| Wednesday, 16th April 2014, 10:39 am

മഅദനി വിഷയത്തില്‍ പ്രത്യേക താല്‍പര്യങ്ങളില്ല- കര്‍ണാടക ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: ബംഗലൂരു സ്ഥോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചന വിഷയത്തില്‍ കര്‍ണാടകക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.

മഅദനി വിഷയത്തില്‍ പ്രത്യേക താല്‍പര്യങ്ങളില്ല. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകും- അദ്ദേഹം പറയുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ മഅദനി വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സ്വീകരിച്ചിരുന്ന നിലപാടിനേക്കാള്‍ കടുത്ത നയമാണ് സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്.

ആശുപത്രിയില്‍ ചികില്‍സ തേടുന്നതിന് വേണ്ടി മഅദനി സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷമില്‍ അദ്ദേഹത്തിന് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനും വേണ്ടി മഅദനി രോഗങ്ങള്‍ പെരുപ്പിച്ച് കാണിയ്ക്കുകയാണെന്നും മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി നിര്‍ദേശിച്ചപ്പോള്‍ നാല് തവണ മഅദനി അത് നിരസിച്ചെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

മണിപ്പാല്‍ ആശുപത്രിയില്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും ഗുരുതരമായ അസുഖങ്ങളൊന്നും കണ്ടെത്തിയില്ല എന്നും കര്‍ണാടകസത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more