| Sunday, 10th March 2019, 5:07 pm

തകര്‍ന്നു വീണ എത്യോപ്യന്‍ വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരും എട്ട് ജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്റോബി: തകര്‍ന്നു വീണ എത്യോപ്യന്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരും എട്ട് ജീവനക്കാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. എത്യോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി അറിയിച്ചത്. 33 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


പ്രാദേശിക സമയം ഞായറാഴ്ച്ച രാവിലെ 8.44നാണ് വിമാനം തകര്‍ന്നുവീണത്. ആഡിസ് അബാബയില്‍ നിന്നും പറന്നുയര്‍ന്ന് വൈകാതെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. പ്രദേശിക സമയം രാവിലെ 8.38ന് ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറ് മിനിട്ടിനകം നഷ്ടപ്പെട്ടു. ആഡിസ് അബാബയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്.

എത്യോപ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

2010 ജനുവരിയിലാണ് ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇതിനു മുന്‍പ് തകര്‍ന്നു വീണത്. ബെയ്‌റൂട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു.


90 പേരാണ് അപകടത്തില്‍ മരിച്ചത്. 1996 ല്‍ അഡിസ് അബാബയില്‍നിന്ന് നെയ്റോബിയിലേക്ക് പോയ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് തകര്‍ന്നുവീണ് 123 പേര്‍ മരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more