പരസ്യവിമര്‍ശനമുന്നയിച്ചവര്‍ സംസാരിക്കേണ്ട!: നിയമസഭയില്‍ രാജു എബ്രഹാമിനും സജി ചെറിയാനും സമയമനുവദിച്ചില്ല
Kerala News
പരസ്യവിമര്‍ശനമുന്നയിച്ചവര്‍ സംസാരിക്കേണ്ട!: നിയമസഭയില്‍ രാജു എബ്രഹാമിനും സജി ചെറിയാനും സമയമനുവദിച്ചില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2018, 10:57 am

 

തിരുവനന്തപുരം: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ച എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ സമയം അനുവദിച്ചില്ല. പ്രളയദുരിതം ഏറ്റവുമധികം ബാധിച്ച മണ്ഡലങ്ങളായ റാന്നി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളായ രാജു എബ്രഹാം, സജി ചെറിയാന്‍ എന്നിവര്‍ക്കാണ് സംസാരിക്കാന്‍ സമയം അനുവദിക്കാതിരുന്നത്.

സി.പി.ഐ.എം എം.എല്‍.എമാരില്‍ 18 പേര്‍ക്കാണ് സഭയില്‍ സംസാരിക്കാന്‍ സമയം അനുവദിച്ചത്. 98 മിനിറ്റാണ് അനുവദിച്ചത്. ഇതില്‍ സജി ചെറിയാന്റെയും രാജു എബ്രഹാമിന്റെയും പേരില്ല.

Also Read: പരസ്യവിമര്‍ശനമുന്നയിച്ചവര്‍ സംസാരിക്കേണ്ട!: നിയമസഭയില്‍ രാജു എബ്രഹാമിനും സജി ചെറിയാനും സമയമനുവദിച്ചില്ല

ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ പ്രധാന കാരണമായത് സജി ചെറിയാന്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നടത്തിയ വിമര്‍ശനമായിരുന്നു. “എന്റെ ജനങ്ങളെ രക്ഷിക്കണം, ഇനിയും ഇടപെട്ടില്ലെങ്കില്‍ അമ്പതിനായിരത്തോളം പേര്‍ മരിക്കും” എന്ന സജി ചെറിയാന്റെ നിലവിളി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ വലിയ ചര്‍ച്ചയായിരുന്നു.

ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണമാണ് റാന്നി എം.എല്‍.എയായ രാജു എബ്രഹാം ഉന്നയിച്ചത്. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നുവെന്നായിരുന്നു രാജു എബ്രഹാമിന്റെ ആരോപണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ റാന്നി വെള്ളത്തില്‍ മുങ്ങിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

Must Read:ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി; അവര്‍ കലാപം നടത്തി സര്‍ക്കാറുണ്ടാക്കി ; സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റില്‍ മോദി സര്‍ക്കാറിനെതിരെ കനയ്യകുമാര്‍

പിന്നീട് പ്രതിപക്ഷവും ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇത് സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണെന്നും ഡാമുകളെല്ലാം ഒരുമിച്ച് തുറന്നതാണ് ഇത്രവലിയ ദുരന്തത്തിന് വഴിവെച്ചതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.