മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും.
സെപ്റ്റംബര്‍ മൂന്നിന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഹാള്‍ ഓഫ് കോളംസിലെ (Hall of Columns) ഒരു പൊതു ചടങ്ങിന് ശേഷമായിരിക്കും ഗോര്‍ബച്ചേവിന്റെ സംസ്‌കാരം നടക്കുക. മോസ്‌കോയിലെ തന്നെ നോവോഡെവിച്ചി (Novodevichy) സെമിത്തേരിയില്‍ ഭാര്യ റൈസ ഗോര്‍ബച്ചേവയുടെ കല്ലറക്ക് സമീപമായിരിക്കും ഗോര്‍ബച്ചേവിനേയും സംസ്‌കരിക്കുക.
അതേസമയം, സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവിന് രാജ്യത്തിന്റെ മുഴുവന്‍ ബഹുമതികളോടെയുമുള്ള ഒരു സംസ്‌കാര ചടങ്ങ് നല്‍കേണ്ടെന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
2007ല്‍ അന്തരിച്ച, റഷ്യയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന ബോറിസ് യെല്‍റ്റ്‌സിന്‍ (Boris Yeltsin) അടക്കം നല്‍കിയിരുന്ന സമ്പൂര്‍ണ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങാണ് ഗോര്‍ബച്ചേവിന് ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ഗോര്‍ബച്ചേവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രസിഡന്റ് പുടിന്‍ പങ്കെടുക്കില്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളില്‍ പ്രസിഡന്റിന് പങ്കെടുക്കാനാവില്ലെന്ന് പുടിന്റെ ഓഫീസ് തന്നെയാണ് വ്യക്തമാക്കിയത്.
നേരത്തെ, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചെന്ന് പുടിന്‍ ഗോര്‍ബച്ചേവിന്റെ മൃതശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഈ ആശുപത്രിയില്‍ വെച്ചായിരുന്നു ഗോര്‍ബച്ചേവ് അന്തരിച്ചത്.
”നിര്‍ഭാഗ്യവശാല്‍, പ്രസിഡന്റിന്റെ വര്‍ക്ക് ഷെഡ്യൂള്‍ കാരണം സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹത്തിന് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ അദ്ദേഹം ഇന്ന് ഇത് ചെയ്യാന്‍ തീരുമാനിച്ചു,” കഴിഞ്ഞ ദിവസം പുടിന്റെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ഗോര്‍ബച്ചേവ് മരിച്ച് 15 മണിക്കൂറുകളോളം കഴിഞ്ഞ ശേഷമായിരുന്നു പ്രസിഡന്റ് പുടിന്‍ ഔദ്യോഗികമായി അനുശോചന സന്ദേശം പുറത്തുവിട്ടത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്കും ശീതകാല യുദ്ധത്തിന്റെ അവസാനത്തിലേക്കും വഴിവെച്ച നേതാവായി പൊതുവെ വിലയിരുത്തപ്പെടുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെ മരണത്തില്‍, പ്രസിഡന്റെന്ന രീതിയില്‍ ഔദ്യോഗികമായി പാലിക്കേണ്ട മര്യാദകള്‍ പുടിന്‍ പാലിച്ചിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
‘സോവിയറ്റ് യൂണിയന്‍ ദേശീയത’ ഉള്ളില്‍ കൊണ്ടുനടക്കുന്ന പുടിനെ പോലെ ഒരു നേതാവിന്റെയും അവിടത്തെ വലിയൊരു വിഭാഗം ജനങ്ങളുടെയും മനസില്‍ ഗോര്‍ബച്ചേവെന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴിവെച്ച ‘വെറുമൊരു നേതാവ് മാത്ര’മാണ്, എന്നാണ് ഈ പ്രവര്‍ത്തികള്‍ തെളിയിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
91കാരനായിരുന്ന ഗോര്‍ബച്ചേവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മോസ്‌കോയില്‍ വെച്ച് അന്തരിച്ചത്.
സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും പ്രസിഡന്റായിരുന്നു ഗോര്‍ബച്ചേവ്. 1985ലായിരുന്നു ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ അധികാരമേറ്റെടുത്തത്. 1991ലായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.
1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കാനും സാമ്പത്തിക ഘടനയെ വികേന്ദ്രീകരിക്കാനും ഗോര്‍ബച്ചേവ് നടത്തിയ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തലുകള്‍.
1947 മുതല്‍ 1991 വരെ നീണ്ടുനിന്ന ശീതയുദ്ധത്തിന് അറുതിയുണ്ടാക്കിയത് ഗോര്‍ബച്ചേവായിരുന്നു.
ഗോര്‍ബച്ചേവിന്റെ പല നടപടികളും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 1990ല്‍ ശീതയുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി ഗോര്‍ബച്ചേവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചിരുന്നു.
Content Highlight: No state funeral for Mikhail Gorbachev, president Vladimir Putin won’t attend the funeral | Video