ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ട്വീറ്റുകളൊന്നും ഇടരുതെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്‍കി ആം ആദ്മി പാര്‍ട്ടി. ബെംഗളൂരുവില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തിന് ശേഷമാണ് ടീമിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആദ്യ പ്രതിപക്ഷ യോഗത്തിന് ശേഷം എ.എ.പി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും നടത്തിയ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് വിരുദ്ധ പോസ്റ്റുകളൊന്നും ഇടരുതെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എ.എ.പി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസിനോട് എ.എ.പി മൃദുസമീപനം സ്വീകരിക്കുന്നതില്‍ പഞ്ചാബ്,ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വോട്ട് വര്‍ധിക്കുന്നത് ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്ന് എ.എപി നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം,ദേശീയ നേതൃത്വം എടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് ദല്‍ഹി ഘടകം അറിയിച്ചു. യോഗത്തില്‍ നിന്നുള്ള കെജ്‌രിവാളിന്റെ പ്രസ്താവനകള്‍ ട്വീറ്റ് ചെയ്തത് ദല്‍ഹിയിലെയും പഞ്ചാബിലെയും സംസ്ഥാന ഘടകത്തെ ബാധിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷ യോഗത്തില്‍ കെജ്‌രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ യോഗത്തില്‍ കെജ്‌രിവാള്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ മാത്രമായിരുന്നു എ.എ.പി ട്വീറ്റ് ചെയ്തത്.
ബെംഗളൂരുവില്‍ വെച്ചായിരുന്നു രണ്ട് ദിവസത്തെ പ്രതിപക്ഷ യോഗം നടന്നത്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്.
പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി സെന്‍സസ് നടത്തുമെന്നും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുമെന്നും പ്രതിപക്ഷ യോഗം തീരുമാനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മാറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.
അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ വെച്ചാണ് നടക്കുകയെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
Content Highlight: No tweets against congress party; aap leaders asked to social media team