| Sunday, 3rd March 2019, 10:32 am

നോ വോട്ട് ഫോര്‍ യു.ഡി.എഫ്', വോട്ടു ചോദിച്ചു വീട്ടില്‍ വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും; യു.ഡി.എഫിനെതിരെ ക്യാംപയ്നുമായി മമ്മൂട്ടി ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മമ്മൂട്ടിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് “നോ വോട്ട് ഫോര്‍ യു.ഡി.എഫ്” ക്യാംപയ്നുമായി മമ്മൂട്ടി ആരാധകര്‍.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ “നോ വോട്ട് ഫോര്‍ യു.ഡി.എഫ്” ക്യാംപയ്ന്‍ പ്രചരിപ്പിക്കുന്നത്.


“നോ വോട്ട് ഫോര്‍ യു.ഡി.എഫ്”, മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക, യു.ഡി.എഫിന് ഇത്തവണ എന്റേയും കുടുംബത്തിന്റേയും വോട്ടില്ല, വോട്ടു ചോദിച്ചു വീട്ടില്‍ വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും, നൗഷാദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ യു.ഡി.എഫിന് വോട്ട് ചെയ്യില്ല, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണ് ആരാധകരുടെ കമന്റുകള്‍.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ വീട്ടില്‍ പോയ വാര്‍ത്തയടക്കം മമ്മൂട്ടി പറഞ്ഞു ചെയ്യിച്ചതാണെന്നായിരുന്നു നൗഷാദിന്റെ പരാമര്‍ശം.

“അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.


ഷുഹൈബും പെരിയയും ടി.പിയുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഇതായിരുന്നു നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നൗഷാദിനെതിരെ സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണവും ശക്തമായിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്നും ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും നൗഷാദ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more