ലഖ്‌നൗ: പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന ജ്ഞാനവാപി പള്ളി പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിര്‍മ്മിച്ചതാണോ എന്ന് കണ്ടെത്താനുള്ള സര്‍വേ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പദ്ധതിക്ക് ഈ വര്‍ഷം ഏപ്രിലിലാണ് വാരാണസി കോടതി ഉത്തരവിട്ടത്.
സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് ജസ്റ്റിസ് പ്രകാശ് പാട്യയുടെ സിംഗിള്‍ ബെഞ്ച് കീഴ്‌ക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തത്.
ഒരു അഭിഭാഷകന്റെ 2019 ലെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ജ്ഞാനവാപി പള്ളിയുടെ ഭൗതിക സര്‍വേ നടത്താന്‍ വാരണാസി കോടതി ആവശ്യപ്പെട്ടത്.
മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ഒരു പുരാതന വിശ്വേശ്വര ക്ഷേത്രം പൊളിച്ചുവെന്നും ‘ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുടെ സഹായത്തോടെ ഒരു പള്ളി നിര്‍മ്മിച്ചു’ എന്നും ഒരു കൂട്ടം നഗരവാസികള്‍ വാദിച്ച 1991 ലെ ഒരു കേസും അഭിഭാഷകന്റെ അപേക്ഷ ചേര്‍ത്തിട്ടുണ്ട്.
1991 കേസിനെ ചോദ്യം ചെയ്ത് ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു ഹരജി ഹൈക്കോടതിയിലെത്തി, ഈ വിഷയത്തില്‍ ഉത്തരവ് നിര്‍ത്തിവെച്ചെങ്കിലും വാരാണസി കോടതിയിലെ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നില്ല.
15.03.2021 -ല്‍ വിധി നിര്‍ത്തിവെച്ച വസ്തുതയെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് കീഴ്‌ക്കോടതിക്ക് ഉണ്ടെന്നിരിക്കെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയ്ക്കായി വാദികള്‍ സമര്‍പ്പിച്ച അപേക്ഷ തുടരുകയും തീരുമാനിക്കുകയും ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.