.പി രംഗത്തെത്തി. നിക്കോബാറിലെ ഗോത്രവര്‍ഗ മേധാവിയുടെ നേതൃത്വത്തില്‍ വോട്ടര്‍മാര്‍ തന്നെ നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
നിക്കോബാറിലെ ഒരു വിഭാാഗം അനുഭവിച്ച് വരുന്ന ആശങ്കള്‍ അവര്‍ എന്നെ അറിയിച്ചു. ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെന്നും പത്രക്കുറിപ്പില്‍ എം.പി പറഞ്ഞു.
Content Highlight: No votes from Nicobar, now your days will be bad, says Andaman and Nicobar BJP MP