| Wednesday, 30th September 2020, 3:16 pm

ഇന്ത്യ നല്‍കുന്ന കൊവിഡ് മരണക്കണക്കുകള്‍ ശരിയല്ല, മാലിന്യം തള്ളി വിടുന്നു; ബൈഡനുമായുള്ള സംവാദത്തില്‍ ഇന്ത്യയെ തുടരെ ആക്രമിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഡിബേറ്റില്‍ ഇന്ത്യക്കെതിരെ നിരന്തര പരാമര്‍ശങ്ങള്‍ നടത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ കണക്ക് കൃത്യമല്ലെന്ന് ട്രംപ് ആരോപിച്ചു. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിലും ഇന്ത്യയെ കുറ്റപ്പെടുത്തി.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായി നടന്ന ഡിബേറ്റിലാണ് ട്രംപിന്റെ പരാമര്‍ശം. അതേസമയം ജോ ബൈഡന്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ല.

ഡിബേറ്റില്‍ അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി വിഷയമായ സാഹചര്യത്തിലാണ് ട്രംപിന്റെ ആരോപണം. ‘ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ചൈനയില്‍ എത്ര പേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്കറിയില്ല. റഷ്യയില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ല, ഇന്ത്യയില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ല. അവര്‍ കൃത്യമായ കണക്കല്ല നല്‍കുന്നത്,’ ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനത്തിന് കാരണം ചൈനയാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയിലെ കൊവിഡ് മരണക്കണക്കിലെ അവ്യക്തത ചൂണ്ടിക്കാണിച്ച് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സെപ്റ്റംബര്‍ 5 ന് അന്താരാഷ്ട്ര മെഡിക്കല്‍ മാഗസിനായ ലാന്‍സെറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ കൊവിഡ് മരണക്കണക്കില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഡിബേറ്റില്‍ ചര്‍ച്ച കാലാവസ്ഥാ വ്യതിയാനമായപ്പോഴും ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചു. ഇന്ത്യയും റഷ്യയും ചൈനയും മാലിന്യം തള്ളി വിടുകയാണെന്നാണ് ട്രംപ് ആരോപിച്ചത്. നേരത്തെയും ട്രംപ് ആഗോള തലത്തിലെ അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കയുമായി ഇന്ത്യയും അടുത്ത സൗഹൃദം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ക്രിസ് വല്ലാസ് ആണ് ഡിബേറ്റ് നയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രോട്ടോകോളുകള്‍ പാലിച്ചാണ് ഡിബേറ്റ് നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘No straight count’ on Covid, sends ‘dirt up into air’ — Trump about India in debate

We use cookies to give you the best possible experience. Learn more