ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സ്വാശ്രയ നവ ഇന്ത്യയില്‍ ഇടതുപക്ഷ തീവ്രവാദത്തിനും അക്രമത്തിനും സ്ഥാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ വെച്ചായിരുന്നു ഷായുടെ പരാമര്‍ശം.
രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തോട് (എല്‍.ഡബ്ല്യു.ഇ)അസഹിഷ്ണുതയാണ് മോദി സര്‍ക്കാരിന്റെ നയമെന്നും ഷാ പറഞ്ഞു. എല്‍.ഡബ്ല്യു.ഇയെ ചെറുക്കാന്‍ രാജ്യത്ത് ത്രിതല സംവിധാനമാണ് നടത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ ഇടതുപക്ഷ തീവ്രവാദത്തെ തടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് 2022ല്‍ സിവിലിയന്മാരുടേയും സുരക്ഷാ സേന അംഗങ്ങളുടേയും മരണം 100ല്‍ താഴെയെത്തിയത്. 2010നെ അപേക്ഷിച്ച് എല്‍.ഡബ്ല്യൂ.ഇയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ 76% കുറഞ്ഞതായും ഷാ പറഞ്ഞു.
ഇടതുപക്ഷ തീവ്രവാദം ചെറുക്കാന്‍ മോദി സര്‍ക്കാര്‍ ബി.എസ്.എഫ് എയര്‍ വിങ്ങിനെ കൂടുതല്‍ ശക്തമാക്കി. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നോക്കാതെ എല്‍.ഡബ്ല്യു.ഇ ബാധിത പ്രദേശത്തെ സര്‍ക്കാരുകളുമായി മോദി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം ത്രിപുര തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി.പി.ഐ.എമ്മിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് അമിത് ഷാ രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരുമാണെന്നായിരുന്നു ഷായുടെ പരാമര്‍ശം.
ജനവിരുദ്ധമായാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതെന്നും ഷാ പറഞ്ഞിരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും സുതാര്യമായ ഭരണമാണ് പാര്‍ട്ടി കാഴ്ച്ചവെക്കുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlight: No space for left wing extremism in self reliant India says Amit shah