നടന്നത് 'ഹൗഡി മോദി' മാത്രം; 45,000 കോടിയുടെ നഷ്ടം പോലും ചര്‍ച്ച ചെയ്യാതെ മോദിയുടെ ഒരാഴ്ച നീണ്ട യു.എസ് സന്ദര്‍ശനം
national news
നടന്നത് 'ഹൗഡി മോദി' മാത്രം; 45,000 കോടിയുടെ നഷ്ടം പോലും ചര്‍ച്ച ചെയ്യാതെ മോദിയുടെ ഒരാഴ്ച നീണ്ട യു.എസ് സന്ദര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 1:37 pm

ന്യൂദല്‍ഹി: ‘ഹൗഡി മോദി’ക്കു ശേഷം യു.എസില്‍ നിന്നു തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കാര്യമായ സ്വീകരണം തന്നെയാണ് ബി.ജെ.പി നല്‍കിയത്. എന്നാല്‍ യു.എസ് സന്ദര്‍ശനത്തില്‍ മോദിക്കു കാര്യമായൊരു നേട്ടവും അവകാശപ്പെടാനില്ലെന്നതാണു വസ്തുത.

വ്യാപാരക്കരാറില്‍ എന്തെങ്കിലും തരത്തിലുള്ള പുരോഗതിയുണ്ടാവുകയോ വിദേശ നിക്ഷേപത്തില്‍ വര്‍ധനയുണ്ടാവുകയോ ചെയ്തില്ലെന്നു മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉണ്ടാവുമെന്നു പറഞ്ഞിരുന്ന ചര്‍ച്ച പോലും നടന്നില്ല. പകരം നടന്നത് ‘ഹൗഡി മോദി’ പരിപാടി മാത്രമാണ്.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (ഡബ്യു.ടി.ഒ) ഇരുരാജ്യങ്ങളും തമ്മില്‍ പോരുണ്ടായത് വ്യാപാരക്കരാര്‍ സംബന്ധിച്ചായിരുന്നു. ഇരുരാജ്യങ്ങളെയും സംബന്ധിച്ച് വ്യാപാരക്കരാര്‍ സുപ്രധാനവുമാണ്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മേയ് മാസത്തില്‍ ഇന്ത്യക്കു നല്‍കിവന്നിരുന്ന ജി.എസ്.പി പദ്ധതിക്കു കീഴിലുള്ള വ്യാപാര ആനുകൂല്യങ്ങള്‍ യു.എസ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ അതു ചെയ്യുമെന്ന് ട്രംപ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയതുമാണ്.

1974-ല്‍ ജി.എസ്.പി പദ്ധതി തുടങ്ങിയതില്‍പ്പിന്നെ ഇന്ത്യയില്‍ നിന്ന് ഈ ആനുകൂല്യങ്ങള്‍ ഒരിക്കലും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. നേരത്തേ ബരാക് ഒബാമ സര്‍ക്കാര്‍ ഇതു റദ്ദാക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും അതുണ്ടായില്ല.

അതുകൊണ്ടുതന്നെ ചരിത്രത്തില്‍ ആദ്യമായി അതു സംഭവിക്കുന്ന സാഹചര്യത്തില്‍ തുടര്‍ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.എസ്.പി പദ്ധതി വഴി നടക്കുന്ന ഇന്ത്യന്‍ ഷിപ്പ്‌മെന്റുകള്‍ക്ക് ഏകദേശം 45,000 കോടി രൂപയുടെ ആനുകൂല്യമാണ് ഇന്ത്യക്കു ലഭിച്ചുകൊണ്ടിരുന്നത്. അതാണിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

മോദിയുടെ ഇത്തവണത്തെ യു.എസ് സന്ദര്‍ശനത്തോടെ ഈ ആനുകൂല്യങ്ങള്‍ തിരികെലഭിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. സുഹൃത്തുക്കളാണെന്നു പരസ്പരം പറഞ്ഞതല്ലാതെ ട്രംപോ മോദിയോ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയില്ല.

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന അധികത്തീരുവയില്‍ ഇളവ് നേടാനും മോദിക്കായിട്ടില്ല.

2018 മാര്‍ച്ചിലാണ് യു.എസ് ട്രേഡ് എക്‌സ്പാന്‍ഷന്‍ നിയമത്തിനു കീഴില്‍പ്പെടുത്തി സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് യു.എസ് തീരുവ കൂട്ടിയത്. ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുവ കൂട്ടുന്നതെന്നായിരുന്നു അവരുടെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ പലതവണ സമീപിച്ചെങ്കിലും യു.എസ് അതൊഴിവാക്കിയില്ല. ട്രംപ് ഭരണകൂടവുമായി ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ ദിനംപ്രതി വഷളായി വരികയാണ്. 2017-നു ശേഷം യു.എസ്-ഇന്ത്യ വ്യാപാര നയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല.

അതേസമയം ഒരാഴ്ച നീണ്ടുനിന്ന മോദിയുടെ സന്ദര്‍ശനത്തില്‍ അദ്ദേഹം ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട 17 യു.എസ് നിക്ഷേപകരുമായി ചര്‍ച്ച നടത്തിയിരുന്നു. ടെക്‌സാസില്‍ നടന്ന ഈ ചര്‍ച്ച കൂടാതെ, ന്യൂയോര്‍ക്കില്‍ 40 മള്‍ട്ടിനാഷണല്‍സുമായും അദ്ദേഹം ചര്‍ച്ച നടത്തി.

എന്നാല്‍ ഫലമുണ്ടായില്ല. ചര്‍ച്ചയ്ക്കു ശേഷം ഒരു കമ്പനി പോലും നിക്ഷേപത്തിനായി മുന്നോട്ടുവന്നിട്ടില്ല.

കശ്മീര്‍ വിഷയമാണു മറ്റൊന്ന്. അതില്‍ മധ്യസ്ഥനായി നിന്നു പ്രശ്‌നം പരിഹരിക്കാമെന്ന് ട്രംപ് പലവട്ടം പറഞ്ഞെങ്കിലും മോദി അതുമായി ബന്ധപ്പെട്ട് ഇത്തവണ ചര്‍ച്ച നടത്താന്‍ തയ്യാറായില്ല.

രണ്ടാംവട്ടം അധികാരമേറ്റ ശേഷം മോദിയും ട്രംപും നടത്തുന്ന മൂന്നാം കൂടിക്കാഴ്ചയാണിതെന്നതും ശ്രദ്ധേയമാണ്.