ബെംഗളൂരു: തങ്ങള്‍ പുറത്തിറക്കിയ ഒരു ടെക്സ്റ്റ് ബുക്കിലും മലയാളി താരം കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന വിശദീകരണവുമായി കര്‍ണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റി (കെ.ടി.ബി.എസ്).
ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്ക് തങ്ങള്‍ അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള സിനിമാ താരങ്ങളുടെയോ ചിത്രമില്ല എന്നാണ് കെ.ടി.ബി.എസ് വ്യക്തമാക്കുന്നത്.
ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ടെക്സ്റ്റ് ബുക്കില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തില്‍ പോസ്റ്റ്മാന്‍ എന്ന ജോലിക്കുനേരെ കുഞ്ചാക്കോ ബോബന്റെ ചിത്രം കൊടുത്തു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് ഇത്തരത്തില്‍ കൊടുത്തതായി വാര്‍ത്തകള്‍ വന്നത്. കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
‘മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ ടെക്‌സ്റ്റ് ബുക്കുകളും വിശദമായി പരിശോധിച്ചു. ഒരു ടെക്സ്റ്റ് ബുക്കിലും ഇത്തരത്തില്‍ ഒരു മലയാള സിനിമാ നടന്റെയും ചിത്രമില്ല,’ കെ.ടി.ബി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം സംഭവം രാഷ്ട്രീയമായും ഏറ്റെടുക്കപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കുട്ടികളുടെ പാഠപുസ്തകത്തിന്റെ ഗുണനിലവാരം പോലും തകര്‍ക്കുന്നു എന്ന ആരോപണവുമായി ബെംഗളൂരു റൂറല്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. സുരേഷ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.ടി.ബി.എസ് വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, കുഞ്ചാക്കോ ബോബന്റെ പോസ്റ്റും ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും ഇനിയും നീക്കിയിട്ടില്ല. ‘അങ്ങനെ കര്‍ണാടകയില്‍ ഗവണ്‍മെന്റ് ജോലിയും സെറ്റായി. പണ്ട് ലെറ്റര്‍ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.
CONTENT HIGHLIGHT: No state textbook shows Malayalam actor Kunchacko Boban as postman, Karnataka govt clarifies