| Saturday, 15th June 2019, 8:06 pm

പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കല്‍ അജണ്ട; സംസ്ഥാനസമിതി യോഗം വിളിച്ച് ജോസ് കെ.മാണി: പിളര്‍പ്പിന്റെ വക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി ബദല്‍ സംസ്ഥാനസമിതി യോഗം വിളിച്ച് ജോസ് കെ.മാണി. ഞായര്‍ ഉച്ചയ്ക്ക് രണ്ടിനു കോട്ടയത്താണ് യോഗം തീരുമാനിച്ചിരിക്കുന്നത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് യോഗത്തിന്റെ അജന്‍ഡയെന്നു ജോസ് കെ. മാണി പറഞ്ഞു.

നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.

കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ മുന്നൂറോളം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ നാലില്‍ ഒന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

ചെയര്‍മാന്റെ മുറിയില്‍ കെ.എം. മാണിയുടെ കസേരയില്‍ ഇരുന്നാണ് ജോസ് കെ. മാണി ചര്‍ച്ച നടത്തിയത്. പിന്നീട് അവയിലബിള്‍ സ്റ്റീയറിങ് കമ്മിറ്റിയും ചേര്‍ന്നു .തോമസ് ചാഴികാടന്‍, എംഎല്‍എമാരായ റോഷി അംഗസ്റ്റിന്‍, എന്‍. ജയരാജ്, നേതാക്കളായ പി.ടി. ജോസ്, ജോസഫ് പുതുശേരി, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവരും ഓഫിസിലുണ്ടായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകള്‍ക്കു പൊലീസ് കാവലുണ്ട്. ജോസഫ് വിഭാഗം കോടതിയില്‍ പോയി സ്റ്റേ വാങ്ങാതിരിക്കാനാണു പ്രഖ്യാപനം വൈകിട്ടാക്കിയത്. ചെയര്‍മാന്‍ പദവിക്കുവേണ്ടി ജോസഫ്, ജോസ് പക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷമുണ്ടാകുന്ന ഏറ്റവും നിര്‍ണായക നീക്കമാണിത്.

We use cookies to give you the best possible experience. Learn more