ന്യൂദല്‍ഹി: നേരത്തെയുണ്ടായിരുന്ന 500രൂപ 1000 രൂപ നോട്ടുകളില്‍ നിന്നു വ്യത്യസ്തമായ ഒരു സുരക്ഷാ സംവിധാനവും പുതിയ 2000 രൂപ നോട്ടിലില്ലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുവാണ് ഇക്കാര്യം പുറത്തുവിട്ടത്.
“ആറുമാസം മുമ്പു മാത്രമാണ് പുതിയ നോട്ടുകള്‍ കൊണ്ടുവരണമെന്ന തീരുമാനമെടുത്തത്. സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റം വരുത്താനുള്ള സമയമുണ്ടായിരുന്നില്ല. ഡിസൈന്‍ മാത്രമാണ് മാറ്റിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പഴയ നോട്ടുകള്‍ക്കുള്ളതു മാത്രമേയുള്ളൂ.” ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റം വരുത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള പണിയാണെന്നും ഇതു ചെയ്യണമെങ്കില്‍ അഞ്ചാറ് വര്‍ഷമെടുക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അത്തരത്തില്‍ സുരക്ഷാ സംവിധാനത്തില്‍ ഏറ്റവുമൊടുവിലായി മാറ്റം കൊണ്ടുവന്നത് 2005ലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്ടര്‍മാര്‍ക്കുകള്‍, സെക്യൂരിറ്റി ത്രഡുകള്‍ ഫൈബര്‍, ഒളിഞ്ഞുകിടക്കുന്ന ഇമേജുകള്‍ എന്നിവയാണ് അന്നുകൊണ്ടുവന്ന സുരക്ഷാ ക്രമീകരണങ്ങള്‍. ഇത്തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ ഒട്ടേറെ റപ്രസെന്റേഷന്‍സും, മൂല്യനിര്‍ണയങ്ങളും ഏറ്റവും അവസാനമായി മന്ത്രിസഭയുടെ അനുമതിയും വേണമെന്ന് അദ്ദേഹം പറയുന്നു.
ജര്‍മ്മനിയിലെ ലൂസിയാന്തല്‍, യു.കെയിലെ ഡാ ലാ റ്യൂ, സ്വീഡനിലെ ക്രെയിന്‍, ഫ്രാന്‍സിലെ അര്‍ജോ വിഗിന്‍സ് എന്നിങ്ങനെയുള്ള യൂറോപ്യന്‍ കമ്പനികളില്‍ നിന്നാണ് ഇന്ത്യ നോട്ട് അച്ചടിക്കുന്നതിനാവശ്യമായ പേപ്പറുകള്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ 70% ബാങ്ക് നോട്ടുകളും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ 100% ഇവിടെ തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ മുഴുവന്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിച്ചത്. മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
നാറ്റോ അംഗങ്ങളായ വിദേശ രാജ്യങ്ങളില്‍ നിന്നും കറന്‍സി നോട്ട് പ്രിന്റ് ചെയ്ത് ഇവിടെയെത്തിക്കാമെന്ന അഭിപ്രായത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നാളെ ഏതെങ്കിലും തരത്തിലുള്ള കപ്പല്‍ തടഞ്ഞുവെക്കലോ മറ്റോ ഉണ്ടായാല്‍ കറന്‍സി നിര്‍മാണത്തെയും ഇറക്കുമതിയെയും അത് ബാധിക്കും. ഈയൊരു സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് മൈസൂരുവിലെ സ്ഥാപനത്തെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഈ നോട്ടുകളുടെ വ്യാജന്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാറിന്റെ അവകാശവാദത്തെയും ഉദ്യോഗസ്ഥന്‍ നിഷേധിക്കുന്നുണ്ട്. “അത് അസാധ്യമായ കാര്യമൊന്നുമല്ല. ഡിസൈനില്‍ മാത്രമാണ് മാറ്റം വരുത്തിയത്. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പഴയതുതന്നെയാണ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രസിലാണ് കള്ളനോട്ടുകള്‍ അടിക്കുന്നത്.” അദ്ദേഹം പറയുന്നു.
ബാങ്ക് നോട്ടു പേപ്പറുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പാകിസ്ഥാന് വിവരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2014ല്‍ ഇന്ത്യ രണ്ടു യൂറോപ്യന്‍ കമ്പനികളിലെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് അന്വേഷമത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധനം പിന്‍വലിച്ചെന്നും അദ്ദേഹം പറയുന്നു.