ചണ്ഡീഗഢ്: പെണ്‍ഭ്രൂണഹത്യയും സ്ത്രീധന സമ്പ്രദായവും തടയാന്‍ ലക്ഷ്യമിട്ട് ഹരിയാനയിലെ ഖാപ്പ് പഞ്ചായത്ത്. രണ്ടു പെണ്‍കുട്ടികള്‍ക്കുശേഷം മൂന്നാമതൊരു കുട്ടിപാടില്ലെന്ന നിര്‍ദേശമാണ് പെണ്‍ഭ്രൂണഹത്യ തടയാന്‍ പഞ്ചായത്ത് മുന്നോട്ടുവെച്ചിട്ടുള്ളത്.
വിവാഹവേളയില്‍ വധുവിന്റെ വീട്ടുകാര്‍ വരന് ഒരു രൂപമാത്രമേ സ്ത്രീധനമായി നല്‍കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച ജിന്ദില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ബുറ ഖാപ്പിന്റെ തലവന്‍ രജ്ബിര്‍ ബുറ വ്യക്തമാക്കി.
വരന്റെ വിവാഹഘോഷയാത്രയില്‍ പരമാവധി 21 പേര്‍ മാത്രമേ പങ്കെടുക്കാവൂവെന്നും നിര്‍ദേശമുണ്ട്. വരനൊപ്പം ഒട്ടേറെപ്പോര്‍ വരുന്നത് വധുവിന്റെ കുടുംബത്തിന് അനാവശ്യമായ സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുന്നു എന്നു മനസിലാക്കിയാണ് ഈ തീരുമാനമെടുത്തിട്ടുള്ളതെന്നും ഖാപ്പ് വ്യക്തമാക്കി.
കുടുംബാംഗം മരിച്ചാല്‍ ദു:ഖാചരണം 13 ദിവസത്തില്‍ നിന്നും പരമാവധി ഏഴുദിവസമാക്കി കുറയ്ക്കാനും ഖാപ്പ് പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്. ദു:ഖാചരണ വേളയില്‍ ഗോതമ്പു പൊടി, ധാന്യങ്ങള്‍, നെയ്യ് എന്നിവ ഉപയോഗിക്കാതിരിക്കുകയെന്ന പഴയ ആചാരവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രജ്ബീര്‍ ബുറ വ്യക്തമാക്കി.