| Saturday, 23rd March 2024, 9:16 pm

കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം തള്ളി ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത്  സമർപ്പിച്ച ഹരജി അടിയന്തരമായി പരി​ഗണിക്കമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ തള്ളി ദൽഹി ഹൈക്കോടതി. ഞായറാഴ്ച തന്നെ കേസിൽ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം.

എന്നാൽ ഹോളി അവധി കഴിഞ്ഞ് ബുധനാഴ്ച മാത്രമേ ഹരജി പരി​ഗണിക്കുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഇ.ഡിയുടെ അറസ്റ്റും കസ്റ്റഡിയിൽ വിട്ട വിധിയും നിയമവിരുദ്ധമാണെന്ന് കെജ്‌രിവാള്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. ദല്‍ഹി റൗസ് അവന്യു കോടതി ഉത്തരവ് തെറ്റാണെന്നും ഹരജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.

വ്യാഴാഴ്ചയാണ് കേസിൽ ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വിചാരണ കോടതി അദ്ദേഹത്തെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ഇ.ഡി സമര്‍പ്പിച്ചത്.

എന്നാല്‍ ആറ് ദിവസത്തേക്കാണ് കോടതി കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് മണിക്കൂറിലേറെ നീണ്ട വാദത്തിനൊടുവിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്.

അതിനിടെ, കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ആരോപണമവുമായി എ.എ.പി രംഗത്തെത്തിയിരുന്നു. മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ ലഭിച്ചത് ബി.ജെ.പിക്കാണെന്ന് അവര്‍ ആരോപിച്ചു. കേസിലെ മാപ്പ് സാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ട്രല്‍ ബോണ്ട് വഴി 34 കോടി രൂപ ബി.ജെ.പിക്ക് നല്‍കിയെന്നും എ.എ.പി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകളും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു.

Content Highlight: No Urgent Hearing, High Court To Hear Arvind Kejriwal’s Plea Next Week

We use cookies to give you the best possible experience. Learn more