| Thursday, 13th April 2023, 1:25 pm

എഫ്.ഐ.ആറില്‍ ഉര്‍ദു-പേര്‍ഷ്യന്‍ വാക്കുകള്‍ പാടില്ല; പകരം ഇംഗ്ലീഷ്-ഹിന്ദി വാക്കുകളുടെ പട്ടിക പുറത്തിറക്കി ദല്‍ഹി പൊലീസ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എഫ്.ഐ.ആര്‍, കേസ് ഡയറി, ചാര്‍ജ്ഷീറ്റ് എന്നിവയില്‍ ഉറുദു-പേര്‍ഷ്യന്‍ വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ദല്‍ഹി പൊലീസ് കമ്മീഷണര്‍. പരാതി നല്‍കുന്നവര്‍ക്കും പിടിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ മനസിലാകുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കേണ്ടതെന്ന നിര്‍ദേശവും കമ്മീഷണര്‍ സഞ്ജയ് അറോര പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഉറുദു- പേര്‍ഷ്യന്‍ വാക്കുകള്‍ക്ക് പകരം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള 383 വാക്കുകള്‍ അടങ്ങുന്ന പട്ടിക പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

നേരത്തെ 2019ല്‍ ദല്‍ഹി ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥരോട് സങ്കീര്‍ണമായ പേര്‍ഷ്യന്‍, ഉര്‍ദു വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉര്‍ദുവിലോ, പേര്‍ഷ്യനിലോ ഡോക്ടറേറ്റ് നേടിയവര്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം സഞ്ജയ് അറോര ഹൈക്കോടതി ഉത്തരവ് പിന്തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും ഡയറി ലിസ്റ്റും കുറ്റപത്രവും തയ്യാറാക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പുരാതന ഉറുദു, പേര്‍ഷ്യന്‍ വാക്കുകള്‍ ഉപയോഗിക്കുന്നു.

ഇപ്പോള്‍ ഇറക്കുന്ന സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, അത് ഗൗരവമായി കാണുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും,’ ഉത്തരവില്‍ പറയുന്നു.

സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, ജോയിന്റ് കമ്മീഷണര്‍മാര്‍, പൊലീസ് ആസ്ഥാനത്തെ എ.സി.പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഏറ്റവും ലളിതമായ ഭാഷയിലോ അല്ലെങ്കിലോ പരാതി സമര്‍പ്പിക്കാന്‍ വരുന്നയാളുടെ ഭാഷയിലോ ആണ് എഫ്.ഐ.ആര്‍ എഴുതേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ഡി.എന്‍.പട്ടേലിന്റെയും ജസ്റ്റിസ് ഹരിശങ്കറിന്റെയും ഡിവിഷന്‍ ബെഞ്ചാണ് അന്ന് ഉത്തരവിട്ടത്.

content highlight: No Urdu-Persian words in FIR; Instead, the Delhi Police Commissioner released a list of English-Hindi words

We use cookies to give you the best possible experience. Learn more