സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഏകരാജ്യം ഇന്ത്യയാണെന്ന് സുപ്രീംകോടതി
India
സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഏകരാജ്യം ഇന്ത്യയാണെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2012, 12:42 pm

ന്യൂദല്‍ഹി: പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. []

സഞ്ചാരസ്വാതന്ത്ര്യം ഇത്തരത്തില്‍ തടസപ്പെടുത്തുന്ന ഏകരാജ്യം ഇന്ത്യയാണെന്ന് അപ്പീല്‍ പരിഗണിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സഞ്ചാരസ്വാതന്ത്ര്യമൊരുക്കുന്നത് പോലീസിന്റെ കര്‍ത്തവ്യമാണെന്നും അത് പോലീസ് നിര്‍വഹിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ പോലീസിനെ എല്ലാ കാര്യത്തിലും കുറ്റപ്പെടുത്താന്‍ കഴിയുമെന്നും പക്ഷെ ഇക്കാര്യത്തില്‍ അവര്‍ നിസ്സഹായരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളിലെ പൊതുയോഗം മൂലം വഴി തടസപ്പെടുന്നതിലൂടെ രോഗികളെയും കൊണ്ടുവരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ പോലും വഴിയില്‍പ്പെടുക പതിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സാധാരണക്കാരന്റെ വിഷമം ആര് പരിഹരിക്കുമെന്നും കോടതി ചോദിച്ചു. രാജ്യം ഭരിക്കാന്‍ കോടതിക്കാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അപ്പീലില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ച കോടതി തുടര്‍നടപടികള്‍ രണ്ടാഴ്ചത്തേക്ക് നീട്ടി.