| Friday, 9th March 2018, 12:17 pm

ലാവ്‌ലിന്‍ കേസ് അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസ് അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ മറുപടി സത്യവാങ്മൂലം ആറാഴ്ചയ്ക്കകം നല്‍കണമെന്നും സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സി.ബി.ഐയുടെ അപ്പീലില്‍ കോടതി നേരത്തെ പിണറായി വിജയന് നോട്ടീസ് അയച്ചിരുന്നു. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരും പങ്കാളികളാണെന്നും ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമാണ് അപ്പീലില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more