ഇന്ത്യാ സഖ്യം ദേശീയ തലത്തിൽ മാത്രം; ബംഗാളിൽ തൃണമൂലിനൊപ്പമില്ലെന്ന് യെച്ചൂരി
national news
ഇന്ത്യാ സഖ്യം ദേശീയ തലത്തിൽ മാത്രം; ബംഗാളിൽ തൃണമൂലിനൊപ്പമില്ലെന്ന് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 9:09 am

കൊൽക്കത്ത: ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യക്കൊപ്പം ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും എന്നാൽ പശ്ചിമ ബംഗാളിൽ തൃണമൂലിനൊപ്പം ചേർന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

‘നമ്മുടെ മികച്ച ഭാവിക്കായി ഇന്നത്തെ നമ്മുടെ രാഷ്ട്രീയവും ആശയപരവുമായ ലക്ഷ്യം മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണ്. എല്ലാ ബി.ജെ.പി ഇതര പാർട്ടികളും ഇതിനായി ഒരുമിച്ച് കൂടേണ്ടതുണ്ട്,’ ബംഗാളിൽ നടന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഉദ്ഘാടനത്തിൽ യെച്ചൂരി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്‌ ഒരു ജനാധിപത്യ വിരുദ്ധ പാർട്ടിയാണെന്നും അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യാ മുന്നണിയിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ സാന്നിധ്യം സി.പി.ഐ.എം പ്രവർത്തകരിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ്‌ ഒരിക്കലും ബി.ജെ.പിക്ക് ബദലല്ല എന്നതാണ് സി.പി.ഐ.എം നിലപാട് എന്ന് യെച്ചൂരി പറഞ്ഞു.

‘നമുക്ക് ഇന്ത്യയെയും ജനങ്ങളെയും രക്ഷിക്കണമെങ്കിൽ കേന്ദ്ര, സംസ്ഥാന അധികാരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് ബി.ജെ.പിയെ മാറ്റിനിർത്തേണ്ടതുണ്ട്. ഈ നിമിഷം അതിന് തയ്യാറാകുന്നവരുടെയെല്ലാം പിന്തുണ നമുക്ക് വേണം. എന്നാൽ അത് നിലനിൽക്കണമെന്നില്ല എന്നുകൂടി ഓർമിക്കണം. ചിലപ്പോൾ പോകുന്ന വഴിയിൽ ചതികളുമുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

അത്തരമൊരു സാഹചര്യം ഉടലെടുത്താൽ തൃണമൂൽ കോൺഗ്രസ്‌ ബി.ജെ.പിയുമായി സഹകരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തൃണമൂൽ കോൺഗ്രസ്‌ എം.പി മഹുവ മൊയ്‌ത്രക്ക് യെച്ചൂരി തന്റെ പിന്തുണ അറിയിച്ചു. പാർലമെന്റ് എത്തിക്സ് കമ്മിറ്റി ആക്രമിക്കാനല്ല, മറിച്ച് അന്വേഷണം നടത്താനും കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുമുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെയും യെച്ചൂരി ആഞ്ഞടിച്ചു.
‘നിങ്ങൾ യുക്തിയെ ഇല്ലാതാക്കുന്നു. വിശ്വാസങ്ങളുടെ കണ്ണ് മൂടിക്കെട്ടാൻ ശ്രമിക്കുന്നു. ഫാസിസ്റ്റുകൾ മുന്നോട്ട് പോകുന്നത് അങ്ങനെ തന്നെയാണ്. ജനങ്ങളുടെ ശ്രദ്ധയകറ്റാൻ അവർ ഓരോ കൺകെട്ട് വിദ്യകൾ കാണിച്ചുകൊണ്ടിരിക്കും,’ യെച്ചൂരി പറഞ്ഞു.

CONTENT HIGHLIGHT: No ties with TMC in Bengal, INDIA alliance at national level: Yechury