'ഇന്ത്യക്ക് പ്രത്യേക പരിഗണനയൊന്നുമില്ല'; ഇന്ത്യ-കാനഡ തർക്കത്തിൽ യു.എസ്
വാഷിങ്ടൺ: ഇന്ത്യയും കാനഡയുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യു.എസ്. ഇന്ത്യക്ക് ‘പ്രത്യേക പരിഗണന’ നൽകുന്നില്ല എന്നും യു.എസ് വ്യക്തമാക്കി.
‘ഇതുപോലെയുള്ള പ്രവർത്തികൾക്ക് പ്രത്യേക പരിഗണന ലഭിക്കില്ല. രാജ്യം ഏതായാലും ഞങ്ങൾ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ നിലകൊള്ളും. നിയമനടപടികളിലും നയതന്ത്ര പ്രക്രിയകളിലും കാനഡയുമായി ചേർന്ന് നിൽക്കും,’ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുരാജ്യങ്ങൾക്കിടയിലെയും വിഷയം ഗൗരവമായാണ് തങ്ങൾ കണക്കാക്കുന്നതെന്ന് ജേക്ക് സള്ളിവൻ പറഞ്ഞു.
‘ഞങ്ങൾക്ക് ആശങ്കയുള്ള കാര്യമാണ് ഇത്. വളരെ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. ഞങ്ങൾ ഇനിയും ഇതിൽ പ്രവർത്തിക്കും,’ സള്ളിവൻ പറഞ്ഞു.
വിഷയത്തിൽ കാനഡയും യു.എസും തമ്മിൽ അകൽച്ചയുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ‘കാനഡയും യു.എസും തമ്മിൽ അകൽച്ചയുണ്ടെന്ന പ്രചാരണത്തെ ഞാൻ നിഷേധിക്കുന്നു. ആരോപണങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. അന്വേഷണം നടക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും വേണം,’ സള്ളിവൻ പറഞ്ഞു.
സംഭവത്തിൽ ഇതിനകം നടന്നതോ നടക്കാൻ പോകുന്നതോ ആയ കാര്യങ്ങളിലെ സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളിൽ ഇടപെടാൻ താനില്ലെന്നും വിഷയത്തിൽ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര വിഷയത്തിൽ പ്രസിഡന്റ് ജോ ബൈഡൻ നരേന്ദ്ര മോദിയോട് സംസാരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
അതേസമയം, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഹിന്ദുസ്ഥാനി വക്താവ് മാർഗരറ്റ് മാക്ലിയോട് ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ കാനഡയുടെ കൈയിൽ തെളിവുകളുണ്ടെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങൾ കാനഡക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്.
Content Highlight: ‘No special exemption’: US amid Canada’s terrorist killing charge against India