ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ല; എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് ഒറ്റക്കെട്ടായെടുത്ത തീരുമാനം: വിധു വിന്‍സെന്റ്
Kerala News
ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ല; എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് ഒറ്റക്കെട്ടായെടുത്ത തീരുമാനം: വിധു വിന്‍സെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2018, 2:51 pm

തിരുവനന്തപുരം: ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ലെന്ന് സംവിധായിക വിധുവിന്‍സെന്റ്. എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് കൂട്ടായെടുത്ത തീരുമാനമാണ്. രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിന് ആശയപോരാട്ടം തുടരുമെന്നും വിധുവിന്‍സെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“എല്ലാവരും തന്നെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. എല്ലാവരും രാജിവെക്കേണ്ടതില്ലെന്ന് നമ്മള്‍ കൂട്ടാമായെടുത്ത തീരുമാനമാണ്. ഒരു സ്‌പേസിനെ ജനാധിപത്യപരമാക്കേണ്ടതില്‍ നമ്മള്‍ക്ക് കൂടി ഉത്തരവാദിത്വമുണ്ടെന്ന് വിചാരിക്കുന്നു. പ്രത്യേകിച്ച് അമ്മ പോലുള്ള സംഘടനയില്‍. അവിടെ ചിലര്‍ ഉണ്ടാവുകയും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളിലും ഭാഗബാക്കാകേണ്ടതുണ്ട്. ഒരു പക്ഷെ ഇപ്പോഴെടുത്ത തീരുമാനത്തെ പിന്‍വലിക്കാനെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ പറ്റുമോയെന്ന സാധ്യതകള്‍ അന്വേഷിക്കേണ്ടതുണ്ട്. അതിനവിടെ ചിലര്‍ നില്‍ക്കണമെന്നതില്‍ സംശയമില്ല. അതേ സമയം അമ്മയുടെ തീരുമാനത്തില്‍ കൃത്യമായ പ്രതിഷേധമുണ്ടെന്നതും അത് അമ്മയെ മാത്രമല്ല കേരള സമൂഹത്തോടും പറയണം എന്നുള്ളത് കൊണ്ടാണ് കുറച്ചു പേര്‍ രാജിവെച്ചത്.”

‘അമ്മ’യുടെ ഭാഗമായ ഒരാളുടെയും സിനിമ ഇനി കാണില്ല; ഇവരുടെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും സഹകരിക്കില്ല: ഹരീഷ് വാസുദേവന്‍

ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണു അമ്മയില്‍ നിന്ന് രാജിവെച്ചത്. “അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നടിമാര്‍ രാജിപ്രഖ്യാപിച്ചത്.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ അമ്മ ഓര്‍ത്തില്ല. തങ്ങളുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നുവെന്നും നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അഭിമുഖം: അമ്മയില്‍ നടക്കുന്നത് മാഫിയാ പ്രവര്‍ത്തനം, നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ല; ആഷിഖ് അബു സംസാരിക്കുന്നു