കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെയാണ് വയനാട് മണ്ഡലം ദേശീയ ശ്രദ്ധ നേടിയത്. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി സുനീറിനെയാണ്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശക്തനായ മത്സരാര്‍ത്ഥി തന്നെ വേണമെന്ന ആലോചനക്കൊടുവില്‍ ആണ് എന്‍ഡിഎ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട് പോരാട്ടത്തിനിറക്കിയത്.
എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രകടനം എന്‍ഡിയ്ക്ക് നിരാശപ്പെടുത്തുന്ന ഒന്നായി മാറി. കെട്ടിവെച്ച തുക നഷ്ടപ്പെടുത്തുന്ന വോട്ടുകളാണ് ആകെ തുഷാറിന് നേടാനായത്. 78816 വോട്ടാണ് തുഷാറിന് ലഭിച്ചത്.
തുഷാറിനെയും എന്‍ഡിഎയെയും സംബന്ധിച്ച് ഞെട്ടിക്കുന്ന അനുഭവമാണ് മണ്ഡലത്തിലെ രണ്ട് ബൂത്തുകള്‍ സമ്മാനിച്ചത്. രണ്ട് ബൂത്തുകളില്‍ ഒരു വോട്ടും നേടാന്‍ തുഷാറിന് കഴിഞ്ഞില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ വനഗ്രാമം കുറിച്യാട് ബൂത്തിലും
വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ഗവ.എച്ച്.എസിലെ ബൂത്ത് നമ്പര്‍ 139-ലുമാണ് തുഷാറിന് വോട്ടൊന്നും നേടാനാവാതെ പോയത്. പത്തില്‍ താഴെ വോട്ട് ലഭിച്ച അവസ്ഥയും തുഷാറിനുണ്ടായി.
വനഗ്രാമം കുറിച്യാട് ബൂത്തില്‍ പി.പി സുനീറാണ് ലീഡ് നേടിയത്. ആകെയുള്ള 58 വോട്ടുകളില്‍ 43 വോട്ടും സുനീര്‍ നേടി. രാഹുല്‍ ഗാന്ധിക്ക് ഇവിടെ ലഭിച്ചത് 17 വോട്ടാണ്. തുഷാറിന് വോട്ടൊ്ന്നും ലഭിച്ചില്ല.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമടക്കം 13 എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവെച്ച തുക പോലും നഷ്ടമായി.
കണ്ണൂരില്‍ സി.കെ പത്മനാഭനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പിന്നില്‍. ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സി.കെ.പദ്മനാഭന്‍ നേടിയത് 68509 വോട്ടാണ്. തൊട്ടുപിന്നില്‍ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ്.
പോള്‍ ചെയ്ത വോട്ടില്‍ സാധുവായ വോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സയമത്ത് കെട്ടിവച്ച തുക തിരിച്ചു ലഭിക്കുകയുള്ളൂ.