| Wednesday, 3rd October 2018, 5:35 pm

സോണിയയും രാഹുലും ബി.എസ്.പിയുമായി സഖ്യത്തിന് തയ്യാറായിരുന്നു, എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കളാണ് തടസം നിന്നതെന്ന് മായാവതി; കോണ്‍ഗ്രസുമായി ഒരിടത്തും സഖ്യമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യ സാധ്യതകള്‍ തള്ളിക്കൊണ്ട് സംസാരിക്കുകയായിരുന്നു മായാവതി.

രാഹുലും സോണിയാഗാന്ധിയും തങ്ങളുമായി തൃപ്തികരമായൊരു സഖ്യത്തിന് തയ്യാറായിരുന്നു. പക്ഷെ മറ്റുചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിന് എതിരായിരുന്നു. ദ്വിഗ്‌വിജയസിങ്ങിനെ പോലുള്ള നേതാക്കളാണ് എതിര് നിന്നത്. യഥാര്‍ത്ഥത്തില്‍ ദ്വിഗ്‌വിജയ് സിങ് ഒരു ബി.ജെ.പി ഏജന്റാണ്. മായാവതിക്ക് ബി.ജെ.പിയില്‍ നിന്നും സമ്മദര്‍ദ്ദമുണ്ടെന്നാണ് സിങ് പറഞ്ഞു പരത്തുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റിനെയും സി.ബി.ഐയെയും പേടി. മായാവതി പറഞ്ഞു.

മഹാസഖ്യത്തെ ഉപയോഗിച്ച് ബി.എസ്.പിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദളിതരുടെയും മറ്റു അധസ്ഥിത വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടും ബി.ജെ.പിയെ പോലെ വര്‍ഗീയവും ജാതീയവുമായ മനസ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളതെന്നും മായവതി പറഞ്ഞു.

കോണ്‍ഗ്രസിന് ബി.ജെ.പിയെ പേടിയാണ് അതുകൊണ്ടാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കാത്തത്. പക്ഷെ ബി.എസ്.പി അങ്ങനെയുള്ള പാര്‍ട്ടിയല്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസിനെ എപ്പോഴും ബി.എസ്.പി പിന്തുണച്ചിട്ടുണ്ട്. പക്ഷെ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ചതിയ്ക്കുകയാണ് ചെയ്തതെന്നും മായവതി പറഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം ഛത്തീസ്ഗഢില്‍ പ്രാദേശിക കക്ഷികളുടെ കൂടെ മത്സരിക്കുമെന്നും മായാവതി പറഞ്ഞു.

We use cookies to give you the best possible experience. Learn more