| Wednesday, 27th November 2024, 9:38 pm

പണം ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥിയെ പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടില്ല; സ്‌കൂളുകള്‍ക്ക് നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെ പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകളിലെ പഠനയാത്രകള്‍, വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

സ്‌കൂളുകളില്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും യാത്രകള്‍ക്ക് വേണ്ടി വന്‍തോതിലാണ് പണം നിശ്ചയിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം,’ മന്ത്രി നിര്‍ദേശിച്ചു.

പഠനയാത്രകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വീകാര്യമാകുന്ന തുകയോടെ നിശ്ചയിക്കാന്‍ നിര്‍ദേശിച്ച മന്ത്രി വിദ്യാര്‍ത്ഥികളുടെ കൂടെ അകമ്പടി പോകുന്ന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാചെലവ് അധികൃതര്‍ തന്നെ വഹിക്കണമെന്നും പറയുകയുണ്ടായി.

‘സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ്, ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്,’ മന്ത്രി പറഞ്ഞു.

കൂടാതെ സ്‌കൂളുകളില്‍ ജന്മദിനാഘോഷങ്ങള്‍ വ്യക്തിഗത ആഘോഷങ്ങളായി സംഘടിപ്പിക്കുന്നുണ്ടെന്നും ഇത് കുട്ടികളെ സാമ്പത്തികമായി ബാധിക്കുന്ന പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടതായും ഇതിനെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണം,’ മന്ത്രി നിര്‍ദേശിച്ചു.

Content Highlight: No student shall be excluded from a study tour for lack of funds; Education Minister with instructions for schools

We use cookies to give you the best possible experience. Learn more