കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യം തള്ളി ദല്‍ഹി ഹൈക്കോടതി
India
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യം തള്ളി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2024, 8:14 pm

ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. കുടിശ്ശികയുള്ള നികുതി തിരിച്ചുപിടിക്കാന്‍ മാര്‍ച്ചില്‍ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

ആദായനികുതി വകുപ്പിന്റെ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

അക്കൗണ്ടുകള്‍ക്കെതിരായ നടപടി നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

2018-19 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്.

നികുതി റിട്ടേണ്‍ വീണ്ടെടുക്കുന്നത് തടയണമെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ ആവശ്യപ്പെട്ടു. അക്കൗണ്ടില്‍ നിന്ന് 65 കോടി രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തതായി കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight: No tax relief, Delhi HC dismisses Cong’s plea against recovery of ₹105 crore