ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സ്റ്റേ ഇല്ല; പഴയ വിധി നിലനില്‍ക്കും
ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഏഴംഗ ഭരണ ഘടന ബെഞ്ച് ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും.
വിധി സ്‌റ്റേ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധി പ്രസ്താവത്തിനിടെ പറഞ്ഞിട്ടില്ല. ഓപ്പറേറ്റീവ് പാര്‍ട്ടില്‍ സ്റ്റേ എന്ന വാക്ക് ചീഫ് ജസ്റ്റിസ് ഉപയോഗിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിധി ഏഴംഗ വിശാല ബെഞ്ചിന് വിടുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ പ്രസ്താവിച്ചത്. എന്നാല്‍ വിയോജന വിധിയുമായി ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രംഗത്തെത്തിയിരുന്നു.
ജസ്റ്റിസ് നരിമാനാണ് ന്യൂനപക്ഷ വിധി വായിച്ചത്. എല്ലാ ഹരജികളും തള്ളിക്കളയുന്നെന്നും സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിധി നടപ്പാക്കണം. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്നുമായിരുന്നു അദ്ദേഹം വിധിയില്‍ വായിച്ചത്.
2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.
എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു.